ഐപി‌എല്‍ ഫിറ്റ്നസിനെ ബാധിക്കില്ല: ഫ്ലിന്‍റോഫ്

ലണ്ടന്‍| WEBDUNIA| Last Modified തിങ്കള്‍, 13 ഏപ്രില്‍ 2009 (10:41 IST)
ഐപി‌എല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത് തന്‍റെ ഫിറ്റ്നസിനെ ബാധിക്കില്ലെന്ന് ഇംഗ്ലണ്ട് ഓള്‍‌റൌണ്ടര്‍ ആന്‍ഡ്രൂ ഫ്ലിന്‍റോഫ് പറഞ്ഞു. ഇടുപ്പിന് പരുക്കേറ്റിരുന്ന ഫ്ലിന്‍റോഫിനെ ഐപി‌എല്‍ മത്സരങ്ങള്‍ക്ക് വിട്ടുനല്‍കിയാല്‍ ആഷസ് പരമ്പരയില്‍ അദ്ദേഹത്തിന്‍റെ പ്രകടനത്തെ ബാധിക്കുമെന്ന് വാദമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഫ്ലിന്‍റോഫിന്‍റെ പ്രതികരണം.

പരുക്ക് മൂലം തനിക്ക് ഇതിനോടകം തന്നെ ഒരുപാട് മത്സരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ ഫ്ലിന്‍റോഫ് ഇനിയും ഇത്തരത്തില്‍ ടൂര്‍ണ്ണമെന്‍റുകള്‍ നഷ്ടപ്പെടുത്താനില്ലെന്നും പറഞ്ഞു. കുറച്ച് ട്വന്‍റി-20 കളില്‍ മാത്രമേ താന്‍ പങ്കെടുത്തിട്ടുള്ളു. ഇനിയും കൂടുതന്‍ ട്വന്‍റി-20 കളില്‍ കളിക്കാനാണ് തനിക്ക് താല്‍‌‌പര്യമെന്നും ഫ്ലിന്‍റോഫ് കൂട്ടിച്ചേര്‍ത്തു.

ഐപി‌എല്ലിലെ ഏറ്റവും വിലകൂടിയ വിദേശതാരമാണ് ഫ്ലിന്‍റോഫ്. 1.55 മില്യന്‍ യു‌എസ് ഡോളറിനാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ഫ്ലിന്‍റോഫിനെ സ്വന്തമാക്കിയത്. ഫിറ്റ്നസ് പൂര്‍ണ്ണമായും വീണ്ടെടുക്കാന്‍ താന്‍ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും ഫ്ലിന്‍റോഫ് പറഞ്ഞു.

ഇംഗ്ലണ്ടിന്‍റെ അഭിമാനപ്പോരാ‍ട്ടമാണ് ആഷസ് പരമ്പര. ഇംഗ്ലണ്ട് ക്രിക്കറ്റ് വെല്ലുവിളികള്‍ നേരിടുന്ന ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഫ്ലിന്‍റോഫ് കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :