ചൈനയിലെ വുഹാനില്‍ നിന്ന് പുതിയ മുന്നറിയിപ്പ്; വരുന്നു 'നിയോകോവ്' വൈറസ്; അതിമാരകമെന്ന് ഗവേഷകര്‍

രേണുക വേണു| Last Modified വെള്ളി, 28 ജനുവരി 2022 (14:54 IST)

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ 'നിയോകോവ്' എന്ന പുതിയ ഇനം കൊറോണ വൈറസ് അതിമാരകശേഷിയുള്ളതാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കാണ് വാര്‍ത്ത പുറത്തുവിട്ടത്.

നിയോകോവ് പുതിയ വൈറസല്ല. മെര്‍സ് കോവ് വൈറസുമായി ബന്ധമുള്ള ഇത് 2012 ലും 2015 ലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകളിലാണ് വൈറസ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍, ഭാവിയില്‍ നിയോകോവും അടുത്ത ബന്ധമുള്ള പിഡിഎഫ്-2180 കോവും മനുഷ്യരെ ബാധിച്ചേക്കാമെന്നാണ് കണ്ടെത്തല്‍.

നിലവില്‍ മൃഗങ്ങളെ മാത്രമാണ് ഈ വൈറസ് ബാധിക്കുന്നതെങ്കിലും മനുഷ്യകോശങ്ങളിലേക്കും കടന്നുകയറാന്‍ സാധ്യതയുണ്ട്. ഒറ്റ രൂപാന്തരണം കൂടി ഉണ്ടെങ്കില്‍ മനുഷ്യകോശങ്ങളിലേക്കും എത്താമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മനുഷ്യരില്‍ ഈ വൈറസ് ബാധിച്ചാല്‍ മൂന്നിലൊരാള്‍ക്ക് മരണം വരെ സംഭവിക്കാമെന്നാണ് വിലയിരുത്തല്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :