‘ഒരു ദുരൂഹ സാഹചര്യത്തിൽ’ മുതൽ ‘ധുരന്ധർ 2’ വരെ: ഈ ആഴ്ച ഒടിടിയിൽ ആവേശം നിറയ്ക്കാൻ പുതിയ റിലീസുകൾ

OTT Release, Mollywood, Dhurandhar 2, Derby,Kollywood,Cinema Updates
ജിതിൻരാജ് കെ വി| Last Modified വെള്ളി, 15 മെയ് 2026 (16:55 IST)
വേനലവധിക്കാലത്ത് ഒടിടിയില്‍ വിവിധ ജൊണറുകളിലായി നിരവധി സിനിമകളാണ് എത്തുന്നത്. ഈ ആഴ്ചയും പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഒടിടി റിലീസ് ചെയ്യുന്നത്. ദുരൂഹസാഹചര്യത്തില്‍ മുതല്‍ ധുരന്ധര്‍ വരെ ഈ ആഴ്ച പ്രേക്ഷകരിലേക്കെത്തുന്ന സിനിമകള്‍ ഏതെല്ലാമെന്ന് നോക്കാം.


'ഒരു ദുരൂഹ സാഹചര്യത്തില്‍' ഒടിടിയില്‍

'ന്നാ താന്‍ കേസ് കൊട്' എന്ന വിജയ ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളും വീണ്ടും ഒന്നിച്ച ചിത്രമാണ് 'ഒരു ദുരൂഹ സാഹചര്യത്തില്‍'. മിസ്റ്ററി-കോമഡി ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു. ഇപ്പോള്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്.

കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം, ജാഫര്‍ ഇടുക്കി, രാജേഷ് മാധവ്, ഷാഹി കബീര്‍, ശരണ്യ രാമചന്ദ്രന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. വയനാടിന്റെ പശ്ചാത്തലത്തില്‍ കഥ മുന്നേറുന്ന ചിത്രം സസ്‌പെന്‍സും ഡാര്‍ക്ക് ഹ്യൂമറും ചേര്‍ന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

'ഡര്‍ബി' പ്രേക്ഷകരിലേക്ക്

സാഗര്‍ സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി സജില്‍ മമ്പാട് സംവിധാനം ചെയ്ത 'ഡര്‍ബി'യും ഈ ആഴ്ച ഒടിടിയില്‍ എത്തുന്നു. മെയ് 15 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയിലും മനോരമ മാക്സിലും ചിത്രം സ്ട്രീം ചെയ്യും.

'കടകന്‍' എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ഒരുക്കുന്ന സിനിമയായതിനാല്‍ തന്നെ റിലീസിന് മുമ്പ് വലിയ ശ്രദ്ധ നേടിയിരുന്നു. ശിവരാജ്, ഫ്രാങ്കോ ഫ്രാന്‍സിസ്, പ്രവീണ്‍ എന്നിവര്‍ക്കൊപ്പം സോഷ്യല്‍ മീഡിയ താരങ്ങളായ ഹിഫ്രാസ്, ഫാഹിസ് ബിന്‍ റിഫാഹി എന്നിവരും ചിത്രത്തിലുണ്ട്. സ്‌പോര്‍ട്‌സ്-ഡ്രാമ സ്വഭാവമുള്ള സിനിമ യുവപ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ഒരുക്കിയിരിക്കുന്നത്.


'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' സൈന പ്ലേയില്‍

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയും സംവിധാനവും കൈകാര്യം ചെയ്ത 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' മെയ് 19 മുതല്‍ സൈന പ്ലേയിലൂടെ സ്ട്രീം ചെയ്യും. രാജേഷ് മാധവനും ചിത്ര നായരുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാടന്‍ പശ്ചാത്തലത്തില്‍ പ്രണയവും ഹാസ്യവും ചേര്‍ത്ത് ഒരുക്കിയ ചിത്രം തിയറ്ററുകളില്‍ കുടുംബപ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. ലളിതമായ അവതരണവും കഥാപാത്രങ്ങളുടെ പ്രകടനവുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമായി വിലയിരുത്തപ്പെട്ടത്.

'ധുരന്ധര്‍ 2' നെറ്റ്ഫ്‌ലിക്‌സില്‍

രണ്‍വീര്‍ സിങ് നായകനായി ആദിത്യ ധര്‍ സംവിധാനം ചെയ്ത പാന്‍-ഇന്ത്യന്‍ ആക്ഷന്‍ ഫ്രാഞ്ചൈസിയായ 'ധുരന്ധര്‍ 2'യും മെയ് 15 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ ലഭ്യമാകും. ആക്ഷന്‍-ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം വന്‍ ബോക്‌സ് ഓഫീസ് വിജയത്തിന് ശേഷമാണ് ഒടിടിയിലേക്ക് എത്തുന്നത്. ആഗോള തലത്തില്‍ ഫ്രാഞ്ചൈസിയുടെ മുന്‍ ഭാഗങ്ങള്‍ ചേര്‍ന്ന് 3000 കോടിയിലേറെ കളക്ഷന്‍ നേടിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ട് തന്നെ ഒടിടി റിലീസിനും വലിയ സ്വീകാര്യതയാണ് പ്രതീക്ഷിക്കുന്നത്.

മിസ്റ്റര്‍ എക്‌സ്


ആര്യയും മഞ്ജു വാര്യരും പ്രധാനവേഷങ്ങളിലെത്തിയ തമിഴ് ആക്ഷന്‍ ത്രില്ലര്‍ ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ്ങ് ആരംഭിച്ചു. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ആര്യ, മഞ്ജു വാര്യര്‍ എന്നിവര്‍ക്ക് പുറമെ ഗൗതം കാര്‍ത്തിക്, ശരത് കുമാര്‍, അനഘ, അതുല്യ രവി, റെയ്‌സ വില്‍സണ്‍ എന്നിവര്‍ മറ്റ് പ്രധാനകഥാപാത്രങ്ങലെ അവതരിപ്പിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :