Asia Cup 2023 Indian Squad: ഇതുവരെ ഏകദിനം കളിക്കാത്ത തിലക് വര്‍മയും ഏകദിനത്തില്‍ വന്‍ ശോകമായ സൂര്യകുമാറും അകത്ത്; നന്നായി കളിച്ച സഞ്ജു പുറത്ത് !

രേണുക വേണു| Last Modified ചൊവ്വ, 22 ഓഗസ്റ്റ് 2023 (07:56 IST)

Asia Cup 2023: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തതില്‍ വ്യാപക വിമര്‍ശനം. ഏകദിനത്തില്‍ മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള സഞ്ജുവിനെ സ്റ്റാന്‍ഡ്‌ബൈ താരമായി മാത്രം പരിഗണിച്ചത് നീതികേടാണെന്ന് ആരാധകര്‍ പറയുന്നു. ഇഷാന്‍ കിഷന്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരേക്കാള്‍ ഏകദിനത്തില്‍ സ്ഥിരത പുലര്‍ത്തിയ താരമാണ് സഞ്ജുവെന്ന് കണക്കുകള്‍ സഹിതം ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

തിലക് വര്‍മ ഇതുവരെ ഇന്ത്യക്ക് വേണ്ടി ഏകദിനം കളിച്ചിട്ടില്ല. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ഏകദിനത്തില്‍ സഞ്ജുവിനേക്കാള്‍ താഴെയാണ്. എന്നിട്ടും സഞ്ജു സ്‌ക്വാഡില്‍ വരാത്തത് ബിസിസിഐയുടെ പക്ഷപാതിത്വമാണെന്ന് ആരാധകര്‍ വിമര്‍ശിച്ചു.

ഏകദിനത്തില്‍ 24 ഇന്നിങ്‌സുകളില്‍ നിന്ന് 24.33 ശരാശരിയില്‍ 511 റണ്‍സ് മാത്രമാണ് സൂര്യകുമാര്‍ നേടിയിരിക്കുന്നത്. 101.39 ആണ് സ്‌ട്രൈക്ക് റേറ്റ്. അര്‍ധ സെഞ്ചുറി നേടിയിരിക്കുന്നത് രണ്ട് തവണ മാത്രം. ഇഷാന്‍ കിഷന്‍ ആകട്ടെ 16 ഇന്നിങ്‌സുകളില്‍ നിന്ന് 46.27 ശരാശരിയില്‍ 694 റണ്‍സാണ് നേടിയിരിക്കുന്നത്. ഈ കണക്കുകളേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ് സഞ്ജുവിന്റെ ഏകദിനത്തിലെ പ്രകടനം.

സഞ്ജു സാംസണ്‍ 12 ഏകദിന ഇന്നിങ്‌സുകളില്‍ നിന്ന് 55.71 ശരാശരിയില്‍ 390 റണ്‍സ് നേടിയിട്ടുണ്ട്. അഞ്ച് തവണ പുറത്താകാതെ നിന്നു. മൂന്ന് അര്‍ധ സെഞ്ചുറിയും താരം ഏകദിനത്തില്‍ നേടിയിട്ടുണ്ട്. ഏകദിനത്തില്‍ മികച്ച പ്രകടനം നടത്തിയിട്ടും സെലക്ടര്‍മാര്‍ സഞ്ജുവിനെ തഴഞ്ഞെന്നാണ് ആരാധകര്‍ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :