ആർ ആർ ആറിൽ നിന്നും ആർഎസ്എസിലേക്ക്: വിജയേന്ദ്ര പ്രസാദ് ഹിന്ദുത്വ സിനിമകളുടെ പ്രചാരകനാകുമ്പോൾ

അഭിറാം മനോഹർ| Last Modified ഞായര്‍, 28 ഓഗസ്റ്റ് 2022 (17:44 IST)
ബോളിവുഡിന് പിന്നിൽ വമ്പൻ മുതൽമുടക്കുള്ള ചിത്രങ്ങളുമായി വലിയ സിനിമാവ്യവസായം എന്ന പേരെടുത്തിരുന്നുവെങ്കിലും ടോളിവുഡ് എന്ന സിനിമാവ്യവസായത്തെ ഇന്ത്യയെങ്ങും അടയാളപ്പെടുത്തിയത് ബാഹുബലി എന്ന സിനിമയാണ്. ബാഹുബലിയിലൂടെ പാൻ ഇന്ത്യൻ എന്ന ആശയം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടപ്പോൾ ചിത്രത്തിൻ്റെ രണ്ടാം ഭാഗം ഇന്ത്യൻ സിനിമയിൽ ചരിത്രം തന്നെ സൃഷ്ടിച്ചു.

ബാഹുബലിയുടെ വമ്പൻ വിജയമാണ് കെജിഎഫ്,പുഷ്പ, എന്നീ ചിത്രങ്ങളുടെ വമ്പൻ വിജയത്തിലേക്ക് നയിച്ചത്. ഇന്ന് ബോളിവുഡ് സിനിമാവ്യവസായം ഹിറ്റുകൾ കണ്ടെത്താനാകാതെ തളരുമ്പോൾ ഇന്ത്യയിലെ മുൻനിര സിനിമാവ്യവസായമെന്ന സ്ഥാനം പതിയെ ഏറ്റെടുക്കുകയാണ് ടോളിവുഡ്. വലതുപക്ഷ ശക്തികൾ ബോളിവുഡ് സിനിമകൾക്കെതിരെ നടത്തുന്ന ബോയ്കോട്ട് ക്യാമ്പയിനും ഇതിനോട് ചേർന്ന് പോകുന്നത് യാദൃശ്ചികതയല്ല.

ബയോപിക്കുകളും പ്രൊപഗണ്ട സിനിമകളും യഥേഷ്ടം വന്നിരുന്നുവെങ്കിലും നിലവിൽ അത്തരം ബോളിവുഡ് ചിത്രങ്ങളായ പൃഥ്വിരാജ് ചൗഹാൻ,മണികർണിക തുടങ്ങിയവ ബോളിവുഡിൽ വമ്പൻ പരാജയങ്ങളായിരുന്നു. അതേസമയം വമ്പൻ വിജയമായ ആർആർആർ അതിലെ ഹിന്ദുത്വ ദേശീയത നിർമിതികൊണ്ട് വലതുപക്ഷ സംഘങ്ങളിൽ നിന്ന് വലിയ രീതിയിൽ പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

ബാഹുബലിയിലൂടെ രാജാധികാരത്തെ അല്ലെങ്കിൽ സൈനിക രാഷ്ട്രസങ്കൽപ്പത്തെ ബിംബവത്കരിച്ച് നിർമിച്ചത് വമ്പൻ വിജയമായതോടെ അത് ഒരു പടി കൂടി കടന്ന് ഹിന്ദുത്വ ദേശീയതയുടെ മുഖമണിയുന്നത് ആർആർആർ എന്ന ചിത്രത്തിലൂടെ കാണാനാകും. സിനിമയുടെ അവസാനഭാഗങ്ങളിലെത്തുന്ന ശ്രീരാമൻ, ഹനുമാൻ എന്നീ ബിംബങ്ങളിലൂടെ ബ്രിട്ടീഷ് ശക്തികളെ തുരത്തുന്ന നായകന്മാർ പ്രൊപ്പഗണ്ട സിനിമകളെന്ന പേരിൽ വിമർശിക്കപ്പെടുന്ന ബോളിവുഡിന് പോലും സ്ക്രീനിൽ കാണിക്കാൻ സാധിക്കാത്ത കാഴ്ചയാണ്.

ഹിന്ദുത്വ ആശയങ്ങൾക്ക് സ്വീകാര്യത ഒരുക്കുന്നതിൽ എസ് എസ് രാജമൗലി എന്ന സംവിധായകനേക്കാൾ വിജയേന്ദ്ര പ്രസാദ് എന്ന എഴുത്തുകാരൻ്റെ കഴിവാണ് ഇവിടെ പ്രധാനമായും ശ്രദ്ധയിൽ പെടേണ്ടത്. ബാഹുബലി എന്ന ഹിറ്റ് ചിത്രത്തിനും 4 വർഷം മുൻപ് വിജയേന്ദ്ര പ്രസാദ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ രാജന്ന എന്ന ചിത്രത്തിലും ഹിന്ദുത്വയിലൂന്നിയ ദേശീയതയെ പ്രഘോഷിക്കുന്നതായി നമുക്ക് കാണാം. ബ്രിട്ടീഷുകാർ പോയതിന് ശേഷം ഭരണം ഉപേക്ഷിക്കാതിരുന്ന ഹൈദരാബാദ് നൈസാമിനെതിരെ ജനങ്ങൾ നടത്തിയ പ്രക്ഷോഭം സിനിമയാക്കിയപ്പോൾ തീവ്ര ദേശീയതയ്ക്കൊപ്പം വലത് രാഷ്ട്രീയവും ചിത്രത്തിൽ പ്രകടമായിരുന്നു.

ബാഹുബലി എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന് ശേഷം ബജ്റംഗി ബായ് ജാൻ, മണികർണിക എന്നീ സിനിമകളാണ് ഏറിയും കുറഞ്ഞും ഹിന്ദുത്വയെ ദേശീയതയുമായി ബന്ധപ്പെടുത്തികൊണ്ട് വിജയേന്ദ്ര പ്രസാദ് എഴുതിയ ചിത്രങ്ങൾ. ആർആർആർ എന്ന ചിത്രത്തിലൂടെ ഈ ബിംബവത്കരണം അതിൻ്റെ പാരമ്യത്തിലെത്തിയ അവസ്ഥയിലാണ് വിജയേന്ദ്ര പ്രസാദ് ബിജെപിയുടെ രാജ്യസഭ എംപി കൂടിയാകുന്നത്.

ആർആർആർ എന്ന ഹിറ്റിന് ശേഷം വിജയേന്ദ്ര പ്രസാദ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളും ബോയ്കോട്ട് ക്യാമ്പയിനുകളും കാണുമ്പോൾ ഈ നീക്കങ്ങൾ തീരെ യാദൃശ്ചികമല്ലല്ലോ എന്ന് ഒരാൾക്ക് തോന്നിയാൽ അതിൽ ഒട്ടും ആശ്ചര്യമില്ല. ആർആർആറിന് ശേഷം രാഷ്ട്രീയ സ്വയം സേവക് സംഘിൻ്റെ ചരിത്രം പറയുന്ന വെബ് സീരീസിനാണ് വിജയേന്ദ്ര പ്രസാദ് ഉടനെ തന്നെ പേന ചലിപ്പിക്കുന്നത്. തനിക്ക് ആർഎസ്എസിനെ പറ്റി സമീപകാലം വരെ മറ്റൊരു അഭിപ്രായമായിരുന്നുവെന്നും എന്നാൽ നാഗ്പൂരിലേക്ക് താൻ ഒരു യാത്ര നടത്തിയതോടെ പാർട്ടിയുമായി ബന്ധപ്പെട്ട യഥാർഥ സത്യം മനസിലാക്കിയെന്നും അടുത്തിടെ വിജയേന്ദ്ര പ്രസാദ് പ്രതികരിക്കുകയും ചെയ്തിരുന്നു.

ആർഎസ്എസ് നേതാക്കളായ കെ ബി ഹെഡ്ഗേവർ,എം എസ് ഗോൾവാൾക്കർ,വീർ സവർക്കർ തുടങ്ങിയ നേതാക്കളെ പ്രശംസിച്ചുകൊണ്ട് തന്നെയുള്ളതായിരിക്കും വരാനിരിക്കുന്ന വെബ് സീരീസ് എന്നാണ് സൂചന.100 കോടിയ്ക്ക് മേൽ മുതൽ മുടക്കിലാണ് സീരീസ് നിർമിക്കുന്നത്.ഹിന്ദിയിൽ നിന്നും അക്ഷയ് കുമാർ അടക്കമുള്ള താരങ്ങൾ പ്രൊജക്ടുമായി സഹകരിക്കുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ. ആർഎസ്എസ് വെബ് സീരീസിന് പിന്നാലെ വിജയേന്ദ്ര പ്രസാദ് ചെയ്യാനിരിക്കുന്ന സീതാ-ദ ഇൻകാർണേഷൻ, അപരാജിതാ അയോധ്യ, പവൻ പുത്ര ബായ്ജാൻ എന്നീ പ്രൊജക്ടുകളും സമാനമായ അച്ചിലാണ് ഒരുങ്ങുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :