ഒരാളിൽ വ്യത്യസ്‌തമായ വാക്‌സിൻ ഡോസുകൾ കുത്തിവെച്ചാൽ എന്ത് സംഭവിക്കും? പഠനഫലം പുറത്ത്

അഭിറാം മനോഹർ| Last Modified വ്യാഴം, 13 മെയ് 2021 (15:57 IST)
കൊവിഡ് വാക്‌സിനുകൾ ആവശ്യത്തിന് തികയാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്. ഒരു ഡോസ് വാക്‌സിൻ എടുത്തവർ നിർബന്ധമായും അതേ വാക്‌സിന്റെ രണ്ടാം ഡോസ് തന്നെയായിരിക്കണം എടുക്കേണ്ടത് എന്നതാണ് നിർദേശം. ഇതിനിടെയിൽ രണ്ടാം ഡോസ് മറ്റേതെങ്കിലും വാക്‌സിൻ സ്വീകരിച്ചാൽ പ്രശ്‌നമുണ്ടോ എന്നത് പലയിടത്ത് നിന്നും ഉയർന്ന ചോദ്യമാണ്. രണ്ടാം ഡോസ് മറ്റ് വാക്‌സിനാണ് സ്വീകരിച്ചതെങ്കിൽ എന്ത് സംഭവിക്കും എന്ന ആകാംക്ഷയും ജനങ്ങൾക്കിടയിലുണ്ട്.

ഇപ്പോളിതാ ഒരു വ്യക്തിക്ക് ആദ്യ ഡോസും രണ്ടാം ഡോസും രണ്ട് വ്യത്യസ്ത വാക്സിനുകളാണെങ്കിൽ അതിന്റെ ഫലം എന്തായിരിക്കുമെന്നത് സംബധിച്ച ആദ്യഘട്ട പഠനങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഫ്രാൻസിൽ നടത്തിയ പരീക്ഷണത്തിൽ ഇത്തരത്തിൽ വാക്സിൻ കൂട്ടിക്കലർത്തി ഉപയോ​ഗിക്കുന്നത് ഹ്രസ്വകാലത്തേക്ക് ചെറിയതോതിൽ, അതായത് ​ഗുരുതരമല്ലാത്ത പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്നാണ് പറയുന്നത്.

ഫ്രാൻസിൽ നടത്തിയ പരീക്ഷണത്തിൽ ആദ്യ ഡോസ് ആസ്ട്രസെനക്കയും രണ്ടാം ഡോസ് ഫെെസർ വാക്സിനുമാണ് കുത്തിവെച്ചത്. ഇവരിൽ തലവേദന, ക്ഷീണം തുടങ്ങിയ ഹ്രസ്വകാല പാർശ്വഫലങ്ങൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഓക്സ്ഫഡ് സർവകലാശാലയിൽ നിന്നുള്ള ​ഗവേഷകരാണ് ഇക്കാര്യം ദ ലാൻസറ്റ് മെഡിക്കൽ ജേണലിൽ റിപ്പോർട്ട് ചെയ്തത്.

അമ്പതിന് മുകളിൽ പ്രായമുള്ളവരാണ് പഠനത്തിൽ പങ്കെടുത്തത്. കൂട്ടിക്കലർത്തിയ വാക്സിൻ ഡോസുകൾ സ്വീകരിച്ചവരിൽ പത്ത് ശതമാനത്തിനാണ് കടുത്ത ക്ഷീണവും മറ്റും റിപ്പോർട്ട് ചെയ്‌തത്. അതേസമയം എത്രത്തോളം പ്രതിരോധശേഷി ഇത്തരത്തിൽ കൂട്ടിക്കലർത്തിയ വാക്സിനുകൾക്ക് നൽകാനാവുമെന്ന് കണ്ടെത്താനായിട്ടില്ലെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :