രേണുക വേണു|
Last Modified വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (11:38 IST)
ഒരു സെറ്റില്‍ നിന്ന് മറ്റൊരു സെറ്റിലേക്ക് ഓടിനടന്നിരുന്ന നടിയായിരുന്നു ഉര്‍വശി. മലയാള സിനിമയില്‍ നായകന്‍മാരെ പോലും കവച്ചുവച്ച ഒട്ടേറെ പ്രകടനങ്ങള്‍ ഉര്‍വശി നടത്തിയിട്ടുണ്ട്. ഇത്ര തിരക്കിനിടയിലും സൗഹൃദത്തിന്റെ പേരില്‍ ഉര്‍വശി ഒരു സിനിമ ചെയ്തിട്ടുണ്ട്. മോഹന്‍ലാലും ജഗതിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ മാത്രം ഉര്‍വശി ചെയ്ത കഥാപാത്രമാണ് അത്. ഇന്നും നിരവധി ആരാധകര്‍ ഉള്ള സംഗീത് ശിവന്‍ ചിത്രം യോദ്ധയാണ് അത്.
ദമയന്തി എന്ന കഥാപാത്രത്തെയാണ് യോദ്ധയില്‍ ഉര്‍വശി അവതരിപ്പിച്ചിരിക്കുന്നത്. ജഗതിയുടെ അരുശുംമൂട്ടില്‍ അപ്പുക്കുട്ടന്‍ എന്ന കഥാപാത്രത്തിന്റെ മുറപ്പെണ്ണാണ് ദമയന്തി. ആറോ ഏഴോ സീനില്‍ മാത്രമേ ഉര്‍വശി യോദ്ധയില്‍ എത്തുന്നുള്ളൂ. ഉര്‍വശി വലിയ തിരക്കുള്ള നടിയായിരുന്നു ആ സമയത്ത്. എന്നാല്‍, ചെറിയ കഥാപാത്രമാണെന്ന് അറിഞ്ഞിട്ടും യോദ്ധയില്‍ അഭിനയിക്കാന്‍ ഉര്‍വശി സമ്മതം അറിയിച്ചു. അതിന്റെ നന്ദിയും കടപ്പാടും ഉര്‍വശിയോട് എന്നും ഉണ്ടായിരിക്കുമെന്ന് സംവിധായകന്‍ സംഗീത് ശിവന്‍ പറഞ്ഞിട്ടുണ്ട്. വലിയ സൗഹൃദത്തിന്റെ പേരില്‍ താന്‍ ചെയ്ത കഥാപാത്രമാണ് ദമയന്തിയെന്ന് ഉര്‍വശിയും പലപ്പോഴും പറഞ്ഞിട്ടുണ്ട്.