ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയിലേക്കില്ല

സിഡ്‌നി| WEBDUNIA|
ഡേവിസ്‌ കപ്പ്‌ ടെന്നീസ് മത്സരത്തിനായി ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയിലേക്ക്‌ വരില്ലെന്ന്‌ ടെന്നീസ്‌ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. സുരക്ഷാ ആശങ്ക മുന്‍‌നിര്‍ത്തിയാണ് തീരുമാനം. വേദി മാറ്റണമെന്ന ഓസ്ട്രേലിയയുടെ ആ‍വശ്യം അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ നേരത്തെ നിരാകരിച്ചിരുന്നു.

ഏഷ്യ - ഓഷ്യാനിയ ഗ്രൂപ്പ്‌ 1ലെ മൂന്നാം റൗണ്ട് മത്സരത്തിലാണ് ഇരു രാജ്യങ്ങളും ഏറ്റുമുറ്റേണ്ടിയിരുന്നത്. മത്സരം മേയ്‌ എട്ടുമുതല്‍ പത്തുവരെ ചെന്നൈയില്‍ നടത്താനാണ്‌ നിശ്‌ചയിച്ചിരുന്നത്‌.

സുരക്ഷാ കാരണങ്ങളാല്‍ വേദി മാറ്റണമെന്ന് ടെന്നീസ് ഓസ്ട്രേലിയ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഐടി‌എഫിന്‍റെ സുരക്ഷാ ഏജന്‍സി പരിശോധന നടത്തി പ്രശ്നങ്ങളില്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ആവശ്യം അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ നിരാകരിക്കുകയായിരുന്നു.

മത്സരത്തില്‍ നിന്ന് പിന്‍‌മാറാനുള്ള തീരുമാനം ഓസ്‌ട്രേലിയന്‍ ടെന്നീസ് ടീമിന് ഒരു വര്‍ഷത്തെ വിലക്ക് വരെ നേടിക്കൊടുക്കാം. സുരക്ഷാഭീഷണിയുള്ള ഇന്ത്യയിലേക്ക് ടീമിനെ അയക്കുന്നത് നിരുത്തരവാദപരമെന്ന് തോന്നിയതിനാലാണ് കടുത്ത തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരായതെന്ന് ടെന്നീസ് ഓസ്ട്രേലിയ പ്രസിഡന്‍റ് ജെഫ് പൊളാര്‍ഡ് പറഞ്ഞു.

ഓസ്ട്രേലിയന്‍ താരങ്ങളായ ലെയ്‌ട്ടണ്‍ ഹെവിറ്റും ക്രിസ് ഗൂകീയോണും ഇന്ത്യയിലേക്ക് വരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :