ലോകകപ്പ് ഫൈനലുകളിലെ തലതാഴ്ത്തിയുള്ള മടക്കം, ഒടുക്കം ശാപമോക്ഷം പോലെ കിരീടം : മെസ്സിയും സച്ചിനും തമ്മിൽ സാമ്യതകളേറെ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 24 ഏപ്രില്‍ 2023 (13:29 IST)
ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയെടുത്താൽ സച്ചിന് മുൻപ് തന്നെ ഇന്ത്യയ്ക്ക് സുനിൽ ഗവാക്സറും കപിൽദേവുമെല്ലാം ഇതിഹാസങ്ങളായി മുൻപ് തന്നെ രൂപം കൊണ്ട കളിക്കാരാണ്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമായി ഡോൺ ബ്രാഡ്മാനെയും വിവിയൻ റിച്ചാർഡ്സിനെയും കണക്കാക്കുന്നവരും അനവധിയാണ്. എന്നാൽ ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ചവരുടെ പട്ടികയിൽ ഇവർക്കൊപ്പം തന്നെ നിസംശയം ഇടം പിടിക്കുന്ന വ്യക്തിയാണ് സച്ചിൻ ടെൻഡുൽക്കർ.

1983ൽ ആദ്യമായി കിരീടനേട്ടം സ്വന്തമാക്കിയതിന് ശേഷം മികച്ച നിരവധി താരങ്ങളെ സൃഷ്ടിക്കാനായെങ്കിലും ഒരു ലോകകിരീടം ഇന്ത്യയ്ക്ക് അന്യം നിന്നു. 1992ലെലോകകപ്പിൽ അരങ്ങേറിയ സച്ചിനിലൂടെ ഇന്ത്യ ലോകകിരീടം സ്വന്തമാക്കുമെന്ന് ഇന്ത്യൻ ആരാധകരും പ്രതീക്ഷകൾ നെയ്തു. ഇന്ത്യ ടോപ്പ് ഫേവറേറ്റുകളായ 1996ലെ ലോകകപ്പിൽ ഈഡൻ ഗാർഡനിൽ ശ്രീലങ്കയോടെ പരാജയപ്പെട്ട് ഇന്ത്യ മടങ്ങുമ്പോൾ ഇന്ത്യൻ ആരാധകരുടെ ഹൃദയങ്ങളും തകർന്നിരിക്കണം.തുടർന്ന് പിന്നീടുണ്ടായ കോഴവിവാദത്തിൽ തകർന്നടിഞ്ഞ ഇന്ത്യൻ ടീം ഗാംഗുലിയുടെ നേതൃത്വത്തിൽ തിരികെയെത്തിയപ്പോൾ 2003 ലോകകപ്പിൽ ഫൈനൽ വരെയെത്താൻ ഇന്ത്യയ്ക്ക് സാധിച്ചു. സച്ചിൻ ഒറ്റയ്ക്ക് തന്നെയായിരുന്നു ടീമിനെ ഫൈനൽ വരെയെത്തിച്ചത്.

സമാനമായിരുന്നു അർജൻ്റീനയ്ക്ക് വേണ്ടിയുള്ള ലയണൽ മെസ്സിയെന്ന ഇതിഹാസത്തിൻ്റെയും കരിയർ. മറഡോണയുടെ നിഴലിൽ നിന്ന് 1986ന് ശേഷം ലോകകിരീടങ്ങളില്ലെന്ന പേരുദോഷം മാറ്റാൻ അർജൻ്റൈൻ ജനത എല്ലാ പ്രതീക്ഷകളും വെച്ചത് ലയണൽ മെസ്സിയായിരുന്നു. 2006 ലോകകപ്പിൽ അരങ്ങേറിയ മെസ്സിയ്ക്ക് ലോകകപ്പിൽ 2014വരെ കാര്യമായൊന്നും ചെയ്യാനായില്ല. 2014 ലോകകപ്പിൽ ടീമിനെ ചുമലിലേറ്റിയ മെസ്സി അർജൻ്റീനയെ ഫൈനൽ വരെ എത്തിച്ചു. എന്നാൽ സച്ചിനെ പോലെ മെസ്സിക്കും ഫൈനൽ മത്സരത്തിൽ തലതാഴ്ത്തി മടങ്ങാനായിരുന്നു യോഗം.

എന്നാൽ ചില ജന്മങ്ങൾക്ക് ചില നിയോഗങ്ങളുണ്ടല്ലോ. 2007ലെ ലോകകപ്പിൽ ഇന്ത്യയും 2018ലെ ലോകകപ്പിൽ അർജൻ്റീനയും നാണം കെട്ടാണ് ലോകകപ്പിൽ നിന്നും പുറത്തായത്. എന്നാൽ 2011 ആകുമ്പോൾ സച്ചിന് വേണ്ടി ലോകകപ്പ് സ്വന്തമാക്കിയെ തീരുവെന്ന വാശിയുള്ള ഒരു കൂട്ടം യുവതാരങ്ങൾ ഇന്ത്യയ്ക്ക്ക് വേണ്ടിയും 2022ൽ മെസ്സിക്കായി എന്തും ചെയ്യാൻ തയ്യാറുള്ള കൂട്ടം അർജൻ്റീനയിലും ഉയർന്നുവന്നു എന്നത് യാദൃശ്ചികതയാകാം.


ഒരു കായിക ഇനത്തിലെ രാജാവായ താരത്തെ കിരീടമണിയിക്കാതെ തിരിച്ചയക്കാൻ ഏത് ദൈവത്തിനാണ് സാധിക്കുക. ക്രിക്കറ്റിൻ്റെ രാജാവ് സച്ചിനായിരുന്നെങ്കിൽ ഫുട്ബോളിനത് ലയണൽ മെസ്സിയായിരുന്നു. 2011ൽ അതുവരെയുള്ള അഞ്ച് ലോകകപ്പുകളിൽ പരാജിതനായ സച്ചിൻ ലോകകപ്പ് ഉയർത്തി ലോകത്തിൻ്റെ നേരെ തലയുയർത്തിയപ്പോൾ ഏതാണ്ട് സമാനമായ കരിയർ തന്നെ മെസ്സിയ്ക്കും ദൈവം കാത്തുവെച്ചു. വിശ്വകിരീടം സ്വന്തമാക്കാൻ മെസ്സിക്കും 5 ലോകകപ്പുകൾ കാത്തിരിക്കേണ്ടതായി വന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :