രേണുക വേണു|
Last Modified ചൊവ്വ, 20 ജനുവരി 2026 (16:33 IST)
എല്ലാം മാറ്റി മറിച്ച സിനിമയായിരുന്നു 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രമെന്ന് നടി ഭാവന. ഒരുപാട് 'നോ'കൾ പറഞ്ഞതിന് ശേഷമാണ് അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം താൻ ഈ ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് തിരിച്ചു വരുന്നത്.
ആദ്യമൊക്കെ വേണ്ട എന്നു തന്നെയായിരുന്നു മറുപടി, ചിത്രത്തിന്റെ സ്ക്രിപ്റ്റ് വായിക്കാൻ പോലും താത്പര്യമുണ്ടായിരുന്നില്ല എന്ന്
ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തില്‍ നടി പറഞ്ഞു.
"വേണ്ട എന്ന് ഒരുപാട് പറഞ്ഞു, സ്ക്രിപ്റ്റ് വായിക്കാൻ പോലും എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. ഓരോ തവണ സ്ക്രിപ്റ്റ് വായിക്കാൻ ആവശ്യപ്പെടുമ്പോഴും എന്റെ ഉത്തരം 'ഇല്ല' എന്ന് തന്നെയായിരുന്നു. അന്നത്തെ എന്റെ അവസ്ഥയിൽ അതൊന്നും കേൾക്കാൻ പോലും
താൽപര്യമില്ലായിരുന്നു"-
ഭാവന പറഞ്ഞു.
എന്നാൽ താൻ സിനിമയിലേക്ക് തിരിച്ചുവരാനുണ്ടായ കാരണം തന്റെ സുഹൃത്തുക്കളാണെന്നും അവരുടെ ചെറിയൊരു ചോദ്യമാണ് ആ സിനിമയിൽ അഭിനയിക്കാൻ കാരണമായതെന്നും നടി വിശദീകരിക്കുന്നു.
"സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് എന്റെ സുഹൃത്തുക്കൾ എന്നോട് ചോദിച്ചു. എനിക്ക് ഉത്തരമുണ്ടായിരുന്നില്ല. അവിടെ നിന്ന് ഞാൻ ചിന്തിച്ചു. പെട്ടന്ന് ഒരു ഇടവേള എടുക്കാൻ തീരുമാനിച്ചതു പോലെ തന്നെ പെട്ടന്ന് സിനിമയിലേക്ക് തിരിച്ചുവരാനും തീരുമാനിച്ചു. ഞാൻ തിരക്കഥ വായിച്ചു, സിനിമ ചെയ്തു"- ഭാവന പറഞ്ഞു.
അനോമിയാണ് ഭാവനയുടെ തീയറ്ററിലേക്കെത്താൻ പോകുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് നടി. സാറ ഫിലിപ് എന്ന ചിത്രത്തിലെ കഥാപാത്രത്തിനും തനിക്കും ഒരുപാട് സാമ്യതകള്‍ ഉണ്ട് എന്ന് ഭാവന പറയുന്നു.