'ഇന്ത്യന്‍ റുപ്പിക്കൊപ്പമോ അതിനും മുകളിലോ..' ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തിലകന്‍ വലിയ പ്രതീക്ഷയിലായിരുന്നു

രേണുക വേണു| Last Modified ചൊവ്വ, 29 ജൂണ്‍ 2021 (09:57 IST)

മലയാള സിനിമയുടെ പെരുന്തച്ചനാണ് തിലകന്‍. എണ്ണിയാലൊടുങ്ങാത്ത അത്രയും മികച്ച വേഷങ്ങള്‍ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത കാരണവര്‍. അവസാന നിമിഷം വരെ സിനിമ മാത്രമായിരുന്നു തിലകന്റെ ഉള്ളില്‍. രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പി, അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളില്‍ തന്റെ അവസാന സമയത്താണ് തിലകന്‍ ഏറ്റവും ശക്തമായ കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയത്. അതില്‍ തന്നെ ഉസ്താദ് ഹോട്ടല്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണെന്ന് തിലകന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ഇന്ത്യന്‍ റുപ്പിക്കൊപ്പമോ അതിനും മുകളിലോ ആണ് ഉസ്താദ് ഹോട്ടലിലെ തന്റെ കഥാപാത്രം നില്‍ക്കുന്നത് ഷൂട്ടിങ് വേളയില്‍ തന്നെ തിലകന്‍ പറഞ്ഞിരുന്നു. മനുഷ്യരുടെ ജീവിതപരിസരങ്ങളുമായി ഏറ്റവും അടുത്ത കഥയാണെന്നും തനിക്ക് അഭിനയിക്കാന്‍ കൂടുതല്‍ സാധ്യതകളുണ്ടെന്നും തിലകന്‍ അന്ന് പറഞ്ഞിരുന്നു. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ നേരിടുന്ന സമയത്താണ് തിലകന്‍ ഉസ്താദ് ഹോട്ടലില്‍ അഭിനയിക്കുന്നത്. എന്നാല്‍, ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഉസ്താദ് ഹോട്ടലിനോട് യാതൊരു വിട്ടുവീഴ്ചയ്ക്കും തിലകന്‍ തയ്യാറല്ലായിരുന്നു.

അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് ഒരുക്കിയ ഉസ്താദ് ഹോട്ടല്‍ റിലീസ് ചെയ്തിട്ട് ഇന്നേക്ക് ഒന്‍പത് വര്‍ഷം തികഞ്ഞിരിക്കുകയാണ്. ദുല്‍ഖാര്‍ സല്‍മാന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ഉസ്താദ് ഹോട്ടല്‍. തിലകനും ദുല്‍ഖറും ഒരുമിച്ചുള്ള സീനുകളെല്ലാം വലിയ ശ്രദ്ധനേടി. നിത്യ മേനോന്‍ ആണ് ഉസ്താദ് ഹോട്ടലില്‍ നായികയായി അഭിനയിച്ചത്. സിദ്ധിഖ്, മണിയന്‍പിള്ള രാജു, മാമ്മുക്കോയ, ആസിഫ് അലി തുടങ്ങിയവരും ഉസ്താദ് ഹോട്ടലില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങളെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :