എനിക്കെതിരെ എന്തോ വമ്പൻ അപകീർത്തി പ്രചരിക്കപ്പെട്ടു,പോലീസിൽ പരാതികൊടുത്തിട്ടും അന്വേഷണമൊന്നുമില്ല, കുറിപ്പുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ

Anoop k.r| Last Updated: വെള്ളി, 29 ജൂലൈ 2022 (11:18 IST)
സംവിധായകന്‍ സനല്‍ കുമാര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ചർച്ചയാകുന്നത്.എന്ന സിനിമ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചപ്പോഴാണ് തന്റെ സിനിമകളെ ഉന്നം വെച്ചുളള ആക്രമണം എത്ര ശക്തമാണെന്ന് മനസ്സിലായതെന്നാണ് സംവിധായകൻ പറയുന്നത്.
 
സനല്‍ കുമാറിൻ്റെ വാക്കുകൾ 
 
ഞാൻ വിട്ടു എന്ന് പറഞ്ഞാലും സിനിമ എന്നെ വിട്ടു എന്ന് തോന്നുന്നില്ല എന്ന് ചോലയെക്കുറിച്ച് Farhad Dalal popcornreviewss.com ൽ എഴുതിയ റിവ്യൂ വായിച്ചപ്പോൾ തോന്നി. എന്റെ സിനിമകളെ ഉന്നം വെച്ചുകൊണ്ടുള്ള ആക്രമണം എത്ര ശക്തമാണെന്ന് എനിക്ക് മനസിലാവുന്നത് ചോല തിയേറ്ററിൽ റിലീസ് ആയപ്പോഴാണ്. വളരെ വലിയ പരസ്യത്തോടെ റിലീസ് ആയ സിനിമ പ്രേക്ഷകരിൽ നല്ല പ്രതികരണം ഉണ്ടാക്കിത്തുടങ്ങും മുൻപ് ഒരു കൂടിയാലോചനയും ഇല്ലാതെ എല്ലാ തിയേറ്ററിൽ നിന്നും പിൻവലിക്കപ്പെട്ടു. സിനിമയെക്കുറിച്ച് അത് സ്ത്രീ വിരുദ്ധമാണെന്ന ഒരു ചർച്ച പെട്ടെന്ന് പൊട്ടിപ്പുറപെട്ടതാണ് കാരണം. ചോല തിയേറ്ററിൽ പോയി കാണരുതെന്ന് വരെ വീഡിയോകൾ ചെയ്യപ്പെട്ടു. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ നഗരങ്ങളിൽ പോലും, പേരിന് ഒരു തിയേറ്ററിലെങ്കിലും നിലനിർത്താതെ സിനിമ എല്ലായിടത്തുനിന്നും പിൻവലിക്കപ്പെട്ടു. ചോല പ്രൊഡ്യൂസ് ചെയ്ത ഷാജി മാത്യുവിന്റെ പക്കൽ നിന്നും ജോജു ജോർജ്ജ് സിനിമ വാങ്ങുമ്പോൾ എനിക്ക് ആ സിനിമയിൽ മൂന്നിലൊന്ന് അവകാശം ഉണ്ട് എന്നും അത് സിനിമയുടെ വിറ്റുവരവിൽ പങ്കുവെയ്ക്കാം എന്നും ഒരു നിബന്ധന കരാറിൽ ഉണ്ട്. എന്നാൽ സിനിമയുടെ വിറ്റുവരവ് എത്രയെന്ന് എന്നെ അറിയിച്ചിട്ടില്ല. തിയേറ്ററിൽ നിന്ന് പിൻവലിച്ചു എങ്കിലും ചോല amazon prime ൽ റിലീസ് ചെയ്തു. പക്ഷേ അത് ഒരു തരത്തിലും പരസ്യം ചെയ്യപ്പെട്ടില്ല. പക്ഷെ കേട്ടറിഞ്ഞ ആളുകൾ സിനിമ കണ്ടു. അതേക്കുറിച്ച് എഴുതി. സിനിമ സ്ത്രീവിരുദ്ധമല്ല എന്ന് ആളുകൾ തിരിച്ചറിഞ്ഞു. പക്ഷെ അപ്പോഴേക്കും എനിക്കെതിരെ എന്തോ വമ്പൻ അപകീർത്തി പ്രചരിക്കപ്പെട്ടു. അതെന്താണെന്ന് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഞാൻ പോലീസിൽ പരാതികൊടുത്തിട്ടും അന്വേഷണമൊന്നുമില്ല. പക്ഷെ എനിക്കെതിരെ പ്രചരിപ്പിക്കപ്പെടുന്ന അപഖ്യാതി കാരണം എന്റെ സിനിമകളെയും ആളുകൾ ഒഴിവാക്കാൻ തുടങ്ങി. സിനിമകളെ ഒഴിവാക്കാൻ കാരണം എനിക്കെതിരെ ഉള്ള അപഖ്യാദി ആണോ അതോ അങ്ങിനെ ഒരു കാരണം കിട്ടിയപ്പോൾ സൗകര്യമായി എന്ന് കരുതിയതാണോ എന്ന് എനിക്കറിയില്ല. എന്തായാലും ചോല ആമസോൺ പ്രൈമിന്റെ ഒരു മൂലയിൽ ഇപ്പോഴുമുണ്ട്. വല്ലപ്പോഴും ഇതുപോലെ റിവ്യൂസ്സ് വരുമ്പോൾ കുറച്ചാളുകൾ കാണും അത്ര തന്നെ. ചോല എന്ന സിനിമയിൽ എനിക്ക് കിട്ടാനുള്ള അവകാശം പണമായി വേണ്ട എന്നും എന്റെ യുട്യൂബ് ചാനലിൽ അത് പ്രസിദ്ധീകരിക്കാൻ അനുമതി തന്നാൽ മതി എന്നും ആവശ്യപ്പെട്ട് ജോജുവിനെ ഞാൻ ബന്ധപ്പെട്ടു. കുറച്ചു കാലമായി ജോജുവിന്റെ ഫോൺ നമ്പർ കയ്യിലില്ലാത്തത് കൊണ്ട് ചോലയുടെ വിതരണം നടത്തിയിരുന്ന ഷോബിസിന്റെ സുരാജിനെയാണ് വിളിച്ചത്. ചോലയും അതിന്റെ തമിഴ് വേർഷനായ അല്ലിയും ഒരാൾ വാങ്ങാൻ സമീപിച്ചിട്ടുണ്ടെന്നും അതിന്റെ വിശദവിവരങ്ങൾ ജോജുവിനോട് തിരക്കിയിട്ട് പറയാമെന്നും പറഞ്ഞ സുരാജ് പിന്നീട് അതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. ചോല വാങ്ങാൻ ഉദ്ദേശിക്കുന്ന ആളുടെ പേര് എന്നൊട് അയാൾ പറഞ്ഞെങ്കിലും പിന്നീട് ചോദിച്ചപ്പോൾ അങ്ങനെ അല്ല പറഞ്ഞതെന്നും ആ പേര് ഞാൻ കേട്ടപ്പോൾ തെറ്റിയതാവും എന്നും സുരാജ് പറഞ്ഞു. എല്ലാവർക്കും സുപരിചിതമായതും കുപ്രസിദ്ധവുമായ ഒരു പേരായിരുന്നു അത് . കൃത്യമായ ഉറപ്പ് ലഭിക്കാതെ ഇപ്പോൾ പറഞ്ഞാൽ അനാവശ്യമായ ചില സംശയങ്ങൾ ആളുകൾക്ക് ഉണ്ടാകും എന്നതിനാൽ പറയുന്നില്ല. എന്തായാലും ചോല എന്ന സിനിമയിൽ എനിക്കുള്ള നിയമപരമായ അവകാശം എന്റെ യുട്യൂബ് ചാനലിൽ പബ്ലിഷ് ചെയ്യാനുള്ള അവകാശമായി തന്നാൽ നന്നായിരുന്നു എന്ന എന്റെ നിർദ്ദേശത്തിൽ ഇതുവരെ മറുപടി കിട്ടിയില്ല. ഈയിടെ ചോലയുടെ അന്താരാഷ്ട്ര വിതരണം നടത്തുന്ന ഗുഡ്‌മൂവ് മീഡിയയോട് അതിന്റെ വിതരണം അടിയന്തിരമായി നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ജോജുവിന്റെ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഒരു ഇമെയിൽ അയക്കുക ഉണ്ടായി. ആക്കാര്യത്തിലും എന്നോട് കൂടിയാലോചന നടത്തിയിട്ടില്ല. ചോലയും കുഴിച്ചുമൂടാനുള്ള ശ്രമം ആണ് നടക്കുന്നത് എന്ന് ഞാൻ സംശയിക്കുന്നുണ്ട്. എനിക്ക് ആ സിനിമയിൽ നിയമപരമായ അവകാശം സ്ഥാപിക്കുന്ന കരാർ ഉള്ളതിനാൽ ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ അതിനെ ഇല്ലാതാക്കാൻ കഴിയില്ല. പക്ഷെ ജീവിച്ചിരിക്കുക എന്ന് പറയുന്നത് ഈ യുദ്ധഭൂമിയിൽ അത്ര ഉറപ്പുള്ള കാര്യമല്ലാത്തതിനാൽ കാണാത്തവർ ചോല കാണുക. ഈ സമയത്ത് ചോലയുടെ ഈ റിവ്യൂ കണ്ടപ്പോൾ ഞാൻ വിട്ടാലും സിനിമ എന്നെ വിടുന്നില്ല എന്ന തോന്നലുണ്ടായി. നന്ദി ഫർഹദ് ദലാൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :