അഭിറാം മനോഹർ|
Last Modified ശനി, 6 ഡിസംബര്‍ 2025 (14:47 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്ങ്‌സില്‍ മികച്ച ലീഡുമായി ഓസ്‌ട്രേലിയ. വാലറ്റത്തെ മികച്ച പ്രകടനത്തിന്റെ മികവില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ ഒന്നാം ഇന്നിങ്ങ്‌സ് സ്‌കോറായ 334 റണ്‍സിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്ങ്‌സില്‍ 511 റണ്‍സാണ് സ്വന്തമാക്കിയത്. ഇതോടെ ആദ്യ ഇന്നിങ്ങ്‌സില്‍ 177 റണ്‍സ് ലീഡാണ് ഓസീസ് സ്വന്തമാക്കിയത്.
6 വിക്കറ്റ് നഷ്ടത്തില്‍ 378 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയക്കായി ഒന്‍പതാമതായി ഇറങ്ങിയ മിച്ചല്‍ സ്റ്റാര്‍ക്ക് നടത്തിയ പ്രകടനമാണ് ഓസീസ് സ്‌കോര്‍ 500 കടക്കാന്‍ സഹായിച്ചത്. അവസാന വിക്കറ്റില്‍ സ്‌കോട്ട് ബോളണ്ടും ചെറുത്തുനിന്നതോടെയാണ് ടീം സ്‌കോര്‍ 500 കടന്നത്. ഒന്‍പതാം വിക്കറ്റില്‍ സ്റ്റാര്‍ക്ക്- ബോളണ്ട് സഖ്യം ചേര്‍ത്തത്. ഒന്‍പതാമനായി ബാറ്റിങ്ങിനിറങ്ങിയ മിച്ചല്‍ സ്റ്റാര്‍ക്ക് 77 റണ്‍സാണ് സ്വന്തമാക്കിയത്. സ്റ്റാര്‍ക്കാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍.
141 പന്തുകളില്‍ നിന്ന് 13 ഫോര്‍ സഹിതം 77 റണ്‍സാണ് സ്റ്റാര്‍ക്ക് നേടിയത്. ബോളണ്ട് 72 പന്തുകളില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്ങ്‌സില്‍ 6 വിക്കറ്റുകള്‍ നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇംഗ്ലണ്ട് സ്‌കോര്‍ 334 റണ്‍സില്‍ ഒതുക്കിയത്. ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ഓസീസ് നിരയിലെ ടോപ് സ്‌കോററാകാനും സ്റ്റാര്‍ക്കിനായി. ഓസീസിനായി ഓപ്പണര്‍ വെതറാള്‍ഡ് 72 റണ്‍സും മാര്‍നസ് ലബുഷെയ്ന്‍ (65), സ്റ്റീവ് സ്മിത്ത്(61), അലക്‌സ് ക്യാരി(63) റണ്‍സ് വീതം നേടി.