'നല്ല കണക്കായിപ്പോയി, കിട്ടേണ്ടത് കിട്ടിയപ്പോ സമാധാനമായല്ലോ…?' - വൈറലായി ഡോക്‌ടറുടെ കുറിപ്പ്

അനു മുരളി| Last Modified വെള്ളി, 27 മാര്‍ച്ച് 2020 (10:06 IST)
ലോകം കൊറോണയെ പേടിയോടെ നോക്കുമ്പോൾ, വൈറസിനെ പ്രതിരോധിക്കാൻ ജനങ്ങൾ വീട്ടിലിരിക്കുമ്പോഴും കൃത്യയതോടെ കൃതഞ്ജതയോടെ തൊഴിലെടുക്കുന്ന ചില വിഭാഗങ്ങൾ ഉണ്ട്. ആരോഗ്യ പ്രവർത്തകരും പൊലീസുകാരു അക്കൂട്ടത്തിൽ ഉൾപ്പെടും.

ഇപ്പൊൾ കർമ്മനിരധരായി ജോലി ചെയ്യുന്ന കേരള പോലീസിനെ അഭിനന്ദിച്ച് രംഗത്ത് എത്തി ഇരിക്കുക ആണ് ഡോക്ടറും ഗായിക സിതാരയുടെ ഭർത്താവുമായ എം സജീഷ്. ലോക്ക് ഡൗണിനിടെ നല്ല സുരക്ഷാ ഉപകരണങ്ങളില്ലാതെ ഭീതിക്ക് ഇടയിലും പുറത്തിറങ്ങി ചൂടിലും മഴയിലും വിയര്‍ത്തൊലിച്ചും നനഞ്ഞും കടമ ചെയ്യുന്ന പോലീസുകാര്‍ക്ക് ബിഗ് സല്യൂട്ട് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

സഹോദരാ, ഒരു കാരണവുമില്ലാതെ വണ്ടിയുമെടുത്തു വായനോക്കാന്‍ പുറത്തിറങ്ങി, പോലീസിന്റെ കയ്യില്‍ നിന്ന് നല്ല ചുട്ട അടിയും വാങ്ങി വീട്ടിലേക്കു തിരിഞ്ഞോടിയിട്ടുണ്ടെങ്കില്‍… ക്ഷമാപണത്തോടെ പറയട്ടെ, നല്ല കണക്കായിപ്പോയി. കിട്ടേണ്ടത് കിട്ടിയപ്പോ സമാധാനമായല്ലോ…? കോവിഡ് 19 ലോക്ക് ഡൌണ്‍ കാലത്ത് അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങുന്നത് വിലക്കാന്‍; നാടെല്ലാം അടഞ്ഞു കിടക്കുന്നു എന്നും നാട്ടുകാരെല്ലാം വീട്ടില്‍ കിടക്കുന്നു എന്നും ഉറപ്പു വരുത്താന്‍… നേരവും കാലവും നോക്കാതെ നിരത്തിലൂടെ അലഞ്ഞു നടന്ന് വെയിലും മഴയും കൊണ്ട്, നേരാം വണ്ണം നല്ലൊരു മാസ്‌കോ കയ്യുറയോ പോലും ഇല്ലാതെ, കൊറോണയുടെ കമ്യുണിറ്റി സ്‌പ്രെഡ് തടയാന്‍ പെടാപ്പാടുപെടുന്ന കേരള പോലീസിനൊരു ബിഗ് സല്യൂട്ട്… അതേസമയം, തന്നെ ദിവസവും വീട്ടില്‍ നിന്ന് വെളിയിലിറങ്ങേണ്ടിവരുന്ന ഞങ്ങളെപ്പോലെയുള്ളവര്‍ക്കുള്ള അനുഭവം കൂടി പറയാതെ വയ്യ. ഡോക്ടറാണ്, ഡ്യൂട്ടിയാണ് എന്ന് പറഞ്ഞ് തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുമ്ബോഴേക്കും എന്ത് ഭവ്യതയോടെയാണ്, എത്രമാത്രം സ്‌നേഹത്തോടെയാണ് അവര്‍ കടത്തിവിടുന്നത്! ഒരു നിമിഷം പോലും കളയാതെ നിങ്ങള്‍ ആശുപത്രികളിലെത്തൂ എന്നൊരു പുഞ്ചിരിയും… (സാന്ദര്‍ഭീകമായി പഴയ ഒരു കേരള പോലീസ് ഓര്‍മ്മകൂടി പങ്കു വെക്കട്ടെ! ഒരുപാട് മുമ്ബൊന്നുമല്ല. കഴിഞ്ഞ വര്‍ഷം. തിരുനന്തപുരത്ത് സിതാര(ഭാര്യ)യുടെ ഒരു സംഗീത പരിപാടി കഴിഞ്ഞ് രാത്രി കൊച്ചിയിലേക്ക് ഡ്രൈവ് ചെയ്ത് വരികയായിരുന്നു. കരുനാഗപ്പള്ളിയ്ക്കും കായംകുളത്തിനുമിടയില്‍ വച്ച്‌ കാറിന്റെ ടയര്‍ പഞ്ചറായി. സമയമേതാണ്ട് പുലര്‍ച്ചെ 2.30. ഗായിക സീറ്റില്‍ ഗാഢ നിദ്ര! അടുത്തെങ്ങും പഞ്ചറൊട്ടിക്കാന്‍ പറ്റിയ കടകളുമില്ല. ഞാന്‍ വണ്ടി സര്‍വീസ് റോഡിലേക്കിറക്കി സ്റ്റെപ്പിനി മാറ്റാനുള്ള ശ്രമമായി. പക്ഷേ ഒരു രക്ഷയുമില്ല. സ്റ്റെപ്പിനി ടയര്‍ ഡിക്കിയില്‍ നിന്ന് ഒന്ന് ഇളക്കിയെടുക്കാന്‍ പോലും പറ്റാതെ ഞാന്‍ നിസ്സഹായനായി. പത്തു പതിനഞ്ചു നിമിഷങ്ങള്‍ക്കകം അതുവഴി ഒരു ഹൈവേ പോലീസ് ജീപ്പ് എത്തി. എന്നോട് കാര്യം അന്വേഷിച്ചു. ഇതാണോ ഇത്ര വലിയ പ്രശ്‌നം എന്ന ഭാവത്തോടെ മൂന്ന് പോലീസുകാര്‍ ഇറങ്ങി വന്ന് നിഷ്പ്രയാസം ടയറും മാറ്റിത്തന്ന് ടാറ്റയും പറഞ്ഞു സ്ഥലം വിട്ടു. ഇതൊക്കെ തങ്ങളുടെ കടമയല്ലേ എന്ന മട്ടില്‍..

പേര് വെളിപ്പെടുത്താനോ ഒപ്പം ഒരു കാപ്പികുടിക്കാനോ പോലും അവര്‍ താല്‍പ്പര്യം കാണിച്ചില്ല…) ഈ നെറികെട്ട കാലത്തും നമുക്ക് കാവല്‍ നില്‍ക്കുന്നവര്‍… അവര്‍ കാക്കിക്കുള്ളില്‍ വിയര്‍ത്തൊട്ടിയും കലഹത്തിന് വരുന്ന അന്തം വിട്ട ജനത്തിനെ കയര്‍ത്തോടിച്ചും ഒരു മടിയുമില്ലാതെ തങ്ങളുടെ കടമ നിര്‍വഹിക്കുമ്ബോള്‍… ഓര്‍ക്കുക, ഈ പോരാട്ടത്തില്‍ നമ്മള്‍ ജയിച്ചാലും പരാജയപ്പെട്ടാലും മനുഷ്യരാശി ശേഷിച്ചിരിക്കുന്ന കാലത്തോളം ഈ ദിനങ്ങള്‍ ചരിത്രത്തിന്റെ താളുകളില്‍ കുറിച്ചിട്ടിരിക്കും. ഓരോ നിമിഷവും, വരുംവരായ്കകളെ തലനാരിഴ കീറി പഠിച്ച്‌ വിനാശകാരിയായ ഈ മഹാമാരിയുടെ സമൂഹസംക്രമണം തടയാന്‍ പദ്ധതി തയ്യാറാക്കുന്ന സര്‍ക്കാരേ… അതിനായി പണിയെടുക്കുന്ന ഉദ്യോഗസ്ഥരേ ,നിയമപാലകരേ, ഏതു നിമിഷവും രോഗാണുബാധയേല്‍ക്കാവുന്ന സാഹചര്യത്തിലും യാതൊരു മടിയോ പേടിയോ കൂടാതെ അഹോരാത്രം ആതുരശുശ്രൂഷ നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരേ, ഓരോ നിമിഷവും വാര്‍ത്തകളെ ശ്രദ്ധാപൂര്‍വം ഒപ്പിയെടുക്കുകയും ഒപ്പം ബുദ്ധിപൂര്‍വം, സമചിത്തതയോടെ സമര്‍ത്ഥമായി അവയെ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരേ…

