പ്രണയത്തിനു 'കട്ടില്ല'; ലാലേട്ടന്‍ പറയുന്നു

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 21 മെയ് 2021 (12:40 IST)

മലയാളികളുടെ പ്രണയമുഖമാണ് മോഹന്‍ലാല്‍. പ്രണയരംഗങ്ങളില്‍ മോഹന്‍ലാലിനെ വെല്ലാന്‍ ആരുമില്ലെന്നാണ് സിനിമാ താരങ്ങള്‍ അടക്കം തുറന്നുപറഞ്ഞിട്ടുള്ളത്. സിനിമയിലും ജീവിതത്തിലും പ്രണയത്തെ ആസ്വദിക്കുന്ന വ്യക്തിയാണ് താനെന്ന് പണ്ടൊരിക്കല്‍ മോഹന്‍ലാല്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

'പ്രണയരംഗങ്ങളില്‍ കട്ട് പറഞ്ഞതിനു ശേഷവും താന്‍ ആ പ്രണയത്തിന്റെ മൂഡിലായിരിക്കുമെന്ന് മോഹന്‍ലാല്‍ പറയുന്നു. പ്രണയരംഗത്തിനു കട്ട് പറഞ്ഞാല്‍ ഓപ്പോസിറ്റുള്ള വ്യക്തി ചിലപ്പോള്‍ അതില്‍ നിന്നു പുറത്തുകടന്നേക്കാം. എന്നാല്‍, ഞാന്‍ ആ സിനിമ കഴിയുംവരെ പ്രണയത്തിലായിരിക്കും. പ്രണയരംഗങ്ങളില്‍ ഏറ്റവും കംഫര്‍ട്ടാണ്. കട്ട് പറഞ്ഞാലും ആ പ്രണയം എനിക്ക് പോകില്ല. സിനിമ കഴിയും വരെ അതുണ്ടാകും. സിനിമ കഴിഞ്ഞിട്ടും ആ പ്രണയം പോകുന്നില്ലെങ്കില്‍ പ്രശ്‌നമൊന്നും ഇല്ല. എന്റെ പ്രണയം നിങ്ങള്‍ക്ക് നിഷേധിക്കാന്‍ പറ്റില്ല. എന്നെ നിങ്ങള്‍ക്ക് പ്രണയിക്കാതിരിക്കാം. പക്ഷേ, ഞാന്‍ പ്രണയിക്കരുതെന്ന് നിങ്ങള്‍ക്ക് പറയാന്‍ പറ്റില്ല. പ്രണയം ഏറ്റവും നല്ലൊരു ഫീലാണ്,' മോഹന്‍ലാല്‍ തന്റെ പ്രണയത്തെ കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവച്ചു.


മലയാളികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ നടന്‍ മോഹന്‍ലാല്‍ ഇന്ന് 61-ാം ജന്മദിനം ആഘോഷിക്കുകയാണ്. മലയാളികള്‍ ഒന്നടങ്കം തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകള്‍ നേരുകയാണ്. മമ്മൂട്ടി മുതല്‍ യുവതലമുറയിലെ താരങ്ങള്‍ വരെ ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്നു.

1960 മേയ് 21 നാണ് മോഹന്‍ലാലിന്റെ ജനനം. 1980 ല്‍ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ സിനിമാരംഗത്തേക്ക്. പിന്നീടങ്ങോട്ട് മോഹന്‍ലാല്‍ മലയാളികളുടെ പ്രിയപ്പെട്ട താരമായി. സിനിമയില്‍ നാല് പതിറ്റാണ്ട് പിന്നിട്ട ലാല്‍ നാനൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :