ഇക്കോസള്‍ഫാന്‍

പ്രശോഭ് കെ പി

PRO
PRO
കുഴിമാടത്തില്‍ ഉയര്‍ന്ന് നിന്ന മെലിഞ്ഞ കശുമാവ് എന്നെ നോക്കി പല്ലിളിച്ചു. പാര്‍ട്ടിക്ലാസിന്റെ വിരസതകളില്‍ വാറ്റി നല്‍കാന്‍ അമ്മാവന്‍ നിര്‍ത്തിയിരുന്ന പഴുത്ത പറങ്കിമാങ്ങകള്‍ അതിന്മേല്‍ തൂങ്ങിനില്‍പ്പുണ്ടായിരുന്നു, അച്ഛന്‍ തൂങ്ങിക്കിടന്നപോലെ.

കൂട്ടുകാരെ പറഞ്ഞയച്ച് അവളും ഞാനും എന്റെ മിഠായിഭരണികളും നിര്‍വികാരമായി നിന്നു. അന്നേരം പ്രണയത്തിന്റെ രണ്ടാമത്തെ പാഠം എന്നെ പഠിപ്പിക്കാന്‍ സനൂജ ഇറങ്ങിത്തിരിച്ചു. അവളുടെ ചെമ്പന്‍‌മുടിയിഴകളും തിളങ്ങുന്ന നിറവും ഞാന്‍ അടക്കിപ്പിടിച്ചു. എന്റെ നെഞ്ചിലെ മാന്തോട്ടം കണ്ടുപിടിക്കപ്പെട്ടപ്പോഴേക്കും പറങ്കിമാങ്ങയില്‍ കാട്ടിവെല്ലം ചേര്‍ത്ത് വാറ്റിയെടുക്കുന്ന ചാരായത്തിന്റെ ലഹരി ഞങ്ങളില്‍ നിറഞ്ഞിരുന്നു.

പരിസരം മറന്ന് ഞങ്ങളങ്ങനെ പുണര്‍ന്നുനിന്ന നിമിഷത്തിലാണ് അച്ഛനെ പുലയാട്ടുപറയാനായി മാത്രം അമ്മ അങ്ങോട്ട് കയറിവന്നത്.

“കുഞ്ഞിക്കണ്ണാ... പൊലയാടി മോനേ”

ഒച്ചകേട്ട് ഞങ്ങള്‍ കുതറിമാറി. പറഞ്ഞുവന്ന് തെറി പൂരിപ്പിക്കാന്‍ തുടങ്ങുമ്പോഴാണ് അമ്മ എന്റെ അരികില്‍ വിളറി നില്‍ക്കുന്ന സനൂജയെ കണ്ടത്. വിളര്‍ച്ച അവളുടെ നിറത്തെ ഒന്നുകൂടി ഇരട്ടിപ്പിച്ചു. അത് കണ്ട് അമ്മ കൊതിയോടെ നോക്കി.

“ആഞ്ജനേയാ....ആരാടാ ഇത്?”

“അമ്മേ...ഇത്...സനൂജ...എന്റെ...” ഞാന്‍ പരുങ്ങി.

“ആയ്ക്കോട്പ്പാ....” - അമ്മ സന്തോഷത്തോടെ അവളുടെ കൈപിടിച്ചു.

“മോളെ... എങ്ങനെ ചീത്ത വിളിക്കാതിരിക്കും ഇവന്റെ ആ പന്നത്തന്തയെ... എന്‍‌ട്രന്‍സിന് റാങ്ക് പത്തുണ്ടായിരുന്നു ഇവന്”.

സനൂജ എന്നെ നടുങ്ങി നോക്കി.

“പന്ത്രണ്ട് കൊല്ലം കഴിഞ്ഞു... ഓര്‍മ്മ നില്‍ക്കുന്നില്ല.... പത്തോ അതോ പതിനഞ്ചോ?” അമ്മ എന്നെ നോക്കി.

എനിക്ക് നാണം വന്നു.

“ആ ചെക്കനാ ഈ ചാപ്പയിട്ടിരിക്കുന്നത്.... ഇവന്റെ തെണ്ടിത്തന്ത വിറ്റുതുലച്ച പന്ത്രണ്ടേക്കറിലാ നിങ്ങടെ കോളേജ്... ഈട്ത്തെ ഒരു പറങ്ക്യാവില്‍ ആ കാലന്‍ തൂങ്ങിച്ചത്തോണ്ട് അയിന് ചുറ്റുള്ള പത്ത് സെന്റ് അവര് മേടിച്ചിറ്റ. അതുകൊണ്ട് ഇതെങ്കിലും ഉണ്ടായി....”

അമ്മ ആക്രോശം മതിയാക്കി വിതുമ്പാന്‍ തുടങ്ങി.

“ പഠിച്ച ഇവനിണ്ടോ വിവരം.... തോട്ടിന്റെ ഇട്ടക്ക് ഈറ്റ നടാനും കണ്ടല് നടാനും നടക്കുന്ന്. അങ്ങുമിങ്ങും കയ്യാലക്കാട്ടിലും കൈതക്കാട്ടിലും കേറീം കീഞ്ഞും നടക്കുന്ന്.... പാര്‍ട്ടീല് മര്യാദയ്ക്ക് നിക്ക്വാണേല് ഏതെങ്കിലും ബേങ്കില് പണിതരാന്ന് ഓറ് പലവട്ടം പറഞ്ഞ്.... ഇവന്റെ നെഗളിച്ചുള്ള നടപ്പിന് പാര്‍ട്ടിക്കാര് ഇവനെ കൊല്ലേണ്ടതാ... എന്നേം സുഗതനേം ഓര്‍ത്തിട്ട് ബാക്കിവച്ചേക്ന്ന് ...ഏട വിവരം ഒണ്ടാകാന്‍? ആ കുരുപ്പിന്റെ വിത്തല്ലേ ഇത്”

“ത്ഫൂ...“

കുഴിമാടത്തിലേക്ക് നോക്കി ഒരാട്ടാട്ടി ഞങ്ങളെ ഒറ്റക്കാക്കി അമ്മ നടന്നു.

“അച്ഛനെ തെറിവിളിച്ചാലേ അമ്മാവന്‍ കഞ്ഞി കൊടുക്കൂ... എന്റെ കഞ്ഞികുടിക്കാനുള്ള യോഗം കണ്ടലിനും കാടിനുമൊക്കെയാണെന്ന് അമ്മയ്ക്കറിയാം.” സനൂജയ്ക്ക് ഞാന്‍ പറഞ്ഞുകൊടുത്തു.

അഭിനയിക്കാന്‍ ഞങ്ങള്‍ മിടുക്കരായിരുന്നതുകൊണ്ട് പ്രണയം കാലവര്‍ഷത്തിലെ തോടു‌പോലെ നിറഞ്ഞൊഴുകി. തോട്ടിന്‍‌കരയിലെ എന്റെ ഈറ്റക്കമ്പുകള്‍ കിളിര്‍ത്തുതുടങ്ങി. അതിന്റെ ആഹ്ലാദത്തിലിരിക്കുമ്പോള്‍ ബ്രാഞ്ച് സെക്രട്ടറി റിട്ട.കേണല്‍ ചന്ദ്രശേഖരന്‍ നായര്‍ കയറിവന്നു.

"എന്താടാ ചിരിക്കുന്നത്? പാര്‍ട്ടിക്കാരനായാല്‍ മുഖത്തെപ്പോഴും ഗൌരവമുണ്ടായിരിക്കണം” അയാള്‍ മുരണ്ടു.

എക്സ് മിലട്ടറിക്കാരെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്ന ഉത്തരാധുനികന്‍ ഗൂഢതന്ത്രം എനിക്ക് ബോധ്യമായത് അന്നേരത്താണ്.

“എന്റെ ഈറ്റത്തൈകള്‍ കിളിര്‍ത്തു.” - ഞാന്‍ വിനയാന്വിതനായി.

“എടോ കപടപരിസ്ഥിതിവാദീ... വിഡ്ഢീ... നീയും നിന്റെ ഉണക്ക ഈറ്റയും. പഠിച്ചേന്റെ ഒരു വിവരോം ഇല്ലല്ലോടാ നായേ നിനക്കൊന്നും.” - അയാള്‍ അലറിച്ചിരിച്ചു. പിന്നെ ഉപദേശിയെപ്പോലെ എന്നെ നോക്കി.

“എടോ ആഞ്ജനേയാ... പത്ത് നാല്പത് കൊല്ലങ്ങള്‍ക്കപ്പുറം ഈ നാട്ടിലെ മുളകളും ഈറ്റകളുമൊക്കെ പൂത്തിരുന്നു. പൂത്താല്‍ ഇവ മൂടോടെ നശിക്കും. അവ വീണ്ടും പൂക്കുന്ന സീസണാണിത്. നീ പാകി കിളിര്‍പ്പിച്ചതൊക്കെ ഈ പൂക്കലില്‍ നശിക്കും... വിഡ്ഢീ...”

തകര്‍ന്നുനില്‍ക്കുന്ന എന്നെ നോക്കി അയാള്‍ വീണ്ടും വീണ്ടും ചിരിച്ചു. പിന്നെ അയാള്‍ കോളജ് ലക്‍ഷ്യമാക്കി നടന്നു. നടപ്പിനിടയില്‍ വീണ്ടും തിരിഞ്ഞു.

“ അത് പറിച്ച് നിന്റെ അണ്ണാക്കില്‍ തിരുകാന്‍ ഞങ്ങള്‍ക്ക് അറിയാഞ്ഞിട്ടല്ല. ഇതിങ്ങനെ സംഭവിക്കുമെന്നൊരു കണക്കുകൂട്ടല്‍ നേരത്തെയുണ്ടായിരുന്നു ഞങ്ങള്‍ക്ക്... പിന്നെ ഇന്ന് പാര്‍ട്ടിക്ലാസ് നിന്റെ വീട്ടിലാ... വിഷയം പരിസ്ഥിതി അവബോധവും മാര്‍ക്സിസവും...മുങ്ങരുത്... സുഗതനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്.”

അയാള്‍ കോളജിലേക്കുള്ള പടവുകള്‍ കയറി. ഇന്ന് പി ടി എ മീറ്റിംഗ് ഉണ്ടെന്ന് സനൂജ പറഞ്ഞിരുന്നു. സെമസ്റ്ററുകള്‍ അവസാനിക്കുക ഇന്നാണ്.

അഭിനയത്തിന്റെ അടുത്തഘട്ടമായ വിവാഹത്തിലേക്കുള്ള കാല്‍‌വെയ്പ്പ് തീരുമാനിക്കുന്നിടത്താണ് തലയ്ക്ക് മുകളില്‍ പല്ലി ഗുളികന്‍ ചിലച്ചതും വാലുമുറിച്ച് താഴെ വീണതും. അവളുടെ വെളുത്ത നിറത്തിന് കാരണം മെലാനിന്റെ കുറവുമാത്രമാണെന്നുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് അമ്മയും അമ്മാവനും അംഗീകരിച്ചില്ല. അവളുടെ ജന്മദേശത്തിലുടക്കി കട്ടായം പറഞ്ഞ് അമ്മ ചരല്‍മഴ പൊഴിച്ച് പിളര്‍ന്നുകൊണ്ടിരുന്നു. അമ്മാവന്‍ റാക്കിന്റെ ലഹരിയില്‍ അന്യജില്ലകള്‍ക്കായി മുറവിളികൂട്ടി.

ഞങ്ങള്‍, ഞാനും സനൂജയും ഇപ്പോള്‍ പാടിച്ചാലിലെ കീടനാശിനിക്കടയിലാണ്. അങ്ങോട്ട് കയറുമ്പോള്‍തന്നെ നിരത്തിവെച്ചിരിക്കുന്ന ‘ഇക്കോസള്‍ഫാന്‍’ ടിന്നുകള്‍ കടക്കാരന്‍ ചൂണ്ടിക്കാണിച്ചു.

“മറ്റെല്ലാ കീടനാശിനികളും നിരോധിച്ചു സര്‍...ഇനിമുതല്‍ ഈയൊന്ന് മാത്രമേ വിപണിയിലുള്ളൂ. പതിനായിരം എണ്ണത്തിന് പകരം ഈയൊറ്റൊന്ന് മതി. പരിസ്ഥിതിക്ക് യാതൊരു കോ‍ട്ടവും വരുത്താത്ത തികച്ചും ഇക്കോ ഫ്രണ്ട്‌ലിയായിട്ടുള്ള ഒരു മരുന്നാണ് ഇത്. ധൈര്യമായി മേടിച്ചോളൂ.”

WEBDUNIA|
PRO
PRO
പെട്ടിക്കടയിലെ മിഠായിഭരണികള്‍ക്കിടയിലിരുന്നാണ് ഞങ്ങള്‍ ഇക്കോസള്‍ഫാന്റെ മൂടി പൊട്ടിച്ചത്. അതില്‍ കുറച്ചെടുത്ത് ഉടന്‍‌തന്നെ ഞാന്‍ സനൂജയുടെ വായിലേക്കൊഴിച്ചു. നിമിഷങ്ങള്‍ക്കകം അവളുടെ നിറം നീലയായി. പിന്നെ അല്പം, തോട്ടിറമ്പിലെ എന്റെ ഈറ്റത്തൈകള്‍ക്ക് മീതെ ഒഴിച്ചു. അവ പൂക്കാതായി. കുറച്ചെടുത്ത് ഞാന്‍ അവളറിയാതെ എന്റെ നെഞ്ചിലെ മാവുകള്‍ക്കും തളിച്ചു. പിന്നെയും ഞങ്ങള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്, അച്ഛന്റെ കുഴിമാടം നിറയെ അധിനിവേശവൃക്ഷങ്ങള്‍ വളരുന്ന കാലത്തേക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :