ചോദ്യങ്ങളാണോ പ്രശ്നം? ശ്രീനാഥ് ഭാസി വിവാദത്തിൽ പ്രതികരണവുമായി മമ്മൂട്ടി

അഭിറാം മനോഹർ| Last Modified ഞായര്‍, 2 ഒക്‌ടോബര്‍ 2022 (13:00 IST)
അഭിമുഖങ്ങളുമായി ബന്ധപ്പെട്ട് സമീപകാലത്തായി ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി. ചോദ്യങ്ങളും ഉത്തരങ്ങളും സെൻസർ ചെയ്യാനാകില്ലെന്നും സാമാന്യമായ ധാരണയാണ് ഇതിൽ ഉണ്ടാകേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു. ദോഹയിൽ പുതിയ ചിത്രമായ റോഷാക്കിൻ്റെ പ്രമോഷൻ്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

അഭിമുഖങ്ങളുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഉയർന്നുവന്ന വിവാദങ്ങൾ ചോദ്യങ്ങളുടെ പ്രശ്നം കാരണമാണോ ഉത്തരങ്ങളുടെ പ്രശ്നമായിട്ടാണോ തോന്നിയിട്ടുള്ളത് എന്നായിരുന്നു ചോദ്യം. നമ്മൾ തമ്മിലുള്ള ചോദ്യത്തിനും ഉത്തരത്തിനും കുഴപ്പം വരാൻ വഴിയില്ല. അതിനെ പറ്റി ചർച്ച ചെയ്താൽ ഒരു ദിവസം മതിയാകാതെ വരും. ഓരോരുത്തരും അവരവർ നേരിടുന്ന ചോദ്യങ്ങൾക്കാണ് മറുപടി പറയുന്നത്. അതിനെ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ കഴിയില്ല.

അതിന് സാമാന്യമായ ധാരണയാണ് വേണ്ടത്. അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കട്ടെയെന്നും മമ്മൂട്ടി പറഞ്ഞു. ഏഴാം തീയ്യതിയാണ് റോഷാക് റിലീസ് ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിൻ്റെ നിർമാണം നിർവഹിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :