ഗേളി ഇമ്മാനുവല്‍|
Last Modified വ്യാഴം, 9 ഏപ്രില്‍ 2020 (13:06 IST)
സിദ്ധാർത്ഥ് മൽഹോത്രയും താര സുതാരിയയും അവരുടെ പുതിയ മ്യൂസിക് വീഡിയോ
മസക്കലി 2.0 ബുധനാഴ്ച പുറത്തിറക്കി. രാകേഷ് ഓംപ്രകാശ് മെഹ്‌റയുടെ ഡല്‍ഹി - 6നായി എ ആർ റഹ്‌മാൻ സംഗീതം നല്‍കിയ ഗാനം തനിഷ് ബാഗ്ചി റീമിക്‍സ് ചെയ്യുകയായിരുന്നു. എന്തായാലും എക്കാലത്തെയും മികച്ച ഒരു ഗാനം റീമിക്‍സ് ചെയ്‌ത് നശിപ്പിച്ചെന്ന അഭിപ്രായമാണ് ഗാനത്തേക്കുറിച്ച് പരക്കെ ഉയരുന്നത്.
റീമിക്‍സ് കേട്ട ശേഷം സാക്ഷാല്‍ എ ആർ റഹ്‌മാൻ ഡല്‍ഹി 6ലെ മസക്കലിയുടെ ലിങ്ക് ഷെയര്‍ ചെയ്‌തു. മാത്രമല്ല, ‘ഒറിജിനല്‍ ആസ്വദിക്കൂ’ എന്ന തന്‍റെ കമന്‍റും അദ്ദേഹം എഴുതി.
"ഷോര്‍ട്ട് കട്ടുകള്‍ ഇല്ല. കൃത്യമായി പ്രവര്‍ത്തിച്ച്, എഴുതുകയും മാറ്റിയെഴുതുകയും ചെയ്‌ത്, ഉറക്കമില്ലാത്ത രാത്രികളിലൂടെ സൃഷ്ടിച്ച പാട്ട്‍. 200ലധികം സംഗീതജ്ഞര്‍, 365 ദിവസത്തെ സൃഷ്ടിപരമായ ബ്രെയിന്‍സ്റ്റോമിംഗ്. തലമുറകളോളം നിലനില്‍ക്കുന്ന സംഗീതം സൃഷ്ടിക്കുക എന്ന ലക്‍ഷ്യം. താരങ്ങളുടെയും നൃത്ത സംവിധായകരുടെയും ഒരു സിനിമാ യൂണിറ്റിന്‍റെ മുഴുവന്‍ പിന്തുണയോടെ സംവിധായകനും സംഗീത സംവിധായകനും ഗാനരചയിതാവും അടങ്ങിയ ടീമിന്‍റെ പ്രയത്‌നം" - മസക്കലി ഒറിജിനല്‍ വേര്‍ഷനെക്കുറിച്ച് എ ആര്‍ റഹ്‌മാന്‍റെ പ്രതികരണം ഇതാണ്.
തങ്ങള്‍ സൃഷ്ടിച്ച മനോഹരമായ ഗാനത്തെ വിവേകമില്ലാതെ ഉപയോഗിച്ചു എന്നാണ് ഗാനരചയിതാവ് പ്രസൂണ്‍ ജോഷിയുടെ പ്രതികരണം. ആസ്വാദകര്‍ ഒറിജിനലിനൊപ്പം നിലയുറപ്പിക്കുമെന്ന പ്രതീക്ഷയും പ്രസൂണ്‍ പങ്കുവയ്‌ക്കുന്നു.