കോവിഡ് വ്യാപനം തടയാന്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനം തുടരണം: മന്ത്രി കെ. കെ ശൈലജ ടീച്ചര്‍

എ കെ ജെ അയ്യര്‍| Last Updated: വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (12:58 IST)
കോവിഡ് വ്യാപനം തടയാന്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനം തുടരണമെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ജില്ലയിലെ മലബാര്‍ മെഡിക്കല്‍ കോളേജ്, കെ. എം. സി. ടി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ കോവിഡ് ആശുപത്രികളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

എ, ബി, സി വിഭാഗങ്ങളായി തിരിച്ചാണ്
കോവിഡ് ബാധിതര്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കുന്നത്. എ കാറ്റഗറിയിലുള്ള ആളുകളെ ഫസ്റ്റ്‌ലൈന്‍
ചികിത്സകേന്ദ്രങ്ങളിലും സി
കാറ്റഗറിയിലുള്ള ആളുകളെ മെഡിക്കല്‍ കോളേജിലുമാണ് പ്രവേശിപ്പിക്കുന്നത്. ബി കാറ്റഗറിയിലുള്ളവരെ പ്രവേശിപ്പിക്കുമ്പോള്‍
മെഡിക്കല്‍ കോളേജിലുണ്ടാകുന്ന തിരക്കൊഴിവാക്കാനാണ് സെക്കന്‍ഡറി ചികിത്സ കേന്ദ്രം എന്ന നിലയില്‍
കോവിഡ്
ആശുപത്രികള്‍ ഒരുക്കിയിരിക്കുന്നത്. എ കാറ്റഗറിയിലുള്ള ആളുകള്‍ക്ക് വീടുകളില്‍ തന്നെ ചികിത്സ നല്‍കാന്‍ സാധിക്കും.
ടെലിമെഡിസിന്‍ സൗകര്യമൊരുക്കി കൃത്യതയോടുകൂടി മാത്രമേ ഇത് ചെയ്യാന്‍ പാടുള്ളു.


മെഡിക്കല്‍ ടീമുമായി നിരന്തരമായ ബന്ധവും ഇക്കാര്യത്തില്‍ ഉറപ്പുവരുത്തണം. മുന്നോട്ടുള്ള ദിവസങ്ങളില്‍ കോവിഡിന്റെ കൂടെ ജീവിക്കുക എന്നതാണ് ചെയ്യാനുള്ളത്. ഓരോ മേഖലയും തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ മുഴുവന്‍ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് കോവിഡിനെതിരെ പോരാടുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
പ്രതിസന്ധി ഘട്ടത്തില്‍ കോവിഡ് ആശുപത്രികള്‍ ഒരുക്കാന്‍ സ്വകാര്യ ആശുപത്രികള്‍ തയ്യാറായത് അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :