നെല്‍വിന്‍ വില്‍സണ്‍|
Last Modified വെള്ളി, 21 മെയ് 2021 (10:46 IST)
വീട്ടില്‍ മഹാവികൃതിയായിരുന്നു മോഹന്‍ലാല്‍ എന്നാണ് താരത്തിന്റെ അമ്മ മുന്‍പ് പറഞ്ഞിട്ടുള്ളത്. താളവട്ടത്തിലും ചിത്രത്തിലുമൊക്കെ കാണുന്ന പോലെ കട്ടിലില്‍ കയറി മറിയുകയും വികൃതി കാണിക്കുകയും ചെയ്തിരുന്ന ഒരു കുട്ടി. അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട മകനായിരുന്നു ലാല്‍.
"ചാടും ഓടും ഒച്ചവയ്ക്കും മുറ്റത്തൊക്കെ ഇറങ്ങി ഓളിയിടും മരത്തിന്‍മേലൊക്കെ കയറും..വീട്ടില്‍ അങ്ങനെയാണ് ലാല്‍. വളരെ കുഞ്ഞായിരുന്നപ്പോള്‍ വീട്ടില്‍ നിന്നിറങ്ങി റോഡിലേക്കൊക്കെ ഓടിപോകുമായിരുന്നു. ഡ്രസൊക്കെ ഇഷ്ടമാണ്. മോതിരം ഭയങ്കര ഇഷ്ടമാണ്," ലാലിന്റെ അമ്മ പറഞ്ഞു
61 വയസ് ആയെങ്കിലും ഇപ്പോഴും മോഹന്‍ലാല്‍ മലയാളികള്‍ക്ക് പ്രിയങ്കരനായ ചോക്ലേറ്റ് ബോയ് ആണ്. മോഹന്‍ലാലിന്റെ അമ്മയ്ക്ക് ലാല്‍ ഇപ്പോഴും കൊച്ചുകുട്ടി തന്നെയാണ്. അത്രയേറെ വാല്‍സല്യത്തോടെയാണ് അമ്മ മകനെ കുട്ടിക്കാലം തൊട്ട് വളര്‍ത്തിയത്.
ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലും മോഹന്‍ലാല്‍ അമ്മയെ കാണാന്‍ വീട്ടിലേക്ക് ഓടിയെത്താറുണ്ട്. എന്നാല്‍, തന്നെ കണ്ടശേഷം അപ്പോള്‍ തന്നെ തിരിച്ച് പോകാനായി വരേണ്ട എന്ന് മോഹന്‍ലാലിനോട് അമ്മ പറയാറുണ്ട്. വന്നാല്‍ രണ്ട് ദിവസമെങ്കിലും മകന്‍ തനിക്കൊപ്പം നില്‍ക്കണമെന്നാണ് അമ്മയ്ക്ക്. ഇത്രയേറെ ജോലിത്തിരക്കുകള്‍ക്കിടയില്‍ നിന്ന് തിടുക്കത്തില്‍ വന്നു പോകാനുള്ള മകന്റെ പ്രയാസം മനസിലാക്കിയാണ് അമ്മ അങ്ങനെ പറയാറുള്ളത്. 'ഇങ്ങനെ ഓടിപിടഞ്ഞ് വന്നുപോകാന്‍ ആണെങ്കില്‍ മക്കള് വരണ്ട,' എന്നാണ് താന്‍ ലാലിനോട് പറയാറെന്ന് പഴയൊരു അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ അമ്മ പറഞ്ഞിരുന്നു.
ലാലിന്റെ അച്ഛന്‍ അങ്ങനെ ഒരുപാട് സംസാരിക്കുന്ന ആളല്ലായിരുന്നു. അച്ഛനോട് എന്തെങ്കിലും കാര്യങ്ങള്‍ പറയാനുണ്ടെങ്കില്‍ താന്‍ വഴിയാണ് ലാല്‍ ഇക്കാര്യം അറിയിക്കുകയെന്നും മോഹന്‍ലാലിന്റെ അമ്മ പറഞ്ഞു.
മലയാളികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ നടന്‍ മോഹന്‍ലാല്‍ ഇന്ന് 61-ാം ജന്മദിനം ആഘോഷിക്കുകയാണ്. മലയാളികള്‍ ഒന്നടങ്കം തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകള്‍ നേരുകയാണ്. മമ്മൂട്ടി മുതല്‍ യുവതലമുറയിലെ താരങ്ങള്‍ വരെ ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്നു.
1960 മേയ് 21 നാണ് മോഹന്‍ലാലിന്റെ ജനനം. 1980 ല്‍ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ സിനിമാരംഗത്തേക്ക്. പിന്നീടങ്ങോട്ട് മോഹന്‍ലാല്‍ മലയാളികളുടെ പ്രിയപ്പെട്ട താരമായി. സിനിമയില്‍ നാല് പതിറ്റാണ്ട് പിന്നിട്ട ലാല്‍ നാനൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.