സൊനാക്ഷിയുടെ 7 വർഷത്തെ പ്രണയത്തിന് സാഫല്യം, വിവാഹ രജിസ്റ്ററിൽ ഒപ്പിട്ട് താരം, മുസ്ലീം താരത്തെ പ്രണയിച്ചതിന് സൈബർ ആക്രമണം രൂക്ഷം

Sonakshi Sinha
അഭിറാം മനോഹർ| Last Modified തിങ്കള്‍, 24 ജൂണ്‍ 2024 (12:04 IST)
Sonakshi Sinha
ബോളിവുഡ് സൂപ്പര്‍ താരമായ സൊനാക്ഷി സിന്‍ഹ വിവാഹിതയായി. നടന്‍ സഹീര്‍ ഇഖ്ബാലാണ് വരന്‍. 7 വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. മുംബൈ ബാന്ദ്രയിലെ സൊനാക്ഷിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് രജിസ്റ്റര്‍ മാരേജ് നടന്നത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹിതയായ വിവരം നടി തന്നെയാണ് ആരാധകരെ അറിയിച്ചത്.


7 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസമാണ് ഞങ്ങളുടെ കണ്ണുകളില്‍ പരസ്പരമുള്ള സ്‌നേഹം അതിന്റെ ശുദ്ധമായ രൂപത്തില്‍ കണ്ടത്. അത് മുറുകെ പിടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ആ സ്‌നേഹമാണ് വെല്ലുവിളികളിലൂടെ കടന്ന് പോകാന്‍ ഞങ്ങളെ സഹായിച്ചത്. ഈ നിമിഷം വരെ അത് എത്തിയിരിക്കുന്നു. ഞങ്ങളുടെ 2 കുടുംബങ്ങളുടെയും 2 ദൈവങ്ങളുടെയും അനുഗ്രഹത്തോടെ ഞങ്ങള്‍ വിവാഹിതരായിരിക്കുന്നു. ഇപ്പോള്‍ മുതല്‍ എന്നെന്നേക്കുമായി പരസ്പരം സ്‌നേഹിക്കാനും പ്രത്യാശിക്കാനും ജീവിതം മനോഹരമാക്കാനും ഞങ്ങള്‍ ഒരുമിച്ചാണ്. വിവാഹചിത്രങ്ങള്‍ക്കൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പില്‍ സൊനാക്ഷി കുറിച്ചു.


പ്രണയവിവാഹമായിരുന്നുവെങ്കിലും ബോളിവുഡില്‍ ഇതിന് മുന്‍പില്ലാത്ത രീതിയിലുള്ള സൈബര്‍ ആക്രമണമാണ് സൊനാക്ഷി സിന്‍ഹ സമൂഹമാധ്യമങ്ങളില്‍ നേരിടുന്നത്. ഇരുവരും 2 മതങ്ങളില്‍ നിന്നുള്ളവരായതിനാല്‍ രണ്ടുപേര്‍ക്കുമെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇതിനെ തുടര്‍ന്ന് സൊനാക്ഷി തന്റെ കമന്റ് ബോക്‌സ് അടച്ചിടുകയും ചെയ്തു. നടനും മോഡലുമായ സഹീര്‍ പ്രമുഖ ആഭരണ വ്യാപാരിയായ ഇക്ബാല്‍ രതനാസിയുടെ പുത്രനാണ്. മറ്റൊരു മതത്തില്‍ പെട്ട ആളുമായി മകള്‍ വിവാഹം ചെയ്യുന്നതില്‍ പിതാവ് ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് എതിര്‍പ്പുണ്ടെന്നും അതിനാല്‍ തന്നെ അദ്ദേഹം വിവാഹത്തില്‍ പങ്കെടുക്കില്ലെന്നും നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ചടങ്ങി ശത്രുഘ്‌നന്‍ സിന്‍ഹയും പങ്കെടുത്തു. വിവാഹം സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമായിരിക്കുമെന്നും സൊനാക്ഷി മതപരിവര്‍ത്തനം നടത്തില്ലെന്നും സഹീറിന്റെ പിതാവ് ഇഖ്ബാലും നേരത്തെ വ്യക്തമാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :