ശ്രീനു എസ്|
Last Updated:
ബുധന്‍, 12 മെയ് 2021 (19:15 IST)
വാണിജ്യവും നിക്ഷേപവുമായി ബന്ധപ്പെട്ട് സന്തുലിതവും, ഇരുപക്ഷത്തിനും പ്രയോജനപ്രദവുമായ കരാറുകളിലേര്‍പ്പെടുന്നതിലാണ് ഇന്ത്യക്ക് കൂടുതല്‍ താത്പര്യമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയല്‍ പറഞ്ഞു. ഇന്ത്യ, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ ജനങ്ങളുടെ അഭിവൃദ്ധിക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും ഉതകുന്ന വാണിജ്യ, നിക്ഷേപ ചര്‍ച്ചകളും സാധ്യതകളുമാണ്
ഇന്ത്യ ഉറ്റു നോക്കുന്നതെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബല്‍ ട്രേഡ് ഔട്ട്ലുക്ക് സമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
ആഗോള വിതരണ ശൃംഖലയുടെ അവിഭാജ്യ ഘടകമാകാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് കോവിഡ്-19 മഹാമാരിയെ പരാമര്‍ശിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. വിലയേറിയ ജീവനുകള്‍ രക്ഷിക്കാന്‍ പിന്തുണ ആവശ്യമായ രാജ്യങ്ങളിലേക്ക് അടിയന്തിരമായി കോവിഡ് അനുബന്ധ ആരോഗ്യ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ രാജ്യങ്ങള്‍ സൗകര്യമൊരുക്കണമെന്ന് ശ്രീ ഗോയല്‍ ആവശ്യപ്പെട്ടു. ലോകരാജ്യങ്ങള്‍ ഇന്ത്യക്ക് നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. വാക്സിനുകളുടെ കാര്യത്തില്‍ ഉദാരമായ പങ്കിടല്‍ കൂടുതല്‍ പ്രസക്തമാണെന്ന് ശ്രീ ഗോയല്‍ പറഞ്ഞു. ആവശ്യമുള്ളവരുമായി കോവിഡ് വാക്‌സിനുകള്‍ ഉദാരമായി പങ്കിടുന്നതിന് വേണ്ട ആഗോള ഐക്യദാര്‍ഢ്യമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.