ക്രൈസറ്റ്ചര്‍ച്ച്|
jibin|
Last Updated:
ശനി, 21 ഫെബ്രുവരി 2015 (11:14 IST)
ലോകകപ്പ് ക്രിക്കറ്റ് പൂള്‍ ബി മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പാക്കിസ്ഥാന് നാണം കെട്ട തോല്‍വി. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 311 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 39 ഓവറില്‍ 160 റണ്‍സിന് എല്ലാവരും പുറത്തായി. 150 റണ്‍സിനാണ് പാക്കിസ്ഥാന്റെ തോല്‍വി.
311 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ ഇതുവരെ നേരിടാത്ത തരത്തിലുള്ള തകര്‍ച്ചയായിരുന്നു നേരിട്ടത്. സ്‌കോര്‍ ബോര്‍ഡ് ചലിക്കുന്നതിന് മുമ്പ് തന്നെ ജെംഷാദ്
(0) കൂടാരം കയറിയതോടെ പാക് തകര്‍ച്ച തുടങ്ങുകയായിരുന്നു. തൊട്ടു പിന്നാലെ പരിചയ സമ്പന്നനായ യൂനുസ് ഖാന്‍ (0) ക്രീസിനോട് വിടപറയുകയും ചെയ്തു.
മൂന്നാം ഓവറില്‍ ഹാരിസ് സൊഹൈയില്‍ (0) വിന്‍ഡീസ് ബോളര്‍മാര്‍ക്ക് ഭീഷണി നല്‍കാതെ പുറത്തായതോടെ പാക് തകര്‍ച്ച വേഗത്തിലായി.
നാലാം ഓവറിലെ ആദ്യ പന്തില്‍ അഹമ്മദ് ഷെഹ്‌സാദും (1) പുറത്തായി. നായകന്‍ മിസ്ബാ ഉള്‍ ഹഖിനായിരുന്നു അടുത്ത ഊഴം (7).
സൊഹൈബ് മക്സൂദും(50) ഉമര്‍ അക്മലും(59) ആറാം വിക്കറ്റില്‍
കൂട്ടിച്ചേര്‍ത്ത 80 റണ്‍സാണ് പാക്കിസ്ഥാനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. സ്കോര്‍ 105ല്‍ നില്‍ക്കെ മക്സൂദ് മടങ്ങി. സമ്മിക്കായിരുന്നു വിക്കറ്റ്. 139ല്‍ എത്തിയപ്പോള്‍ ഉമര്‍ അക്മലും പുറത്ത്. റസലിന്റെ പന്തില്‍ സ്മിത്ത് ക്യാച്ചെടുത്തു. ഇരുവരും പുറത്തായ ശേഷം ഷാഹിദ് അഫ്രീദി മാത്രമെ കുറച്ചെങ്കിലും പിടിച്ചു നിന്നുള്ളൂ. വഹാബ് റിയാസ് മൂന്നും സൊഹൈല്‍ ഖാന്‍ ഒന്നും റണ്‍സെടുത്ത് പുറത്തായി. 26 പന്തില്‍ 28 റണ്‍സെടുത്ത അഫ്രീദിയെ സുലൈമാന്‍ ബെന്‍ മടക്കി. അതോടെ പാക്ക് പരാജയം സമ്പൂര്‍ണം.
അതേസമയം വെസ്‌റ്റ് ഇന്‍ഡീസ് തങ്ങളുടെ പഴയ പ്രതാപം നിലനിര്‍ത്തുന്നതായിരുന്നു ഇന്നത്തെ പ്രകടനം. ദിനേഷ് രാംദിന് (51) ലെന്‍ഡില്‍ സിമ്മണ്‍സ് (50), ഡാരന്‍ ബ്രാവോ (49 റിട്ടയര്‍ഡ് ഹര്‍ട്ട്), ഡാരന്‍ സമി (30) എന്നിവരും വിന്‍ഡീസിനുവേണ്ടി നിര്‍ണായക സംഭാവനകള്‍ നല്‍കിയപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ആന്ദ്രേ റസലായിരുന്നു വിന്‍ഡീസിന് വമ്പന്‍ സ്കോര്‍ നല്‍കിയത്. 13 പന്തില്‍ നിന്ന് 42 റണ്‍സാണ് റസല്‍ നേടിയത് (മൂന്നു ബൗണ്ടറി, നാല് സിക്‍സര്‍). ഈ ലോകകപ്പിലെ ടോപ്സ്കോറര്‍മാരുടെ പട്ടികയില്‍ ന്യൂസീലാന്‍ഡിന്റെ ബ്രണ്ടന്‍ മക്കല്ലത്തിന് പിന്നില്‍ 152 റണ്‍സോടെ സിമണ്‍സ് രണ്ടാമതെത്തി.
40 ഓവറില്‍ നാലിന് 195 റണ്‍സായിരുന്നു വെസ്റ്റിന്‍ഡീസ് സ്കോര്‍. അവസാന പത്തോവറില്‍ വെസ്റ്റിന്‍ഡീസ് അടിച്ചെടുത്തത് 115 റണ്‍സാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.