രേണുക വേണു|
Last Modified ചൊവ്വ, 17 ഫെബ്രുവരി 2026 (10:56 IST)
മ്യൂസിക് കമ്പനിയായ സരിഗമയുടെ കൈവശമുള്ള ഗാനങ്ങളും ഈണങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കുന്നതില്‍ സംഗീത സംവിധായകനായ ഇളയരാജയെ വിലക്കി ഡല്‍ഹി ഹൈക്കോടതി. ജസ്റ്റിസ് തുഷാര്‍ റാവു ഗേദേലയുടെ ബെഞ്ച് ഫെബ്രുവരി 13-ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, 134-ലധികം ചലച്ചിത്രങ്ങളിലെ ഈണങ്ങള്‍
ഉപയോഗിക്കുന്നതില്‍ നിന്നാണ് ഇളയരാജയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. സരിഗമയുടെ കൈവശമുള്ള ഗാനങ്ങള്‍ ഇളയരാജ സ്വന്തം പേരില്‍ അപ്ലോഡ് ചെയ്തതിന് പിന്നാലെയാണ് സരിഗമ കോടതിയെ സമീപിച്ചത്.
1976 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തില്‍ വിവിധ സിനിമാ നിര്‍മാതാക്കളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഈ ഗാനങ്ങളുടെ പകര്‍പ്പാവകാശം തങ്ങള്‍ക്കാണെന്നാണ് സരിഗമെ കോടതിയില്‍ വാദിച്ചത്. 1957ലെ പകര്‍പ്പാവകാശ നിയമപ്രകാരം പ്രത്യേക കരാറുകള്‍ ഇല്ലെങ്കില്‍ സിനിമയുടെ നിര്‍മാതാവാണ് സിനിമയിലെ സൃഷ്ടികളുടെ ആദ്യ ഉടമയെന്നും സരിഗമ കോടതിയില്‍ വാദിച്ചു. 2026 ഫെബ്രുവരിയില്‍ ഇളയരാജ സരിഗമയ്ക്ക് കോപ്പിറൈറ്റുള്ള ഗാനങ്ങള്‍ സ്വന്തം പേരില്‍ ആമസോണ്‍ മ്യൂസിക്, ഐട്യൂണ്‍സ്, ജിയോ സാവന്‍ തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ അപ്ലോഡ് ചെയ്തതോടെയാണ് സരിഗമ കോടതിയെ സമീപിച്ചത്. ഇത് കോപ്പിറൈറ്റ് ലംഘനമാണെന്നും ഈ ട്രാക്കുകളുടെ ഉടമസ്ഥത സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്നും സരിഗമ വാദിച്ചു.
'എന്‍ ഇനിയ പൊന്‍ നിലവേ' എന്ന ജനപ്രിയ തമിഴ് ഗാനത്തിന്റെ കോപ്പിറൈറ്റ് തര്‍ക്കത്തിലും ഇളയരാജയും സരിഗമയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇളയരാജയുടെ നടപടി സരിഗമയ്ക്ക് നികത്താനാവാത്ത നഷ്ടമുണ്ടാക്കിയെന്നും സരിഗമയുടെ ഉടമസ്ഥതയിലുള്ള ഗാനങ്ങള്‍ ഇളയരാജയ്‌ക്കോ അദ്ദേഹത്തിന്റെ പാങ്കാളികള്‍ക്കോ ഉപയോഗിക്കാനോ മൂന്നാം കക്ഷികള്‍ക്ക് ലൈസന്‍സ് നല്‍കാനോ കഴിയില്ലെന്നാണ് നിലവില്‍ കോടതി വ്യക്തമാക്കിയിരിക്കുന്നത്.