ചാക്കോച്ചനെ പട്ടി കടിച്ചോ? രസികന്‍ പോസ്റ്ററുമായി 'ന്നാ താന്‍ കേസ് കൊട്'

രേണുക വേണു| Last Modified വെള്ളി, 24 ജൂണ്‍ 2022 (19:57 IST)

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി. ഒരു പത്രവാര്‍ത്തയുടെ സ്റ്റൈലിലുള്ള രസികന്‍ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കൗതുകം നിറഞ്ഞ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ നിമിഷനേരം കൊണ്ട് വൈറലായി.

'വീട്ടില്‍ കയറിയ മോഷ്ടാവിനെ പട്ടി കടിച്ചു; നാട്ടുകാര്‍ പിടിച്ചു കെട്ടി പോലീസില്‍ ഏല്‍പ്പിച്ചു' എന്ന തലക്കെട്ടോടെ ചീമേനി മാന്വല്‍ എന്ന പത്രത്തില്‍ വന്ന വാര്‍ത്തയാണ് പോസ്റ്ററിന്റെ പ്രമേയം. കള്ളനെ പോലെ കൈരണ്ടും കെട്ടി നില്‍ക്കുന്ന കുഞ്ചാക്കോ ബോബനേയും പോസ്റ്ററില്‍ കാണാം. മോഷ്ടാവായാണ് ചാക്കോച്ചന്‍ ചിത്രത്തില്‍ എത്തുന്നതെന്നാണ് സൂചന.

എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ്. ടി.കുരുവിള നിര്‍മ്മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ചിത്രം കോമഡി ഴോണറിലുള്ളതാണ്. 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍' എന്ന ജനപ്രിയ ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഷെറിന്‍ റേച്ചല്‍ സന്തോഷ് ആണ് ചിത്രത്തിന്റെ മറ്റൊരു സഹ നിര്‍മ്മാതാവ്. സൂപ്പര്‍ ഡീലക്‌സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഇത്. ബേസില്‍ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :