ഇക്കോസള്‍ഫാന്‍

പ്രശോഭ് കെ പി

PRO
PRO
ഞങ്ങളുടെ പ്രണയം...

ദേലം‌പാടിയിലേക്കുള്ള വഴി കേരളത്തിക്കൂടി അല്ല ആ‍ഞ്ജനേയാ എന്ന പ്രസ്താവനയാണ് സനൂജ ആദ്യമായി പറഞ്ഞ പ്രണയവാചകം. കേരളത്തില്‍ കൂടി അല്ലെങ്കില്‍പ്പിന്നെ എതിലേയാണ് മോളൂ എന്ന എന്റെ മറുചോദ്യത്തോടെ ഞങ്ങളുടെ പ്രേമകുതൂഹലങ്ങള്‍ക്ക് തുടക്കമായി. മനുഷ്യപ്പറ്റിന്റെ പച്ചയില്‍ നിന്നും ടെക്നോളജിയുടെ വികസനച്ചുവപ്പ് കലര്‍ന്ന തരിശ്ശിലേക്കുള്ള പരിണാമത്തിന്റെ വിശ്രമവേളകളിലൊന്നില്‍ തേനുണ്ട വാങ്ങാനെത്തിയതാ‍യിരുന്നു അവള്‍. കടയിലേക്ക് കയറിവരുന്ന വെള്ളക്കാരിയെക്കണ്ട് ഞാന്‍ ആദ്യമൊന്ന് അമ്പരുന്നു. പഠിച്ചതൊക്കെയും മറക്കാനുള്ള തീവ്രയജ്ഞത്തിനൊടുവില്‍ ആദ്യം വിജയിച്ചത് ഇംഗ്ലീഷിലെ എല്ലാ അറിവുകളും തോട്ടില്‍‌ച്ചാടിയപ്പോഴാണ്. കുറച്ചുകാലത്ത് പരിശീലനം കൊണ്ട് ഇംഗ്ലീഷില്‍ പൂര്‍ണമായ അജ്ഞാനം കൈവരിച്ചിരിക്കുന്നു. ഇവളോടെന്തു പറയേണ്ടു ഞാന്‍ എന്ന മട്ടില്‍ പരിഭ്രമിച്ചുനില്‍ക്കുമ്പോള്‍ ചെമ്പന്‍ മുടിയിഴകള്‍ മാടിയൊതുക്കി പച്ച മലയാളത്തില്‍ അവള്‍ പറഞ്ഞു:

“പേടിക്കേണ്ട, മദാമ്മയല്ല. മെലാനിന്റെ കുറവാണ്.”

ശരിയാണ്. മറന്നുകളയേണ്ട അറിവാണ്, ശരീരത്തിന്റെ നിറം നിയന്ത്രിക്കുന്നത് മെലാനിന്‍ എന്ന വര്‍ണ്ണപദാര്‍ഥമാണെന്ന്.

“പത്ത് തേനുണ്ട... അത്രേം ഒയിലിച്ച”

ഇക്കാലമത്രയും കെട്ടിനിര്‍ത്തിയ കടല്‍ ഉരുകിയൊലിക്കുന്നത് ഞാനറിഞ്ഞു, അതിന്റെ ഓരോ കോണില്‍ നിന്നും ഊറിവരുന്ന നീര്‍ച്ചാലുകള്‍ ഒരു പ്രവാഹമാകുന്നതുപോല്‍. ഈ മുപ്പത് വയസ്സിനിടയ്ക്ക് ഞാന്‍ നട്ട മാന്തൈകള്‍ക്ക് കണക്കും കയ്യുമില്ല. പക്ഷേ അവയില്‍ ഒന്നു‌പോലും എന്റെ വാരിയെല്ലിന്റെ വേലിക്കെട്ട് തകര്‍ത്ത് പുറത്തുപോയിട്ടില്ല.

ആഞ്ജനേയാ, ഡാ കുരങ്ങാ... എന്നൊക്കെ പലരും വിളിച്ചിട്ടുണ്ട്. എന്റെ മുഖത്തിന്റെ ഷേയ്പ്പ് ഏകദേശം ആദിമ മനുഷ്യന്റേത് പോലെയുണ്ടെന്ന് കണ്ണാടി സാക്‍ഷ്യം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് എന്നേക്കാള്‍ ഏഴുവയസ് കുറവാണെങ്കിലും സനൂജ ‘ആഞ്ജനേയാ’ എന്ന് പേരെടുത്ത് വിളിച്ചപ്പോള്‍ എനിക്ക് തെല്ലും ദണ്ഡം തോന്നിയില്ല. പ്രണയത്തിന്റെ എ ബി സി ഡി അറിയാത്ത എന്നെ അവളത് ചൊല്ലിപ്പഠിപ്പിച്ചു, ചിരിക്കുക - ചിരിപ്പിക്കുക, കരയുക - കരയിപ്പിക്കുക, വേദനിക്കുക - വേദനിപ്പിക്കുക തുടങ്ങിയ സമവാക്യങ്ങളും സമസ്തരസങ്ങളും അഭിനയ ക്ലാസ്സിന്റെ സഹായത്തോടുകൂടി അവളെനിക്ക് പറഞ്ഞുതന്നു.

തേനുണ്ടയ്ക്കായി അവള്‍ എത്തുമ്പോഴൊക്കെ ഞങ്ങള്‍ കടങ്കഥകള്‍ പറഞ്ഞു. ഒരിക്കല്‍ അവള്‍ക്ക് കടമേറി. പിന്നെയവള്‍ ചോദിച്ചത് ഒരു തുളു കടങ്കഥയാണ്.

“റഡ് തൊട്ടില്‍ഡ് കുള്ളയേറ്
ഒറിയന് കൊറിയറ്
ബുക്കൊറിയന് കുള്ളയെറ്”

പകച്ചുപോയ എന്നെ നോക്കി കണ്ണടയൊന്ന് ശരിയാക്കി അവള്‍ തന്നെ പരിഭാഷപ്പെടുത്തി.

“രണ്ട് തൊട്ടിലുകള്‍ ഇരുത്തി; ഒരാളെ കൊടുത്തു; മറ്റൊരാളെ ഇരുത്തി”.

ഒട്ടും ആലോചിക്കാതെ ഞാന്‍ ഉത്തരം നല്‍കി.

“തുലാസ്”

പ്രണയത്തിന്റെ തുലാസില്‍ നിന്നും ചലനനിയമം പഠിച്ച ഞങ്ങള്‍ പുതിയൊരു കടങ്കഥയുണ്ടാക്കി.

‘മുന്നില്‍ അങ്ങാടി,
മുളയുടെ അടിയില്‍ ചാവടി
കടന്നവരുണ്ട്,
ഇറങ്ങിയവരില്ല’

അതിന്റെ ഉത്തരം ഞങ്ങള്‍ക്ക് ഇതുവരെ കിട്ടിയില്ല. അങ്ങനെ ഞങ്ങളുടെ പ്രണയം അനുദിനം പൂത്തുലഞ്ഞു. (പ്രണയലീലകള്‍ ഇനിയുമേറെയുണ്ട്. നേരത്തെ പറയാതെ വച്ച പറഞ്ഞിട്ടു തുടരാം).

എഞ്ചിനീയറിംഗ് കോളജിന്റെ പിറവി...

പണ്ട്, എന്നുവച്ചാല്‍ വളരെ പണ്ട് എന്റെ അമ്മേന്റെ മുതുമുത്തശ്ശിക്ക് പുരുഷധനം കിട്ടിയതായിരുന്നു ഈ ഭൂമി. സ്ത്രീധനമില്ലാത്ത കാലമായിരുന്നു അത്. വിവാഹം കഴിക്കണമെങ്കില്‍ ഈ ദേശത്ത് പുരുഷന്‍ ഒരു നിശ്ചിത സംഖ്യയോ സ്ഥലമോ വധുവിന്റെ പേരില്‍ എഴുതിക്കൊടുക്കണമായിരുന്നു. മുത്തശ്ശിയുടെ ചേലുകണ്ട മുത്തശ്ശന്‍ ഒട്ടും ആലോചിക്കാതെയാണ് ഭൂമി നല്‍കിയത്. വീട്ടുകാരും നാട്ടുകാരും ‘അച്ചി’ എന്നുവിളിച്ചിരുന്ന ആ മുത്തശ്ശി ഇരുനൂറാം വയസ്സിലാണ് മരിച്ചതെന്ന് ഒരു കഥ ഞാന്‍ കേട്ടിട്ടുണ്ട്. മൂന്നിലധികം സമുദായങ്ങളുടെ ശ്മശാനഭൂമിയായിരുന്ന ഇവിടെ അധിനിവേശവൃക്ഷത്തിന്റെ(അച്ഛന്റെ വാക്ക്) വിത്തുകള്‍ പാകിയതും ഈ അച്ചിയാണ്. പറങ്കിപ്പഴങ്ങള്‍ വാറ്റിയെടുത്ത് ലഹരി നുരയ്ക്കുന്ന റാക്ക് തീര്‍ക്കാന്‍ തുടങ്ങിയത് ആരുടെ കാലത്താണ് എന്നതിന് വ്യക്തമായ രേഖകള്‍ ഇല്ല. എന്തായാലും അമ്മാവന്‍ അവകാശപ്പെടുന്നത് അത് കുലത്തൊഴിലാണെന്നാണ്.

പന്ത്രണ്ടോ പതിനഞ്ചോ തലമുറകള്‍ക്ക് മുമ്പ് മാതമംഗലത്തുനിന്നും എരമത്തുനിന്നും പെരുന്തട്ടയില്‍ നിന്നുമൊക്കെ നായാട്ടിനെത്തിയവരാണ് ഞങ്ങളുടെ പൂര്‍വികരെന്നൊരു പക്ഷമുണ്ട്. അന്ന് ഇവിടം മുഴുവന്‍ കാടായിരുന്നു. ചെങ്കല്‍പ്പാറകള്‍ക്കിടയില്‍ കാട്ടുമരങ്ങള്‍ തഴച്ചുനിന്നിരുന്നു. (അന്ന് ഈ ചെങ്കല്‍പ്പാറകള്‍ രൂപപ്പെട്ടിരുന്നില്ലെന്നും ഒറിജിനല്‍ എക്കല്‍‌മണ്ണായിരുന്നുവെന്നും ഭൌമശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.) കാട്ടിനകം നിറയെ മുയലും മയിലും മാനും പുലിയും കൂരനുമൊക്കെ വിഹരിച്ചിരുന്നു. കന്നുകാലികളുമായി, കുന്നുകള്‍ മതിലുകെട്ടി വളച്ച ചെങ്കല്‍പ്പാറയിലേക്ക് വന്നവരായിരുന്നു പൂര്‍വികരെന്നും അവര്‍ക്ക് കോലത്തിരിയുടെ ഉപതലസ്ഥാനമുണ്ടായിരുന്നുവെന്നും അമ്മാവന്‍ റാക്ക് ലഹരിയില്‍ പുലമ്പുന്നത് കേട്ടിട്ടുണ്ട്.

ഏതായാലും കൊല്ലവര്‍ഷം 1069 ധനു 22ന് (1894 ജനുവരി 6) കുപ്പോള്‍ ശാസ്താക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന കോലക്കാട്ടില്ലത്ത് പരുശുരാമന്‍ എമ്പ്രാന്തിരി രജിസ്റ്റര്‍ ചെയ്തുകൊടുത്ത ആ രേഖയില്‍ അമ്പലത്തിലെ ശാന്തിവൃത്തിക്കുള്ള പ്രതിഫലം സംബന്ധിച്ച നിശ്ചയങ്ങളും ബാധ്യതകളും വിവരിക്കുന്നു. രേഖയെഴുതിക്കൊടുത്ത പതിനാലു തറവാടുകളിലെ കാരണവന്മാരില്‍ ഏകകാരണവത്തിയുള്ളതും ഒന്നാം സ്ഥാനത്തുള്ളതും ഞങ്ങളുടെ തറവാടാണ്. പരക്കിയില്ലത്ത് അച്ചിയുടെ തറവാട്. കച്ചും ചുരികയും വെച്ച് ആചാരം കൊണ്ടവളായിരുന്നു എന്റെ അച്ചി.

കാലമേറെ ചെന്നപ്പോള്‍ കോലവും മാറി. പുരുഷധനം മാറി സ്ത്രീധനമായി. അങ്ങനെയാണ് പൊളവന്‍ കുഞ്ഞിക്കണ്ണന്‍ എന്ന എന്റെ തന്തയ്ക്ക് ഈ പറങ്കിത്തോട്ടം സ്ത്രീധനമായി ലഭിക്കുന്നത്. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ചെങ്കല്‍പ്പാറകളില്‍ വിശ്വാസമില്ലാത്തതിനാലാണ് പത്തുപതിനഞ്ച് കൊല്ലം മുമ്പ് ഈ ഭൂമിയത്രയും വിറ്റുകളഞ്ഞത്. പാറപ്പുറത്ത് വളരുന്ന ഏകവൃക്ഷം കശുമാവ് മാത്രമായിരുന്നു. അത് അച്ഛന് ഒട്ടും ഇഷ്ടമല്ലായിരുന്നു. അധിനിവേശത്തിന്റെ വൃക്ഷം എന്നാണ് അച്ഛന്‍ അതിനെ വിളിച്ചത്.

“അത് എന്റെ ഭാഗ്യം.... എന്റെ മാത്രമല്ല എന്നെപ്പോലുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാഗ്യം... ആഞ്ജനേയാ, മഹാനാണ് നിന്റെ അച്ഛന്‍ പൊളവന്‍ കുഞ്ഞിക്കണ്ണന്‍.”

സനൂജ എന്റെ അച്ഛനെ സ്തുതിച്ചത് ആയിരം നാവുകള്‍ കൊണ്ടാണ്. അവള്‍ പറഞ്ഞ നന്ദിവാചകങ്ങളില്‍ ഒറ്റയൊന്ന് മതി അമ്മയുടെ നിത്യവുമുള്ള ശാപവചനങ്ങളില്‍ നിന്നും അമ്മാവന്റെ പുലയാട്ടുകളില്‍ നിന്നും ഗതികേടിന്റെ അന്ത്യനിമിഷങ്ങളില്‍ ഈ ഞാന്‍ പോലും ഉരിച്ചെറിയുന്ന നിന്ദാവാചകങ്ങളില്‍ നിന്നും അച്ഛന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍.

പൊളവന്‍ കുഞ്ഞിക്കണ്ണനെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളത്...

ഒരു ദിവസം എന്റെ പെട്ടിക്കടയുടെ പിന്നിലെ കാടുപിടിച്ചു കിടക്കുന്ന, അച്ഛന്റെ കുഴിമാടത്തിനരികിലേക്ക് സനൂജ അവളുടെ കൂട്ടുകാരെയും കൂട്ടിവന്നു. അവര്‍ ഒരു പ്രകടനം പോലെ ഒഴുകിയെത്തി. അവരില്‍ ചിലര്‍ എന്റെ കാലുകളിലും കൈകളിലും പിടിച്ചു വിതുമ്പി.

“മഹാനായ പി കുഞ്ഞിക്കണ്ണനെ ഞങ്ങള്‍ കോളജിന്റെ ഫൌണ്ടര്‍മാരേക്കാളും ആഴത്തില്‍ സ്നേഹിക്കുന്നു. ഗാന്ധിജിയേപ്പൊലെ എ കെ ജിയെപ്പോലെ ധീരനാണ് നിങ്ങടെ അച്ഛന്‍”.

എ കെ ജിയും ഗാന്ധിജിയുമൊന്നും കള്ളുകുടിക്കാനും ചീട്ടുകളിക്കാനും ഭൂമി വിറ്റിട്ടില്ലെന്ന് പറയണമെന്ന് കരുതി. എങ്കിലും സനൂജ പഠിപ്പിച്ചുതന്ന അഭിനയത്തികവിന്റെ മികവില്‍ ഞാന്‍ പറഞ്ഞു.

“അച്ഛന് കശുമാവ് ഇഷ്ടമായിരുന്നില്ല. അധിനിവേശത്തിന്റെ മരണമാണത്”.

ഷാപ്പ് - റോഡ് കോണ്‍‌ട്രാക്ടര്‍ പന്നിവേലില്‍ തമ്പിയുടെ പുത്രന്‍ സുജിത്തിന്റെ വാക്കുകള്‍:

“ആഞ്ജനേയാ, എന്‍‌ട്രന്‍സില്‍ റാങ്ക് രണ്ടുലക്ഷത്തി ഇരുപത്തിരണ്ടായിരത്തി ഇരുനൂറ്റി ഇരുപത്തിരണ്ട് ആയിരുന്ന എനിക്ക് എന്‍‌ജീനിയറിംഗ് പഠിക്കാന്‍ അവസരമൊരുക്കിയത് നിങ്ങടെ അച്ഛന്‍ ശ്രീ... ശ്രീ കുഞ്ഞിക്കണ്ണന്റെ ഔദാര്യം കൊണ്ട് മാത്രമാ...”

വാക്കുകള്‍ മുറിച്ച് അവന്‍ വിതുമ്പി. അവന്റെ പഴുതാരക്കൃതാവ് വഴി ചാലുകീറിയെത്തിയ കണ്ണീര്‍ എന്റെ മിഠായി ഭരണികളില്‍ ചിന്നിച്ചിതറി.

ഞങ്ങടെ ബ്രാഞ്ച് സെക്രട്ടറി റിട്ട. കേണല്‍ ചന്ദ്രശേഖരന്‍ നായരുടെ ഇരട്ട പെണ്‍‌മക്കള്‍ ശാരിയുടെയും ഗീതുവിന്റെയും വാക്കുകള്‍:

“ഞങ്ങള്‍ എന്‍‌ട്രന്‍സ് എഴുതിയിട്ടേയില്ല....നിങ്ങടെ അച്ഛനില്ലായിരുന്നുവെങ്കില്‍...”

അവരുടെ കണ്ണീരുവീണ ഒയലിച്ച മുട്ടായിക്ക് ആരാന്റെ വിയര്‍പ്പ് ചുവയുണ്ടെന്ന് അത് വാങ്ങിത്തിന്ന, കോളജിലെ അജീഷ് എന്നെ പിന്നീട് അറിയിക്കുകയുണ്ടായി.

അച്ഛന്റെ വീരഗാഥകള്‍ കോളജ് മുഴുവന്‍ പാടിക്കൊടുത്തത് സനൂജയാണ്. ഒറ്റദിവസം കൊണ്ട് കോളജ് ഫൌണ്ടര്‍മാരേക്കാളും മാനേജ്‌മെന്റ് പ്രതിനിധികളേക്കാളും സ്റ്റാര്‍‌വാല്യു പൊളവന്‍ കുഞ്ഞിക്കണ്ണന് ലഭിച്ചു. എനിക്കുമിത് വളരെയേറെ ഗുണം ചെയ്തു. എന്റെ മിഠായിഭരണികള്‍ വളരെപ്പെട്ടെന്ന് നിറയുകയും ഒഴിയുകയും ചെയ്തു. ക്യാമ്പസിനകത്തെ സുന്ദരമായ സ്റ്റോറിനെ ഒഴിവാക്കി വിദ്യാര്‍ഥികള്‍ കുഞ്ഞിക്കണ്ണന്റെ മകന്റെ കട തേടിയെത്തി.

പെരിങ്ങോം ടൌണില്‍ ഒരു തുക്കടാ പാരലല്‍ കോളജ് നടത്തിയിരുന്ന മാത്യുസാറിനും മധുമാഷിനും സംഘത്തിനും സ്വാശ്രയകോളജ് തുടങ്ങാന്‍ പന്ത്രണ്ടേക്കര്‍ ഭൂമി ചുളുവിലക്ക് വിട്ടുകൊടുത്ത കുഞ്ഞിക്കണ്ണന്റെ മകന്‍ ആഞ്ജനേയനെ മാനേജ്‌മെന്റ് മറക്കും. അതിനുള്ള തെളിവാണല്ലോ സെന്റ് ജോസഫ് പുണാളന്റെ പേരിനൊപ്പം മതസൌഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ എന്ന വ്യാജേന, ഈ പാറകള്‍ക്കിടയില്‍ കള്ളവാറ്റ് നടത്തിയിരുന്ന ബാറ്ററി കരുണന്റെ പേര് ചേര്‍ത്തപ്പോള്‍ കുഞ്ഞിക്കണ്ണനെ മറന്നത്. പക്ഷേ വിദ്യാര്‍ഥികള്‍ നന്ദിയുള്ളവരാണ്. പയ്യന്നൂരിലെയോ ചെറുപുഴയിലെയോ ഏതെങ്കിലും പാരലല്‍ കോളജിന്റെ രണ്ടും‌മൂന്നും നിലകളില്‍ കുടുങ്ങിപ്പോകുമായിരുന്ന അവരുടെ കൌമാരസ്വപ്നങ്ങളെ ലഹരി പൂക്കുന്ന പറങ്കിത്തോപ്പുകളില്‍ അലയാന്‍ അനുവദിച്ചത് കുഞ്ഞിക്കണ്ണന്‍ എന്ന മനുഷ്യന്റെ വിശാലമനസ്കതയാണ്. അവരുടെ ടെക്നോക്രാറ്റ് സ്വപ്നങ്ങള്‍ക്ക് ഊടും‌പാവും നെയ്യാന്‍ ചെങ്കല്‍‌പ്പാറകള്‍ക്കിടയ്ക്ക് താവളമൊരുക്കിയത്, കാമലീലകള്‍ക്ക് പറങ്കിപ്പച്ചപ്പിന്റെ മെത്തയൊരുക്കിയത് - ഒക്കെയും പൊളവന്‍ കുഞ്ഞിക്കണ്ണനാണ്.

കോളജിന്റെ പേര് ‘ശ്രീ കുഞ്ഞിക്കണ്ണമെമ്മോറിയല്‍’ എന്നാക്കണമെന്നാവശ്യപ്പെട്ട് ഒരുപക്ഷേ വിദ്യാര്‍ഥി സംഘടനകള്‍ നാളെ സമരം ചെയ്തേക്കും. ഉമ്മറത്തെ ശിലാഫലകങ്ങളിലെ മുതല്‍ മുടക്കികളുടെ പേരില്‍ ആദ്യഭാഗത്ത് 1. ശ്രീ പി കുഞ്ഞിക്കണ്ണന്‍ 2. ശ്രീമതി കുഞ്ഞിക്കണ്ണന്‍. 3. ശ്രീ സുഗതന്‍ 4. ശ്രീ അഞ്ജനേയന്‍ എന്നിങ്ങനെ പേരുകള്‍ നാളെ രേഖപ്പെടുത്തിയേക്കും. അച്ഛന്‍ പുകഴ്ത്തുന്നവരോടൊക്കെയും ഞാന്‍ പറഞ്ഞു.

WEBDUNIA|
“അച്ഛന് കശുമാവ് ഇഷ്ടമായിരുന്നില്ല. അത് അധിനിവേശത്തിന്റെ മരമാണ്”.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :