അഭിറാം മനോഹർ|
Last Modified വെള്ളി, 26 മെയ് 2023 (13:16 IST)
ലോകത്തിന് ആശങ്കയുയര്‍ത്തി ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമായതായി റിപ്പോര്‍ട്ട്. കൊവിഡ് 19 ആദ്യമായി സ്ഥിരീകരിച്ചത് ചൈനയിലായിരുന്നെങ്കിലും രോഗവ്യാപനം തടഞ്ഞുനിര്‍ത്താന്‍ ചൈനയ്ക്ക് സാധിച്ചിരുന്നു. തുടര്‍ന്ന് മറ്റ് രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ചപ്പോഴും വ്യാപനമിലാതെ
ചൈന പിടിച്ചുനിന്നിരുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം കെട്ടടങ്ങിയതോടെ കൊവിഡ് നിയന്ത്രണങ്ങള്‍ ചൈന പെട്ടെന്ന് പിന്‍വലിക്കുകയും ഇത് വീണ്ടും വലിയ തോതില്‍ കൊവിഡ് വ്യാപനം ഉണ്ടാക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ വീണ്ടും ചൈനയില്‍ ശക്തമായ കൊവിഡ് തരംഗം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. നിലവില്‍ രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാണെന്നും ജൂണില്‍ ശക്തമാകുമെന്ന് കരുതുന്ന തരംഗത്തില്‍ ലക്ഷക്കണക്കിന് കേസുകള്‍ വന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. XXB ഒമിക്രോണ്‍ വകഭേദങ്ങളാണ് ചൈനയിലെ കൊവിഡ് കേസുകള്‍ വര്‍ധിപ്പിക്കുന്നത്. ഇതിനെതിരെ ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ചൈന. എന്നാല്‍ രോഗതീവ്രത ആശങ്കപ്പെടാനുള്ള തോതില്‍ ഇല്ലാത്തതിനാല്‍ നിലവിലെ സ്ഥിതിയില്‍ ആശങ്ക വേണ്ടെന്ന് പല വിദഗ്ധരും പറയുന്നു. അതേസമയം യുഎസിലും കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. പുതിയ വകഭേദങ്ങള്‍ യുഎസിലും പുതിയ തരംഗത്തിന് കാരണമായേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.