ആരാ നിന്റെ കാമുകി...? അന്നുകണ്ട ആ വെളുത്ത പെണ്ണ്, ഓളാന്നോ?
ആര്‍ത്തിനിറഞ്ഞ ചോദ്യത്തിനൊപ്പരം അമ്മയുടെ ചിറികള്‍ക്കിടയിലൂടെ കൊതിയുടെ ഈളാവെള്ളം ഒലിച്ചിറങ്ങി.
‘‘കുടുംബമഹിമ... അതു മറക്കരുത്. പാരമ്പര്യമുള്ള തറവാട്ടിലെ പെണ്ണായിരിക്കും... അല്ലേ ആഞ്ജനേയാ....?" - ബ്രാഞ്ച് മെമ്പര്‍മാര്‍ക്ക് റാക്ക് പകര്‍ന്നുനല്‍കിക്കൊണ്ട് അമ്മാവന്‍ കിതച്ചു. അമ്മാവന്റെ മൂക്കില്‍ നിന്നും പറങ്കിമാങ്ങയുടെ ചാവുഗന്ധം തള്ളിവന്നു.
‘‘കപടപരിസ്ഥിതി വാദിയാവരുതവള്‍. അങ്ങനെ സംഭവിച്ചാല്‍...അറിയാമല്ലോ...?’’ ബ്രാഞ്ച് സെക്രട്ടറി മുരണ്ടു.
അയാളുടെ പിരിച്ച മീശയില്‍ മുതലാളിത്തത്തിന്റെ ദൃശ്യബിംബം തിളങ്ങി. പേരു ചോദിച്ചപ്പോള്‍ ‘സനൂജ’ എന്നു പറഞ്ഞു ഞാന്‍. നാടു ചോദിച്ചപ്പോള്‍ അവളെന്നെ അകത്തേക്ക് വിളിച്ചു. അവള്‍ ഉറക്കെപ്പറഞ്ഞു - ‘‘കാസര്‍ഗോഡ്”
ആരും ഒന്നും മിണ്ടിയില്ല. സദസ്സില്‍ ഒരു സൂചി പോലും വീണില്ല. പൊടുന്നനെ ഉണ്ടായ നടുക്കത്തില്‍ വീട് തരിച്ചുനിന്നു. ഇരുട്ടില്‍ റേഡിയം പോലെ അവള്‍ മാത്രം നിന്നുതിളങ്ങി. മച്ചിലിരുന്ന പല്ലി വാല്‍ മുറിച്ചെറിഞ്ഞു. ഉടല്‍ അമ്മാവന്റെ റാക്ക് കന്നാസിലും വാല്‍ അമ്മയുടെ നെറുകംതലയിലും പതിച്ചു.
എന്നത്തേയുംപോലെ അച്ഛനെ പുലയാട്ട് പറഞ്ഞുകൊണ്ട് ചരല്‍ തെറിക്കുന്ന മഴ പോലെ അമ്മ പൊട്ടിപ്പിളരാന്‍ തുടങ്ങി.
“നശിച്ച കാലന്റെ മുടിഞ്ഞ വിത്തേ.... ഈ വീട് നീ കുളംകോരരുതേ...”
റാക്ക് നിറച്ച കന്നാസ് കക്ഷത്തിലിറുക്കി അമ്മാവന്‍ ചാടിയെഴുന്നേറ്റു.
“പറങ്കിപ്പഴം ഇല്ലാണ്ടാക്കി എന്റെ അന്നം മുട്ടിച്ചാല്‍... കൊന്നുകളയും കഴുവേറീ...”
മിനിറ്റ്സ് ബുക്ക് വാരിപ്പെറുക്കി മെമ്പര്‍മാരും സെക്രട്ടറിയും പുറത്തേക്കോടി.
“ഈ നാടുകൂടി മുടിപ്പിക്കാനായിട്ട് ഇങ്ങോട്ടെഴുന്നെള്ളിക്കരുത്.... ജീവനോടെ വച്ചേക്കില്ല രണ്ടിനേം....”
അവളുടെ വെളുത്ത കൈകളില്‍ പരതി ഒടുക്കം ബൌസിന്റെ കറുത്ത ബോര്‍ഡറില്‍ തെരുപ്പിടിച്ച് ഞാനും, എന്റെ കറുത്ത കൈകളില്‍ വിശ്വാസമര്‍പ്പിച്ച് അവളും പകച്ചുനിന്നു.
ഞാനെന്ന ഭാവം...
ഏതുപുസ്തകം കിട്ടിയാലും അതിന്റെ ഒടുക്കത്തെ പേജ് ഞാന്‍ ആദ്യം വായിക്കും. ക്ലൈമാക്സ് അറിഞ്ഞതിന് ശേഷമേ വായന തുടങ്ങാറുള്ളു. ഇങ്ങനെ തലതിരിഞ്ഞ എന്നോട് ഇന്നാളൊരുദിവസം വീട്ടിലെ പൂച്ച ചോദിച്ചു, എടാ പട്ടീ അഞ്ജനേയാ... നിനക്ക് ഓര്‍ക്കുട്ടില്ലേന്ന്... സ്വതവേ പൂച്ചവിരോധിയായ ഞാന്‍ നിന്നു പരുങ്ങിയപ്പോള്‍ അത് പകയോടെ നോക്കി പല്ലിളിച്ചു. എന്നിട്ടും ഞാന്‍ അനങ്ങാതിരുന്നത് ഫേസ്ബുക്കില്‍ ഞാനുമുണ്ടല്ലോടാ കഴുതേ എന്ന് കൂട്ടില്‍ക്കിടക്കുന്ന പട്ടി അലറുമെന്ന് ഭയന്നാണ്.
ജോസഫ് കരുണന്‍ മെമ്മോറിയല്‍ എഞ്ചിനീയറിംഗ് കോളജിന്റെ (ജോസഫും ബാറ്ററി കരുണനും ഈ പാറയിലെ പറങ്കിക്കാട്ടിലെ വാറ്റുകാരായിരുന്നു. ആ കഥ വഴിയെ പറയാം) പുറമ്പോക്കില്‍ പെട്ടിക്കട നടത്തുന്ന ആഞ്ജനേയന് എന്തിനാണ് ഓര്‍ക്കുട്ടും ഫേസ്ബുക്കുമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ആരോ പറഞ്ഞു, ഏറ്റുകാരന്‍ സുരേന്ദ്രന്‍ തെങ്ങുചെത്തുന്നതിന്റെയും കോരേട്ടന്‍ കപ്പണയില്‍ കല്ലുകൊത്തുന്നതിന്റെയും ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ഉണ്ടെന്ന്. കോറയില്‍ കരിങ്കല്ലുപിളര്‍ക്കുന്ന സുകുമാരന് ഫേസ്ബുക്ക് അക്കൌണ്ട് ഉണ്ടാക്കിക്കൊടുത്ത പാടിച്ചാലിലെ അശോക് കമ്മ്യൂണിക്കേഷന്‍സ് ഉടമ അശോകനാണ് ഇതിന്റെയൊക്കെ പിന്നില്‍.
ആഞ്ജനേയാ നിനക്കും ഇതൊക്കെ ഒന്ന് ആയിക്കൂടെയെന്ന് അശോകന്‍ കുറെക്കാലമായി ചോദിക്കുന്നു. ഇത്രയും പഠിപ്പും വിദ്യാഭ്യാസവുമുള്ള നീ ഈ സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ നിന്നൊക്കെ മാറിനില്‍ക്കുന്നത് വിവരക്കേടല്ലേ, മോശമല്ലേ, സ്റ്റാറ്റസിന് കുറവല്ലേ എന്നൊക്കെ എന്നും പറയും. സഹികെട്ട് കഴിഞ്ഞ ദിവസം അയാളോട് പറഞ്ഞു - പഠിച്ചതൊക്കെ മറക്കാനുള്ള ശ്രമത്തിലാ, അശോകാ ഞാനെന്ന്.
വിദ്യാഭ്യാസത്തിന് പ്രത്യേകിച്ച് അര്‍ഥമൊന്നുമില്ലെന്നും, അതൊരു ഭാരമാണെന്നും, വിലകൂടിയ ബ്രാന്റഡ് കുപ്പായമാണതെന്നും, തലയില്‍ കയറ്റിവച്ച അക്കാദമിക് ഭാരം വലിച്ചെറിയുകയാണെന്നും, മനുഷ്യന്‍ മനുഷ്യനാകുന്നത് നിരക്ഷരനായിരിക്കുമ്പോഴാണെന്നും പറഞ്ഞപ്പോള്‍ അശോകന്‍ വാ പൊളിച്ചുനിന്നു. ഇതാ എന്റെ സ്കൂള്‍ വിദ്യാഭ്യാസം, ഇതാ എന്റെ എസ് എല്‍ സി, പ്ലുസ് ടു, ഡിഗ്രി, പി ജി ഒക്കെയുമിതാ ഞാന്‍ ഉപേക്ഷിക്കുന്നുവെന്നും പുലമ്പി. അശോകന്‍ ഓടി രക്ഷപ്പെടുന്നത് അവ്യക്തമായി കണ്ടു. ഇന്ത്യാ - പാക് ക്രിക്കറ്റ് ടിവിയില്‍ കാണാത്തവരെ രാജ്യത്ത് നിന്നും പുറത്താക്കുന്ന നിയമം വരുന്ന കാലത്ത്, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ അക്കൌണ്ടില്ലാത്തവരെയും രാജ്യഭ്രഷ്ടരാക്കുമായിരിക്കും.
പ്രണയം തോന്നുന്ന പെണ്‍കുട്ടികളെ മാങ്ങാക്കൊരട്ടകളാക്കി ഇടംനെഞ്ചിന്റെ പര്യംപുറത്ത് കുഴിച്ചിട്ടുതുടങ്ങിയ കാലത്താണ് ഞാനൊരു പരിസ്ഥിതിവാദിയാകുന്നത്. പ്രണയത്തിന്റെ ആദ്യ ആളലുണ്ടായത് പന്ത്രണ്ടാം പിറന്നാളിന്റെ അന്നാണ്. അങ്കണവാടിയില്‍ പോയിരുന്നപ്പോള്‍ വാങ്ങിത്തന്ന പെണ്‍പാവയിലാണ് ആദ്യ അഭിനിവേശം ജനിച്ചത്. ഞാനും ചേച്ചിമാരും കളിപ്പിച്ചും കുളിപ്പിച്ചും കീറിപ്പറത്തി ക്ഷീണിപ്പിച്ച ആ വസ്തുവിനോട് ആ ദിവസം എനിക്ക് പ്രണയം തോന്നി. അന്നാണെന്റെ നെഞ്ചില്‍ ആദ്യ മാവിന്‍ വിത്ത് പാകുന്നതും. പിന്നങ്ങോട്ട് ഈ മുപ്പത് വയസ്സിനിടയില്‍ ഇഷ്ടപ്പെട്ട പലരെയും നെഞ്ചില്‍ കുഴിച്ചുമൂടി. ഇന്നലെ പീടികയില്‍ ഒയലിച്ചമുട്ടായി വാങ്ങാന്‍ വന്ന ചുവന്ന ചുരിദാറിട്ട ടീച്ചറെ വരെ.
ഓരോരുത്തരുടെയും പേരിട്ട വിത്ത് മുളപൊട്ടുന്നതിനും മുമ്പേ തന്നെ പലരും അന്യന്റെ ജീവിതവും തൂക്കിനടന്നുപോയി. എങ്കിലും മുളപൊട്ടി മാന്തൈകള്‍ കിളിര്‍ത്തു പൊങ്ങി. എന്റെ നെഞ്ചില്‍ തഴച്ചുനിന്ന പെണ്‍മരങ്ങളെ പരസ്യമായി പ്രണയിച്ചവരില്‍ പലരും പേപിടിച്ച് കരഞ്ഞപ്പോഴും ഒരു പ്രണയം പോലും തകരാതെ ഞാന്‍ മാത്രം ജയിച്ചുനിന്നു. തുറന്നുപറയാന്‍ ഭയക്കുന്ന ഭീരുവെന്ന് കുക്ക് കിട്ടിയപ്പോഴും നെഞ്ചിനിടയിലെ ചാലും കടന്ന് മാവുകള്‍ വലംനെഞ്ചും കൈയ്യേറിയിരുന്നു. ഇന്ന് നെഞ്ച് നിറയെ ഒരു മാന്തോട്ടമുണ്ടെനിക്ക്. വാരിയെല്ലുകള്‍ വേലികെട്ടിയ ആ തോട്ടത്തില്‍ പലതരം മാവുകളുണ്ട്. പേരറിയുന്നവ, പേരറിയാത്തവ.
ഒരിക്കല്‍ ഈ മാന്തടികള്‍ കൊണ്ട് ചിതയൊരുങ്ങുമെന്നും അതില്‍ ജ്വലിക്കുന്ന തീയിന് എന്റെ പ്രണയത്തിന്റെ നിറമുണ്ടാകുമെന്നും കവിതയെഴുതി. പൈങ്കിളിക്കവിതകള്‍ ഞങ്ങളല്ല പ്രസിദ്ധീകരിക്കുക എന്ന മുഖവുരയോടെ അത് വീട്ടില്‍ തിരിച്ചെത്തിയ ദിവസം ഞാന്‍ തോട്ടിന്റെ ഇട്ട നിറയെ ഈറ്റത്തെകള്‍ പാവുകയായിരുന്നു. ഈറ്റക്കാട്ടില്‍ നിന്നിറങ്ങി കയ്യിലും കാലിലും ചോരയൊലിപ്പിച്ച് വീട്ടിലേക്ക് കയറി.
“ഒരു കവി ചത്തു”
അമ്മയും അമ്മാവനും കൈകൊട്ടിക്കളിച്ചു.
“അമ്പതു പൈസേന്റെ നാരങ്ങാമുട്ടായീം ഒയിലിച്ചേം വില്‍ക്കുന്നവന്‍ തോട് നന്നാക്കാന്‍ നടക്കുന്നു. നാണമില്ലല്ലോ നിനക്ക്?”.
“നീ ഈ തോട്ടിന്റെ ഇട്ടമ്മേല് നിറച്ചും ഓടക്കമ്പ് നാട്ടീന്ന് സുഗതന്‍ പറഞ്ഞു. പാര്‍ട്ടീന്റെ അനുവാദമില്ലാതെ നീയെന്തിനാ വേണ്ടാതീനം കാട്ടിയേ?”.
“ഓട വളര്‍ന്നുനിന്നാല്‍ തോട്ടില്‍ വേനലിലും വറ്റാത്ത വെള്ളമുണ്ടാകും.... തണുപ്പുണ്ടാകും. മൂത്ത ഈറ്റകള്‍ കൊണ്ട് വെട്ട്വേര്‍ കുട്ടയും തടുപ്പയും നെയ്യും.”
“കുന്തം, എല്ലാം പറിച്ച് തോട്ടിലെറിയും ഞാന്‍” - അമ്മാവന്‍ മുരണ്ടു.
“അടങ്ങിയിരിക്ക് സുഗതാ... ഓനെ ഞങ്ങള് മനസ്സിലാക്കിക്കാം. ആഞ്ജനേയാ മോനിനി പാര്‍ട്ടിക്ക് വിരുദ്ധായി പ്രവര്‍ത്തിക്കരുത്. നിന്നെ അനുഭാവി ഗ്രൂപ്പീന്ന് പുറത്താക്കും. പാര്‍ട്ടി ഏറ്റെടുക്കുന്ന സമരങ്ങള് മാത്രം നീ ചെയ്താ മതി.“
“സത്യം പറ ആഞ്ജനേയാ നീ ഓടത്തൈകള്‍ നട്ടത് അത് വളര്‍ന്ന് കഴിഞ്ഞിറ്റ് അയിന്റെ എടേലിരുന്ന് പെണ്ണുങ്ങടെ കുളിസീന്‍ കാണാമ്പേണ്ടീറ്റല്ലേ...?”
PRO
PRO
അവിടെവെച്ച് എന്നിലെ പരിസ്ഥിതിവാദിയെ ഞാന്‍ തോട്ടിലൊഴുക്കി. പുളിച്ചുനാറ്റമുള്ള ഒരിറ്റുവെള്ളത്തില്‍ ഒഴുകാനും നീന്താനുമാവാതെ അവന്‍ വിറങ്ങലിക്കുന്ന ദൃശ്യം കണ്ട് എനിക്ക് ശ്വസം മുട്ടി. ആ പിടച്ചിലിനൊടുവില്‍ ഞാനെന്റെ പ്രതിജ്ഞ മറന്നു. പ്രണയക്കൃഷിയുടെ ഉടമ്പടികള്‍ കാറ്റില്‍ പറന്ന ആ കുതറിച്ചകള്‍ക്കൊടുവിലാണ് എന്റെ മാന്തോട്ടത്തിന്റെ വേലിക്ക് പുറത്ത് ഞാന്‍ ഈ വെളുത്ത മാവ് നട്ടത്.