രേണുക വേണു|
Last Modified വെള്ളി, 27 ഫെബ്രുവരി 2026 (09:31 IST)
മലയാളികളുടെ പ്രിയ താരം മോഹിനി വൗ തമിഴ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തനിക്ക് പ്രശസ്ത സംഗീതസംവിധായകൻ എ.ആര്‍ റഹ്മാനോട് ഭ്രാന്തമായ സ്നേഹമായിരുന്നു എന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു എന്നും
മോഹിനി പറഞ്ഞു. റഹ്മാൻ മതം മാറിയത് തന്റെ ഹൃദയം തകർത്തുകളഞ്ഞു എന്നും ദിലീപ് എന്ന പേര് തന്നെ മതിയായിരുന്നു എന്ന് അന്ന് താൻ ആഗ്രഹിച്ചിരുന്നു എന്നും മോഹിനി കൂട്ടിച്ചേർത്തു.
"ഞാന്‍ ഭയങ്കര എ.ആര്‍ റഹ്മാൻ ഫാന്‍ ആയിരുന്നു, ഭ്രാന്തമായ ഇഷ്ടം എന്നു തന്നെ പറയാം. എ ആര്‍ റഹ്മാൻ മുസ്ലീം മതം സ്വീകരിച്ചു എന്നത് എന്‍റെ ഹൃദയം തകർത്തുകളഞ്ഞ
ഒന്നായിരുന്നു. അന്ന് ഞാന്‍ ഹിന്ദുവായിരുന്നു. ദിലീപ് എന്ന പേര് തന്നെ മതിയായിരുന്നു, മതം മാറേണ്ടിയിരുന്നില്ല. വീട്ടില്‍ എനിക്ക് ഇഷ്ടമാണ്, കല്യാണം കഴിക്കണം എന്നൊക്കെ പറയാന്‍ സൗകര്യമായിരുന്നു. അടിയും വഴക്കൊന്നും ഇല്ലാതെ കല്യാണം കഴിക്കാം എന്നൊക്കെ പ്ലാന്‍ ചെയ്തതാണ് ഞാന്‍ മനസ്സില്‍. പക്ഷേ അദ്ദേഹം എന്നെക്കാള്‍ വളരെ ചെറുതാണ് എന്നും എനിക്ക് അറിയാമായിരുന്നു...
അന്ന് ലക്ഷ്മി ആന്‍റി എന്നെ കളിയാക്കുമായിരുന്നു, ബിരിയാണി എല്ലാം ഉണ്ടാക്കാന്‍ പഠിച്ചോളൂ, അതെല്ലാമാണ് റഹ്‌മാന് ഇഷ്ടം. റഹ്‌മാനെ നീ കല്യാണം കഴിക്കണമെങ്കില്‍ അവന് ഇഷ്ടമുള്ള ഭക്ഷണമൊക്കെ ഉണ്ടാക്കാന്‍ അറിഞ്ഞിരിക്കണം എന്ന് പറഞ്ഞ് എന്നെ കളിയാക്കും. ഒറ്റത്തവണ മാത്രമേ എനിക്ക് റഹ്‌മാനെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹത്തിന്റെ ഏറ്റവും ആദ്യത്തെ മ്യൂസിക് ഷോ മലേഷ്യയില്‍ നടന്നപ്പോള്‍ അതിന്റെ ഹോസ്റ്റ് ഞാനായിരുന്നു. ഞാന്‍ എന്റെ ബാഗ് ഒക്കെ വച്ച് ഇരിക്കാന്‍ ഒരുങ്ങുമ്പോഴാണ് റഹ്‌മാന്‍ സര്‍ അങ്ങോട്ടു വന്നത്.
നേരെ എന്‍റെ അടുത്ത് വന്ന് ഹലോ പറഞ്ഞു. അതും പറഞ്ഞ് അദ്ദേഹം പോയി"- മോഹിനി പറഞ്ഞു.
തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് 1992 ൽ പുറത്തറിങ്ങിയ 'നാടോടി' എന്ന ചിത്രത്തിലൂടെയാണ് മോഹിനി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഗസൽ, സൈന്യം, കാണാകിനാവ്, ഈ പുഴയും കടന്ന്, മാന്ത്രികക്കുതിര, കുടുംബക്കോടതി, മായപ്പൊന്മാൻ, പഞ്ചാബി ഹൗസ്, കളക്ടർ, ഇന്നത്തെ ചിന്താവിഷയം തുടങ്ങി നിരവധി സിനിമകളിൽ താരം വേഷമിട്ടു.