ട്വന്‍റി-20 ലോകകപ്പ്: ടീം ഇന്ത്യ ഇന്ന് തിരിക്കും

മുംബൈ| WEBDUNIA| Last Modified വെള്ളി, 29 മെയ് 2009 (10:10 IST)
ജൂണ്‍ അഞ്ചു മുതല്‍ ഇംഗ്ലണ്ടില്‍ തുടങ്ങുന്ന രണ്ടാമത് ട്വന്‍റി-20 ലോകകപ്പിനായി ഇന്ത്യ ഇന്ന് യാത്രത്തിരിക്കും. അതേസമയം, പരിക്കിന്‍റെ പിടിയിലായ പേസ് ബൌളര്‍ സഹീര്‍ഖാനും ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐ പി എല്‍ ടൂര്‍ണമെന്‍റില്‍ കളിക്കുന്നതിനിടെയാണ് മുംബൈ ഇന്ത്യന്‍സ് താരം സഹീര്‍ഖാന് പരിക്കേറ്റത്. ഇതേത്തുടര്‍ന്ന് ട്വന്‍റി-20 ലോകകപ്പില്‍ സഹീര്‍ കളിക്കുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും ബി സി സി ഐ അതെല്ലാം തള്ളുകയായിരുന്നു.

രണ്ട് വര്‍ഷം മുമ്പ് ദക്ഷിണാഫ്രിക്കയില്‍ നടന്ന ആദ്യ ട്വന്‍റി-20 ലോകകപ്പിലെ ചാമ്പ്യന്‍‌മാര്‍ കൂടിയാണ് ഇന്ത്യ. അടുത്തിടെ നടന്ന ശ്രീലങ്ക, ന്യൂസിലാന്‍ഡ് പര്യടങ്ങളില്‍ മികച്ച പ്രകടമാണ് ഇന്ത്യ കാഴ്ച വച്ചിരുന്നത്. ഇതിനാല്‍ തന്നെ ഒരിക്കല്‍ കൂടി ട്വന്‍റി-20 ലോകകപ്പ് നേടാന്‍ ഇന്ത്യക്കാകുമെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. ട്വന്‍റി-20 ലോകകപ്പുമായി ഇന്ത്യ ഒരിക്കല്‍ കൂടി തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ അഭിപ്രായപ്പെട്ടു.

ട്വന്‍റി-20 ലോകകപ്പ് നേടാന്‍ നിലവില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ടീം ഇന്ത്യയാണെന്നാണ് ഇംഗ്ലണ്ട് ഓള്‍ റൌണ്ടര്‍ ആന്‍ഡ്രൂ ഫ്ലിന്‍റോഫ് പറഞ്ഞത്. ദക്ഷിണാഫ്രിക്കയില്‍ നടന്ന രണ്ടാം ഐ പി എല്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വച്ചിരുന്നത്. ബാറ്റിംഗില്‍ സുരേഷ് റൈനയും നായകന്‍ ധോണിയും രോഹിത് ശര്‍മയും മികച്ച ഫോമിലാണ്. ബൌളിംഗില്‍ ഇര്‍ഫാന്‍ പത്താനും ആര്‍ പി സിംഗും ചേരുമ്പോള്‍ ബൌളിംഗ് നിര ശക്തമാകും. ജൂണ്‍ ആറിന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :