ഇം‌ഗ്ലണ്ടിനെ കോളിംഗ്‌വുഡ് നയിച്ചേക്കും

ലണ്ടന്‍| WEBDUNIA|
ട്വന്‍റി-20 ലോകകപ്പില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ നയിക്കാന്‍ പോള്‍ കോളിംഗ്‌വുഡിന് നറുക്ക് വീണേക്കും. ഏകദിന ടീമിന്‍റെ മുന്‍‌നായകന്‍ എന്ന അനുഭവസമ്പത്താണ് കോളിക്ക് തുണയാകുക. ട്വന്‍റി-20 സ്ക്വാഡില്‍ നിന്ന് നിലവിലെ ഏകദിന-ടെസ്റ്റ് ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്ട്രോസിനെ ഇംഗ്ലണ്ട് ഒഴിവാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പകരക്കാരനേ തേടേണ്ടി വന്നത്.

ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയുമോയെന്ന് നേരത്തെ ബോര്‍ഡ് കോളിംഗ്‌വുഡിനോട് ചോദിച്ചിരുന്നു. എന്നാല്‍ അന്ന് കാര്യമായി പ്രതികരിക്കാഞ്ഞ കോളി പിന്നീട് തീരുമാനം മാറ്റിയെന്നാണ് വിവരം. ഒന്നും നിഷേധിക്കുന്നില്ലെന്നായിരുന്നു ഇത് സംബന്ധിച്ച ഒരു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് കോളിംഗ്‌വുഡ് നല്‍കിയ മറുപടി.

പുതിയ കോച്ചിനെ നിയമിച്ച ശേഷം അദ്ദേഹത്തിന്‍റെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം മാത്രമേ ക്യാപ്റ്റനെ തീരുമാനിക്കൂവെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയ്‌ല്‍‌സ് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആന്‍ഡ്രൂ സ്ട്രോസിന്‍റെ കളി ഏകദിനങ്ങള്‍ക്കും ടെസ്റ്റിനും മാത്രമാണ് ഉചിതമെന്ന് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തെ സെലക്ടര്‍മാര്‍ സാധ്യതാപട്ടികയില്‍ നിന്നും ഒഴിവാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :