യോദ്ധയിലെ 'പടകാളി' പാട്ടിന്റെ ചിത്രീകരണം ആലോചിച്ചത് മറ്റൊരു രീതിയില്‍; തിരിച്ചടിയായി കാലാവസ്ഥ, ഒടുവില്‍ ഒരു പന്തല്‍ വലിച്ചുകെട്ടി ഷൂട്ടിങ്

രേണുക വേണു| Last Modified വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (10:24 IST)

മോഹന്‍ലാലും ജഗതിയും മത്സരിച്ചഭിനയിച്ച സിനിമയാണ് യോദ്ധ. 1992 സെപ്റ്റംബര്‍ മൂന്നിനാണ് സിനിമ റിലീസ് ചെയ്തത്. ഇന്നേക്ക് 29 വര്‍ഷമായി മലയാളികള്‍ തൈപ്പറമ്പില്‍ അശോകനെയും അരശുംമൂട്ടില്‍ അപ്പുക്കുട്ടനെയും ഏറ്റെടുത്തിട്ട്. യോദ്ധയിലെ 'പടകാളി' എന്ന് ആരംഭിക്കുന്ന ഗാനം ഇപ്പോഴും സൂപ്പര്‍ഹിറ്റാണ്. ഗാനമേളകളിലും സ്റ്റേജ് പരിപാടികളിലും ഈ പാട്ട് നിര്‍ബന്ധമാണ്.

'പടകാളി' എന്ന് ആരംഭിക്കുന്ന ഈ ഗാനത്തിന്റെ ചിത്രീകരണം യഥാര്‍ഥത്തില്‍ ഇപ്പോള്‍ കാണുന്ന പോലെയല്ല സംവിധായകന്‍ ഉദ്ദേശിച്ചിരുന്നത്. കുറച്ചുകൂടി വലിയ കാന്‍വാസിലാണ് ഈ പാട്ടിന്റെ ചിത്രീകരണം ആലോചിച്ചിരുന്നത്. ഇതിനെ കുറിച്ച് യോദ്ധയുടെ സംവിധായകന്‍ സംഗീത് ശിവന്‍ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.

'കൂടുതല്‍ വിശാലമായ കാന്‍വാസില്‍ ആര്‍ഭാടപൂര്‍വം ചിത്രീകരിക്കാന്‍ ഉദ്ദേശിച്ച പാട്ടാണത്. ഒരു മിനി തൃശൂര്‍ പൂരത്തിന്റെ മാതൃകയില്‍. ചിരവൈരികളായ രണ്ടു കൂട്ടര്‍ തമ്മിലുള്ള പൊരിഞ്ഞ മത്സരമാണ്. ആനകളും ചെണ്ടമേളവും ഒക്കെയുള്ള ഒരു പൂരപ്പറമ്പില്‍ നൂറു കണക്കിന് ആളുകളെ വെച്ച് അത് ചിത്രീകരിക്കണം എന്നായിരുന്നു മോഹം. പക്ഷേ പ്രകൃതി കനിഞ്ഞില്ല. മൂന്നു ദിവസം തുടര്‍ച്ചയായി മഴ. ഒടുവില്‍ ഒരുപന്തല്‍ വലിച്ചുകെട്ടി പാട്ടു ഷൂട്ട് ചെയ്യേണ്ടി വന്നു. പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഷൂട്ട് ചെയ്തിട്ടും പാട്ടുരംഗം മോശമായില്ല എന്ന് പലരും പറഞ്ഞറിയുമ്പോള്‍ സന്തോഷം തോന്നും,' സംഗീത് ശിവന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :