രേണുക വേണു|
Last Modified ബുധന്‍, 30 ജൂണ്‍ 2021 (19:31 IST)
തിയറ്ററുകളില്‍ വന്‍ വിജയമാകുകയും അതോടൊപ്പം മികച്ച പ്രേക്ഷക പ്രശംസ നേടുകയും ചെയ്ത ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ചിത്രം തിയറ്ററുകളിലെത്തിയിട്ട് ഇന്നേക്ക് നാല് വര്‍ഷം പൂര്‍ത്തിയായി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയിലേക്ക് നിമിഷ സജയന്‍ എത്തിയതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. മുംബൈയിലാണ് നിമിഷ ജനിച്ചതും വളര്‍ന്നതും. എന്നാല്‍, സിനിമയില്‍ അഭിനയിക്കണമെന്ന അതിയായ ആഗ്രഹം നിമിഷയ്ക്ക് ഉണ്ടായിരുന്നു. മുംബൈയില്‍ കെ.ജെ.സോമയ്യ കോളേജില്‍ മാസ് കമ്യൂണിക്കേഷനില്‍ ബിരുദത്തിന് പഠിക്കുമ്പോഴാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയിലേക്ക് ഓഡിഷന്‍ നടക്കുന്ന കാര്യം നിമിഷ അറിഞ്ഞത്. ഓഡിഷനായി നിമിഷ എറണാകുളത്ത് എത്തി. എന്നാല്‍, മലയാളം ശരിക്ക് അറിയാത്തതുകൊണ്ട് 'പറ്റില്ല' എന്നുപറഞ്ഞ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നിമിഷയെ തിരിച്ചുവിടുകയായിരുന്നു. പക്ഷേ, അടുത്ത ദിവസം വീണ്ടും വിളിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉറപ്പുകളൊന്നും നിമിഷയ്ക്ക് അന്നും കിട്ടിയില്ല. മൂന്നാം തവണയും നിമിഷയെ എറണാകുളത്തേക്ക് വിളിപ്പിച്ചു. അപ്പോള്‍ ക്യാമറാമാന്‍ രാജീവ് രവി, തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍ തുടങ്ങിയവര്‍ അവിടെ ഉണ്ടായിരുന്നു. അവര്‍ നിമിഷയോട് സ്‌ക്രിപ്റ്റ് കേള്‍ക്കാന്‍ ആവശ്യപ്പെട്ടു. കഥാപാത്രത്തെയും സന്ദര്‍ഭങ്ങളെയും കുറിച്ച് സംവിധായകന്‍ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും നിമിഷയ്ക്ക് പറഞ്ഞുകൊടുത്തു. ഇവര്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയില്‍ നിമിഷ അഭിനയിക്കുന്നത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് നിമിഷ ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്.