ബാറ്റ് കൊണ്ട് കവിത രചിക്കുന്ന സച്ചിന്‍ പേനയെടുത്ത് കവിത എഴുതുന്നു

മും‌ബൈ| WEBDUNIA|
PTI
PTI
കളിക്കളത്തില്‍ ചീറിപാഞ്ഞ് വരുന്ന പന്തുകളെയും കുത്തിതിരിഞ്ഞ് കബളിപ്പിക്കാന്‍ ശ്രമിക്കുന്ന പന്തുകളെയും ബാറ്റ് കൊണ്ട് തഴുകി രചിക്കുന്ന മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍‌ണ്ടുല്‍ക്കര്‍ ഇനി പേനയെടുത്ത് കവിത എഴുതാന്‍ ഒരുങ്ങുകയാണ്. സമൂഹത്തിന്റെ ഉന്നമനത്തിനായി പീഡനത്തിനും വര്‍ണ്ണ വിവേചനത്തിനും എതിരെയാണ് സച്ചിന്‍ കവിത എഴുതുന്നത്.

മറാത്തി ഭാഷയിലാണ് സച്ചിന്‍ കവിത രചിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള പീഡനത്തിനും വിവേചനത്തിനും എതിരേ ഫര്‍ഹാന്‍ അക്തര്‍ ഒരുക്കുന്ന മര്‍ദ് (മെന്‍ എഗെയ്ന്‍സ്റ്റ് റേപ് ആന്റ് ഡിസ്‌ക്രിമിനേഷന്‍) എന്ന സംഘടനയുടെ പ്രചരണത്തിന്റെ ഭാഗമായിട്ടാണ് സച്ചിന്‍ കവിത രചിക്കാന്‍ ഒരുങ്ങുന്നത്.

ഫര്‍ഹാന്‍ അക്തറും സുഹൃത്ത് അതുല്‍ കസ്‌ബേക്കറും മുന്‍ കൈയ്യെടുത്താണ് ‘മര്‍ദ്‘ന്റെ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി ചില കവിതകള്‍ സച്ചിന്‍ മറാത്തിയിലേക്ക് തര്‍ജ്ജിമ ചെയ്‌തേക്കുമെന്നാണ് അറിയുന്നത്.

സച്ചിന്റെ പിതാവ് രമേഷ് ടെന്‍‌ണ്ടുല്‍ക്കര്‍ മറാത്തി ഭാഷയിലെ അറിയപ്പെടുന്ന കവിയായിരുന്നു. അച്ഛന്റെ പാത പിന്തുടരുന്ന സച്ചിനില്‍ നല്ലൊരു കവിയുണ്ടെന്നാണ് ആരാധകരും വിശ്വസിക്കുന്നത്. അതുകൊണ്ടാണ് സച്ചിന്‍ പന്തുകളെ അതിര്‍ത്തിയിലേക്ക് പറത്തുമ്പോള്‍ നല്ലൊരു കവിതയുടെ വശ്യത കാണുന്നതെന്ന് പല പ്രമുഖരും പറഞ്ഞിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :