രേണുക വേണു|
Last Modified ഞായര്‍, 27 ജൂണ്‍ 2021 (16:12 IST)
സ്ത്രീവിരുദ്ധ പരാമര്‍ശവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. വര്‍ക്കല പൊലീസ് സ്റ്റേഷന്‍ എസ്.ഐ. ആനി ശിവയുടെ ചിത്രം പങ്കുവച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സ്ത്രീവിരുദ്ധ പരാമര്‍ശം നടന്‍ നടത്തിയിരിക്കുന്നത്. 'വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്‌നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത്' എന്ന ഉണ്ണി മുകുന്ദന്റെ പരാമര്‍ശത്തിനെതിരെ സ്ത്രീകള്‍ തന്നെ രംഗത്തെത്തി. വലിയ പൊട്ട് നോക്കിയാണോ സ്ത്രീശാക്തീകരണം തീരുമാനിക്കുന്നതെന്ന് നിരവധിപേര്‍ ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് താഴെ ചോദിച്ചിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ കുറച്ചെങ്കിലും ശ്രദ്ധിക്കാന്‍ ഉണ്ണി മുകുന്ദന് ഉത്തരവാദിത്തമുണ്ടെന്നാണ് മറ്റൊരു കമന്റ്.
ഭര്‍ത്താവിനാലും സ്വന്തം വീട്ടുകാരാലും തിരസ്‌കരിക്കപ്പെട്ട് ആറുമാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് 19-ാം വയസ്സില്‍ തെരുവിലേക്ക് ഇറങ്ങിയ പെണ്‍കുട്ടിയാണ് പിന്നീട് 12 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം വര്‍ക്കല എസ്.ഐ. ആയി ജോലി ചെയ്യുന്നത്. ആനി ശിവയുടെ ജീവിതകഥ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.