ഏഴു പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ വിസ്മയിപ്പിച്ച ഹോളിവുഡ് ഇതിഹാസം റോബര്‍ട്ട് ഡുവാല്‍ (95) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വിര്‍ജീനിയയിലെ വസതിയിലായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. ലോകസിനിമയിലെ ഏറ്റവും മികച്ച സ്വഭാവനടന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഡുവാലിന്റെ വിയോഗം ഹോളിവുഡിന്റെ ഒരു സുവര്‍ണ്ണ കാലഘട്ടത്തിനാണ് വിരാമമിടുന്നത്.
1962-ല്‍ പുറത്തിറങ്ങിയ 'ടു കില്‍ എ മോക്കിംഗ്‌ബേര്‍ഡ്' എന്ന ചിത്രത്തിലെ ബൂ റാഡ്‌ലി എന്ന നിശബ്ദ കഥാപാത്രത്തിലൂടെയാണ് ഡുവാല് വെള്ളിത്തിരയില്‍ ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ 1972-ല്‍ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുടെ 'ദി ഗോഡ്ഫാദര്‍' (The Godfather) എന്ന വിഖ്യാത ചിത്രത്തിലെ ടോം ഹേഗന്‍ എന്ന വക്കീല്‍ വേഷം അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. കോര്‍ലിയോണ്‍ കുടുംബത്തിന്റെ വിശ്വസ്തനായ ഉപദേശകനായി ഡുവാല് തകര്‍ത്താടിയപ്പോള്‍ അത് ലോകസിനിമയിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്നായി മാറി.
1983-ല്‍ 'ടെന്‍ഡര്‍ മേഴ്‌സീസ്' (Tender Mercies) എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. ഏഴു തവണ ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ലഭിച്ചിട്ടുള്ള അദ്ദേഹം 'അപ്പോക്കലിപ്‌സ് നൗ' (Apocalypse Now) എന്ന ചിത്രത്തിലെ ലെഫ്റ്റനന്റ് കേണല്‍ കില്‍ഗോര്‍ എന്ന കഥാപാത്രത്തിലൂടെയും സിനിമാ ചരിത്രത്തില്‍ ഇടംപിടിച്ചു. ചിത്രത്തിലെ 'എനിക്ക് പ്രഭാതത്തിലെ നാപാം ഗന്ധം ഇഷ്ടമാണ്' (I love the smell of napalm in the morning) എന്ന അദ്ദേഹത്തിന്റെ സംഭാഷണം ഇന്നും ആരാധകര്‍ക്കിടയില്‍ പ്രശസ്തമാണ്.
പ്രധാന ചിത്രങ്ങള്‍:
ദി ഗോഡ്ഫാദര്‍ (ഭാഗം 1, 2)
അപ്പോക്കലിപ്‌സ് നൗ
ടെന്‍ഡര്‍ മേഴ്‌സീസ്
ദി ഗ്രേറ്റ് സാന്റിനി
ദ അപ്പോസ്തലന്‍
ലോണ്‍സം ഡവ് (ടെലിവിഷന്‍ മിനി സീരീസ്)