Ashes Series: സിക്സടിച്ച് ടെസ്റ്റ് തീർക്കാമോ സക്കീർ ഭായ്ക്ക്, സ്മിത്തിന് പറ്റും , സൂപ്പർ കാമിയോ, രണ്ടാം ആഷസ് ടെസ്റ്റിലും ഇംഗ്ലണ്ട് അടപടലം

Ashes Series, Steve smith, Cricket News, Michael Neser,ആഷസ് സീരീസ്, സ്റ്റീവ് സ്മിത്ത്, ക്രിക്കറ്റ് വാർത്ത, മിച്ചൽ നെസർ
അഭിറാം മനോഹർ| Last Modified ഞായര്‍, 7 ഡിസം‌ബര്‍ 2025 (15:36 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റ് മത്സരത്തിലും ഏകപക്ഷീയമായ വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. രണ്ടാം ഇന്നിങ്ങ്‌സില്‍ ഇംഗ്ലണ്ട് മുന്നോട്ട് വെച്ച 65 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസ്‌ട്രേലിയ വെറും 10 ഓവറിലാണ് വിജയലക്ഷ്യം മറികടന്നത്. നേരത്തെ ആദ്യ ഇന്നിങ്ങ്‌സില്‍ ജോ റൂട്ടിന്റെ സെഞ്ചുറിയുടെ ബലത്തില്‍ 334 റണ്‍സെടുക്കാനായെങ്കിലും രണ്ടാം ഇന്നിങ്ങ്‌സില്‍ 241 റണ്‍സിന് ഇംഗ്ലണ്ടിന്റെ ഇന്നിങ്ങ്‌സ് അവസാനിച്ചിരുന്നു. ആദ്യ ഇന്നിങ്ങ്‌സില്‍ ഓസീസ് 511 റണ്‍സാണ് നേടിയിരുന്നത്. ഇതോടെ 65 റണ്‍സ് വിജയലക്ഷ്യം മാത്രമാണ് രണ്ടാമിന്നിങ്ങ്‌സില്‍ ഓസീസിന് മുന്നില്‍ വന്നത്.


രണ്ടാം ഇന്നിങ്ങ്‌സില്‍ ഇംഗ്ലണ്ട് നിരയില്‍ അര്‍ധസെഞ്ചുറിയുമായി നായകന്‍ ബെന്‍ സ്റ്റോക്‌സ്(50), 44 റണ്‍സെടുത്ത ഓപ്പണര്‍ സാക് ക്രോളി, 41 റണ്‍സുമായി വില്‍ ജാക്‌സ് എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. മറുപടി ബാറ്റിങ്ങില്‍ ട്രാവിസ് ഹെഡും ജേക്ക് വെതറാള്‍ഡും അക്രമണോത്സുകമായി ബാറ്റ് വീശിയെങ്കിലും നായകന്‍ സ്റ്റീവ് സ്മിത്താണ് കാമിയോ റോളിലെത്തി സ്‌കോര്‍ ചെയ്തത്. ട്രാവിസ് ഹെഡ് 22 പന്തില്‍ 22 റണ്‍സും വെതറാള്‍ഡ് 23 പന്തില്‍ 17 റണ്‍സും നേടി. 9 പന്തില്‍ 2 വീതം ബൗണ്ടറിയും സിക്‌സും സഹിതം 23 റണ്‍സാണ് സ്മിത്ത് അടിച്ചുകൂട്ടിയത്.

ഓസീസിനായി മിച്ചല്‍ നെസര്‍ 5 വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ 2 വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ ആദ്യ ഇന്നിങ്ങ്‌സില്‍ മിച്ചല്‍ സ്റ്റാര്‍ക് ഓസീസിനായി 6 വിക്കറ്റ് വീഴ്ത്തിയിരുന്നു. ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ 77 റണ്‍സും സ്റ്റാര്‍ക്ക് സ്വന്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :