അഭിറാം മനോഹർ|
Last Updated:
ഞായര്‍, 7 ഡിസംബര്‍ 2025 (10:25 IST)
അടുത്തവര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന ടി20 ലോകകപ്പിന് മുന്‍പായി ഇന്ത്യയ്ക്ക് ബാക്കിയുള്ളത് 10 ടി20 മത്സരങ്ങള്‍. ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യന്‍ ടീം തിരെഞ്ഞെടുപ്പില്‍ വരാനിരിക്കുന്ന 2 പരമ്പരകളിലെ പ്രകടനങ്ങളാകും നിര്‍ണായകമാവുക. ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെയാണ് മത്സരങ്ങള്‍ നടക്കാനുള്ളത്.
ശുഭ്മാന്‍ ഗില്‍ ഉപനായകനും ഓപ്പണറുമായി ടീമിലെത്തിയതോടെ ടോപ് ഓര്‍ഡറില്‍ മലയാളി താരം സഞ്ജു സാംസണിന്റെ അവസരം നഷ്ടമാകുമെന്ന് ഉറപ്പായിരിക്കുകയാണ്. വരാനിരിക്കുന്ന മത്സരങ്ങളിലെല്ലാം അഭിഷേക്- ഗില്‍ ജോഡിയാകും ഓപ്പണിങ്ങില്‍ ഇറങ്ങുക.ഇതില്‍ ഏതെങ്കിലും താരത്തിന് പരിക്കേറ്റാല്‍ സഞ്ജുസാംസണ് വഴി തുറന്നേക്കും. നിലവില്‍ ടോപ് ഓര്‍ഡറില്‍ അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍,സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവര്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു.
അഞ്ചാം നമ്പറിലേക്കുള്ള വിക്കറ്റ് കീപ്പര്‍/ബാറ്റര്‍ താരമായോ ജിതേഷ് ശര്‍മയ്ക്ക് ബാക്കപ്പായോ സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിച്ചേക്കും. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമായാല്‍ സ്ഥാനക്കയറ്റം നല്‍കി സഞ്ജുവിനെ കളിപ്പിക്കാനാകും എന്ന സാധ്യത ടീം മാനേജ്‌മെന്റ് പരിഗണിച്ചാല്‍ സഞ്ജു പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കും. ഫിനിഷര്‍ റോളില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരാകും ഇടം നേടുക. ഹാര്‍ദ്ദിക് തിരിച്ചെത്തിയ സാഹചര്യത്തില്‍ ഹാര്‍ദ്ദിക്കിന് ബാക്കപ്പ് ഓപ്ഷനായാകും ശിവം ദുബെ ഇടം നേടുക.
ബാറ്റ് കൊണ്ടും ബോളുകൊണ്ടും മത്സരം തിരിക്കാനാകുന്ന അക്ഷര്‍ പട്ടേലും ടീമിലിടം പിടിച്ചേക്കും.കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരാകും ടീമിന്റെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍. ഓള്‍റൗണ്ടര്‍മാരില്‍ വാഷിങ്ങ്ടണ്‍ സുന്ദറും 15 അംഗ ടീമില്‍ ഇടം പിടിച്ചേക്കും. പേസ് നിരയില്‍ ജസ്പ്രീത് ബുമ്ര, അര്‍ഷദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരും ഇടം നേടും. രണ്ടാം വിക്കറ്റ് കീപ്പറോ അല്ലെങ്കില്‍ പ്രധാനകീപ്പറോ ആയി ജിതേഷ് ശര്‍മയും ടീമിലെത്തും.
മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, യശ്വസി ജയ്‌സ്വാള്‍,റിങ്കു സിംഗ്, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ധ്രുവ് ജുറെല്‍,സായ് സുദര്‍ശന്‍ തുടങ്ങിയ താരങ്ങളെ ടി20 ഫോര്‍മാറ്റില്‍ നിലവില്‍ പരിഗണിക്കാന്‍ സാധ്യത വിരളമാണ്.