എല്ലാത്തിനുമുപരി സാമൂഹിക ജീവിതമെന്ന മനുഷ്യന്റെ ഏറ്റവും പ്രാഥമീകമായ അവകാശം ഒരു കീടാണുവിന് മുന്നില്‍ അടിയറവു വെച്ച്‌ എന്നെങ്കിലും നേടുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത അപരന്റെ സ്വാസ്ഥ്യത്തിനുവേണ്ടി, എപ്പോഴെങ്കിലും സംഭവിക്കുമെന്ന് വെറുതെ പ്രതീക്ഷിക്കുന്നൊരു വസന്തകാലത്തിനും വേണ്ടി ഇന്നിന്റെ യാതനകള്‍ സ്വയം നെഞ്ചേറ്റുന്ന ഈ തലമുറയിലെ ജീവിതങ്ങളേ… ഇതൊന്നുമറിയാതെ വീണുകിട്ടിയതു വെക്കേഷനാണെന്നു തെറ്റിദ്ധരിച്ച്‌ കഥപറഞ്ഞും കളിച്ചും ചിരിച്ചും ചുമ്മാ ചാടിക്കളിച്ചും മടുത്ത നിഷ്‌കളങ്കരരായ കുഞ്ഞുങ്ങളേ…നിങ്ങളെ വരാനിരിക്കുന്ന കാലം വരച്ചുവയ്ക്കും തങ്കവര്‍ണ്ണങ്ങളില്‍..!

ഒരു നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിച്ചേക്കാവുന്ന ദുരന്തങ്ങള്‍. ഓരോ വര്‍ഷവും നേരിടേണ്ടിവന്നിട്ടും, ഒരു ചെറിയ ഭരണകാലയളവില്‍ ഒരുപാട് വെല്ലുവിളികള്‍ പ്രളയമായും നിപ്പയായും കൊറോണയായും ഒന്നിന് പുറകെ ഒന്നാകെ കുത്തൊലിച്ചു വന്നപ്പോഴും നമ്മള്‍ ഓരോന്നും ഒറ്റകെട്ടായി സുധീരമായി നേരിട്ടുവെങ്കില്‍… ഈ ജനതയെ നയിച്ച ഗവണ്മെന്റ് ലോകത്തിനു തന്നെ അദ്ഭുതവും അതിലുപരി മാതൃകയുമാണ്. അവിടെയാണ് പിണറായിക്കാരന്‍ ഒരു സഖാവിന്റെ ചങ്കൂറ്റവും നേതൃത്വ പാടവവും നാട്ടുകാരെയൊട്ടാകെ കുട്ടികളാക്കി മാറ്റിയ ഒരു ടീച്ചറുടെ കരുതലും ഒപ്പമുള്ള സഖാക്കളുടെ സമരവീര്യവും പ്രസക്തമാകുന്നത്!

ലോകമെമ്ബാടുമുള്ള ജനത തിരിച്ചറിഞ്ഞു കഴിഞ്ഞു ഭൂമിയില്‍ ഇനിയൊരു മതമേയുള്ളൂ, ഒരു രാഷ്ട്രീയമേയുള്ളൂ, ഒരു മുദ്രാവാക്യമേയുള്ളൂ… മാനവികതയുടെ മതം പരസ്പരസ്‌നേഹമെന്ന രാഷ്ട്രീയം! നല്ല മനുഷ്യരായി ജീവിച്ചിരിക്കുക എന്ന മുദ്രാവാക്യം… അതിനായി പൊരുതാം ശരീരങ്ങള്‍ അകന്നു നിന്നെങ്കിലും ഹൃദയങ്ങള്‍ തമ്മില്‍ ചേര്‍ത്തു വെച്ചുകൊണ്ട്…



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :