രേണുക വേണു|
Last Modified ശനി, 20 ഡിസംബര്‍ 2025 (09:51 IST)
Sreenivasan: നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നതിനൊപ്പം മികച്ചൊരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു ശ്രീനിവാസന്‍ എന്നുപറയാം. സാക്ഷാല്‍ മമ്മൂട്ടിക്ക് വേണ്ടിയും ശ്രീനി ശബ്ദം നല്‍കിയിട്ടുണ്ട്.
1980 ല്‍ പുറത്തിറങ്ങിയ കെ.ജി.ജോര്‍ജ് ചിത്രം 'മേള'യിലാണ് മമ്മൂട്ടിക്കായി ശ്രീനി ആദ്യമായി ഡബ്ബ് ചെയ്യുന്നത്. മമ്മൂട്ടിയുടെ വിജയന്‍ എന്ന കഥാപാത്രം സംസാരിക്കുന്നത് ശ്രീനിയുടെ ശബ്ദത്തില്‍ ആണ്. പിന്നീട് 'വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍' എന്ന ചിത്രത്തിലും മമ്മൂട്ടിയുടെ ശബ്ദമായി ശ്രീനി.
1982 ല്‍ പുറത്തിറങ്ങിയ 'ഇളക്കങ്ങള്‍' സിനിമയില്‍ നെടുമുടി വേണുവിന്റെ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രം സംസാരിക്കുന്നതും ശ്രീനിവാസന്റെ ശബ്ദത്തിലാണ്. മമ്മൂട്ടിക്കായി 'വിധിച്ചതും കൊതിച്ചതും', 'ഒരു മാടപ്രാവിന്റെ കഥ', 'മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു' എന്നീ ചിത്രങ്ങളിലും ശ്രീനി ഡബ്ബ് ചെയ്തിട്ടുണ്ട്. 1983 ല്‍ വി.സാംബശിവനായി 'പല്ലാംകുഴി', ത്യാഗരാജനു വേണ്ടി 1988 ല്‍ 'ഒരു മുത്തശ്ശി കഥ' തുടങ്ങിയ സിനിമകളിലും ശ്രീനി ഡബ്ബിങ് ആര്‍ട്ടിസ്റ്റായി.