സാമൂഹിക അകലം പാലിക്കാൻ ആവശ്യപ്പെട്ടു, നടൻ റിയാസ് ഖാന് നേരെ ആൾക്കൂട്ടത്തിന്റെ മർദ്ദനം

അഭിറാം മനോഹർ| Last Modified വ്യാഴം, 9 ഏപ്രില്‍ 2020 (14:20 IST)
കൊവിഡ് 19 പശ്ചാത്തലത്തിൽ വീടിന് മുന്നിൽ കൂട്ടം കൂടി നിന്നവരോട് അകലം പാലിക്കാൻ ആവശ്യപ്പെട്ട നടൻ റിയാസ് ഖാന് നേരെ ആൾക്കൂട്ടം ഭീഷണിപ്പെടുത്തിയതായും മർദ്ദിച്ചതായും പരാതി.ചെന്നൈ പനൈയൂരിലെ റിയാസിന്‍റെ വീടിന് സമീപമാണ് സംഭവം. അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ വിവരം പുറത്തുവിട്ടത്. ഒരു തമിഴ് പത്രത്തിൽ ഇത് സംബന്ധിച്ച് വന്ന വാർത്തയാണ് ഷെയർ ചെയ്‌തത്.

നിലവിൽ മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു താരം. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ ഷൂട്ടിങ്ങ് നിർത്തിവെച്ചതിനെ തുടർന്ന് സെൽഫ് ഐസൊലേഷനിലാണ് താരം. ഇതിനിടെ പ്രഭാത സവാരിക്ക് വീടിന് പുറത്തിറങ്ങിയ റിയാസ് മതിലിന് പുറത്ത് പത്തിലേറെപ്പേർ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നത് കണ്ട് അവരോട് സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഇതാണ് പിന്നീട് തർക്കത്തിലേക്കും മർദ്ദനത്തിലേക്കും വധഭീഷണിയിലേക്കും മാറിയത്.മര്‍ദ്ദനത്തില്‍ പരിക്കേറ്റ റിയാസ് സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. കാനത്തൂര്‍ പൊലീസ് സ്റ്റേഷനിൽ ഈ വിഷയം ചൂണ്ടിക്കാട്ടി പരാതിയും നൽകിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :