വിവാദ കവിത, എഡിജിപി ബി സന്ധ്യക്ക് ചീഫ് സെക്രട്ടറി വക താക്കീത്

തിരുവനന്തപുരം| WEBDUNIA|
PRO
എനിക്ക് ഇങ്ങനെയേ ആവാന്‍ കഴിയു’ എന്ന വിവാദ കവിതയെഴുതിയ എഡി‌ജി‌പി ബി സന്ധ്യക്ക് സര്‍ക്കാരിന്റെ വക താക്കീത്. കേരള ചീഫ് സെക്രട്ടറി ഭരത് ഭൂഷണാണ് ബി സന്ധ്യക്ക് താക്കീത് നല്‍കിയത്. സാഹിത്യ സൃഷ്ടികളില്‍ ജാഗ്രത പാലിക്കണമെന്നാണ് അദ്ദേഹം എഡിജിപിയോട് ആവശ്യപ്പെട്ടത്. ബി സന്ധ്യയുടെ കവിത വന്‍ വിവാദമുയര്‍ത്തിയിരുന്നു.

ഒരു വാരികയില്‍ ബി. സന്ധ്യ ‘എനിക്ക് ഇങ്ങനെയേ ആവാന്‍ കഴിയൂ’ എന്ന പേരിലെഴുതിയ കവിതയാണ് വിവാദമായത്. ‘ഒരു നാവുണ്‌ടെന്ന് കരുതി ആര്‍ക്കെതിരേയും ഇല്ലാത്തതു ചൊല്ലി വല്ലാത്ത പൂരപ്പാട്ടു പാടാന്‍ നീയെന്താ പത്രമെഴുത്തു തൊഴിലാളിയോ’ എന്നാണ് കവിതയുടെ തുടക്കം.

‘രണ്ടു കാലുണ്‌ടെന്ന് കരുതി ആരെയും കാലുവാരാന്‍ കുതികാല്‍ വെട്ടാന്‍ നീയെന്താ രാഷ്ട്രീയക്കാരനോ’ രാഷ്ട്രീയക്കാരനെതിരായ ആക്ഷേപം ഇങ്ങനെ പോകുന്നു. ദൃശ്യമാധ്യമപ്രവര്‍ത്തകരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും രൂക്ഷമായാണ് കവിതയില്‍ ആക്ഷേപിക്കുന്നത്. കവിത പ്രസിദ്ധീകരിച്ചതോടെ വിവിധ മേഖലകളില്‍ വന്‍ ചര്‍ച്ചയായി മാറിയിരുന്നു.

സാഹിത്യ സൃഷ്ടിയെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ലെന്ന് എഡി‌ജി‌പി നേരത്തെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരെയും രാഷ്ട്രീയക്കാരെയും ആക്ഷേപിച്ച് കവിതയെഴുതിയ സന്ധ്യയോടു ഡിജിപി വിശദീകരണം തേടുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :