തോറ്റിട്ടും ജപ്പാന് അഭിനന്ദനം

ടോക്കിയോ| WEBDUNIA| Last Modified ബുധന്‍, 30 ജൂണ്‍ 2010 (12:13 IST)
ലോകകപ്പിലെ അവസാന ഏഷ്യന്‍ പ്രതീക്ഷയായിരുന്ന ജപ്പാന് തോറ്റിട്ടും അഭിനന്ദന പ്രവാഹം. പരഗ്വേയ്ക്കെതിരെ മികച്ച പോരാട്ടം നടത്തിയ ജപ്പാനെ പ്രധാനമന്ത്രി നവാതോ കാന്‍ അഭിനന്ദിച്ചു. നിശ്ചിത, അധിക സമയത്തും ഗോളടിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ ഷൂട്ടൌട്ടിലാണ് ജപ്പാന്‍ പരാജയപ്പെട്ടത്.

അവര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ലോകകപ്പില്‍ നല്ലൊരു ടീമായി കളിക്കാന്‍ ജപ്പാന് സാധിച്ചെന്നും ഇതിനായി പ്രവര്‍ത്തിച്ച ടീമംഗങ്ങളെയും പിന്നണി പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പ്രതീക്ഷകള്‍ക്ക് അപ്പുറമാണ് ടീം കളിച്ചതെന്നും ലോകത്തെ മികച്ച ടീമുകളിലൊന്നായ പരഗ്വേയെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചു നിര്‍ത്താനായത് കളിക്കാരുടെ മികവ് കൊണ്ട് മാത്രമാണെന്നും ജാ‍പ്പനീസ് പ്രധാനമന്ത്രി പറഞ്ഞു.

ഷൂട്ടൌട്ടില്‍ ജപ്പാന്റെ മൂന്നാമത്തെ കിക്കെടുത്ത കൊമാനോയുടെ അടി ബാറിനു മുകളിലൂടെ പോയത് ലോകകപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാന്റെ പ്രതീക്ഷകളും കൊണ്ടായിരുന്നു. ഷൂട്ടൗട്ടില്‍ പിഴവില്ലാതെ പന്തടിച്ച ലാറ്റിനമേരിക്കക്കാര്‍ ജപ്പാന്‍ ഗോളി കവാഷിമയെ കാഴ്ചക്കാരനാക്കി നിര്‍ത്തി സാധ്യമാക്കിയത് ചരിത്രത്തിലാദ്യമായി ടീമിന് ക്വാര്‍ട്ടര്‍ പ്രവേശനവുമായിരുന്നു. എഡ്ഗാര്‍ ബാരറ്റോ, ലൂക്കാസ് ബാരിയോസ്, ക്രിസ്റ്റിയന്‍ റിവറോസ്, നെല്‍സണ്‍ വാള്‍ഡസ്, കാര്‍ഡോസോ എന്നിവര്‍ പരഗ്വേക്കുവേണ്ടി ഗോള്‍ നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :