നടി ആക്രമിക്കപ്പെട്ടിട്ട് ഇന്നേക്ക് 9 വർഷം; 'അവൾക്കൊപ്പം' കാമ്പയിനുമായി ഡബ്ല്യുസിസി

'2017 ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായിരുനെങ്കിലും, അതേ ദിവസമായിരുന്നു അവള്‍ സധൈര്യം അനീതിക്കെതിരെ പ്രതികരിച്ചത്"

WCC, Avalkoppam, bhavana, WCC, അവള്‍ക്കൊപ്പം, ഭാവന
രേണുക വേണു| Last Modified ചൊവ്വ, 17 ഫെബ്രുവരി 2026 (11:04 IST)
WCC
നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന ഫെബ്രുവരി 17ന് കൂട്ടായ്മ സംഘടിപ്പിക്കാൻ ഡബ്ല്യുസിസി. കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തുമാണ്
ഇന്ന് പരിപാടി സംഘടിപ്പിക്കുന്നത്. കോഴിക്കോട് മാനാഞ്ചിറ ഓപ്പണ്‍ സ്റ്റേജിലും കൊച്ചിയില്‍ മറൈന്‍ ഡ്രൈവിലും തിരുവനന്തപുരം മാനവീയം വീഥിയിലുമാണ് പരിപാടി നടക്കുക. 2017 ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായിരുന്നെങ്കിലും, അതേ ദിവസമായിരുന്നു അവള്‍ സധൈര്യം അനീതിക്കെതിരെ പ്രതികരിച്ചതെന്ന് ഡബ്ല്യുസിസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

'2017 ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായിരുനെങ്കിലും, അതേ ദിവസമായിരുന്നു അവള്‍ സധൈര്യം അനീതിക്കെതിരെ പ്രതികരിച്ചത്. അവളുടെ പോരാട്ടത്തിനായി നമ്മള്‍ ഒരുമിച്ച് നില്‍ക്കുമെന്ന തീരുമാനത്തോടെയായിരുന്നു 'അവള്‍ക്കൊപ്പം' എന്ന പ്രസ്ഥാനം പിറന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി കേരളത്തിന്റെ സാമൂഹിക പരിവര്‍ത്തനത്തില്‍ ഒരു ചെറിയ പങ്കു വഹിച്ച ഈ പ്രസ്ഥാനം ഇരയാക്കപ്പെട്ടവരെ അതിജീവിതകളാക്കാന്‍ നിരന്തരം പ്രവര്‍ത്തിച്ചു. പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട്, ഡബ്ല്യുസിസി അവള്‍ക്കൊപ്പവും, അതിജീവിച്ച എല്ലാവര്‍ക്കും ഒപ്പം നില്‍ക്കുന്നവരെയും ഈ യാത്രയുടെ ഭാഗമാവാന്‍ ക്ഷണിക്കുന്നു. ഇരുട്ടിന്റെ മറ നീക്കി നമുക്ക് വെളിച്ചത്തിന്റെ തിരി തെളിക്കാം' -ഡബ്ല്യുസിസി പ്രസ്താവനയില്‍ പറഞ്ഞു.

2017 ഫെബ്രുവരി 17ന് സിനിമാ ഷൂട്ടിങ് ആവശ്യത്തിന് തൃശൂരിൽ നിന്നുള്ള യാത്രക്കിടെ എറണാകുളം അത്താണിയിൽ എത്തിയപ്പോഴാണ് നടി വാഹനത്തിനുള്ളിൽ ആക്രമിക്കപ്പെട്ടത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷിച്ചിരുന്നു. ഗൂഢാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെടുകയും നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിടുകയുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :