ഇംഗ്ലണ്ടിന് ജയം; പരമ്പര

ബെര്‍മിംഗ്‌ഹാം| WEBDUNIA|
ബംഗ്ലാദേശിനെതിരായ ഏകദിന ഇംഗ്ലണ്ട് സ്വന്തമാക്കി. മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ രണ്ട് ജയം ഇംഗ്ലണ്ട് നേടി. കഴിഞ്ഞ ദിവസം നടന്ന മൂന്നാം മത്സരത്തില്‍ 144 റണ്‍സിനാണ് ഇംഗ്ലണ്ട് വിജയിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത അമ്പത് ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 203 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. സെഞ്ച്വറി നേടിയ സ്ട്രോസിന്റെയും ട്രോറ്റിന്റെയും മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.

140 പന്തില്‍ നിന്ന് 154 റണ്‍സ് നേടിയ സ്ട്രോസ് അഞ്ച് സിക്സറുകള്‍ പറത്തി. 121 പന്തില്‍ നിന്നാണ് ട്രോറ്റ് 110 റണ്‍സ് നേടിയത്. തുടക്കത്തില്‍ തന്നെ ഓപ്പണര്‍ കൈസ്‌വെറ്ററെ പൂജ്യത്തിന് നഷ്ടമായെങ്കിലും പിന്നീട് പടുത്തുയര്‍ത്തിയ കൂട്ടുക്കെട്ട് റണ്‍സ് ഉയര്‍ത്തുകയായിരുന്നു. ബൊപ്പാര പുറത്താകാതെ 45 റണ്‍സെടുത്തു അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്തി. ബംഗ്ലാദേശിന് വേണ്ടി മൊര്‍ത്താസ മൂന്നും സഫീഹുല്‍ ഇസ്ലാമും റബല്‍ ഹുസൈനും രണ്ട് വിക്കറ്റ് വീതവും നേടി.

കൂറ്റന്‍ സ്കോര്‍ മുന്നില്‍ കണ്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് തുടക്കത്തില്‍ തന്നെ തകരുകയായിരുന്നു. 42 റണ്‍സെടുത്ത മുഹമ്മദുല്ല ഒഴികെ ആരും മികച്ച ബാറ്റിംഗ് നടത്തിയില്ല. ഇംഗ്ലണ്ടിന് വേണ്ടി രവി ബൊപ്പാര നാലു വിക്കറ്റും സഹ്സാദ് രണ്ടും വിക്കറ്റ് നേടി. കളിയിലെയും പരമ്പരയുടെയും താരമായി സ്ട്രോസിനെ തെരഞ്ഞെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :