അഭിറാം മനോഹർ|
Last Modified ബുധന്‍, 4 ജനുവരി 2023 (14:43 IST)
കൊവിഡ് ബാധിച്ച് മാസങ്ങൾക്ക് ശേഷവും കൊവിഡ് വൈറസ് തലച്ചോറിൽ അവശേഷിക്കുമെന്ന് പഠനം. ശരീരത്തെ മുഴുവനായി വൈറസ് ബാധിക്കുമെന്നതിൻ്റെ സൂചന നൽകുന്നതാണ് പഠനം. കൊവിഡ് ബാധിച്ച് മരിച്ചവരുടെ പോസ്റ്റ്മോർട്ടം സാമ്പിളുകളിൽ നടത്തിയ ഗവേഷണങ്ങളെ അടിസ്ഥാനമാക്കി യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ ഗവേഷകരുടെയാണ് കണ്ടെത്തൽ.
തലച്ചോർ അടക്കമുള്ള നാഡീവ്യൂഹത്തിൻ്റെ സാമ്പിളുകളിൽ നടത്തിയ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. വാക്സിൻ സ്വീകരിക്കാതെ കൊവിഡ് ബാധിച്ച് മരിച്ചവരിലാണ് പരിശോധന നടത്തിയത്. രക്ത പ്ലാസ്മ പരിശോധിച്ചപ്പോൾ 38 രോഗികളിൽ കൊവിഡ് പോസിറ്റീവായിരുന്നു.
വൈറസ് ബാധയുടെ ലക്ഷണം കാണിച്ച് 18 വരെ ദിവസത്തിനുള്ളില്‍ മരിച്ചവരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ജേണൽ നാച്ചുറലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശ്വസനനാളിക്ക് പുറമെ തലച്ചോർ,ഹൃദയം,കൺ,അഡ്രിനൽ ഗ്ലാൻഡ്,ദഹനനാളം എന്നിവിടങ്ങളിൽ നിന്നുവരെ വൈറസ് സാന്നിധ്യം കണ്ടെത്താൻ ഗവേഷകർക്കായി. പരിശോധിച്ച 45 ശതമാനത്തിനും വൈറസ് സാന്നിധ്യമുണ്ടായിരുന്നതായാണ് പഠനത്തിൽ പറയുന്നത്.