അഭിറാം മനോഹർ|
Last Modified വെള്ളി, 3 മാര്‍ച്ച് 2023 (13:34 IST)
95ാമത്
ഓസ്കർ പുരസ്കാരവേദിയിൽ ചടങ്ങുകൾ നയിക്കുന്ന അവതാരകരിൽ ഒരാളായി ഇന്ത്യൻ താരം ദീപിക പദുക്കോണും. അക്കാദമി പുറത്തുവിട്ട അവതാരകരുടെ പട്ടികയിൽ ദീപികയുടെ പേരും ഇടം പിടിച്ചിട്ടുണ്ട്. സാമുവൽ എൽ ജാക്സൻ, റിസ് അഹ്മദ്, എമിലി ബ്ലണ്ട്, ഡ്വെയ്ൻ ജോൺസൻ,മെലിസ മക്കാർത്തി തുടങ്ങി 16 പേരാണ് അവതാരകരായി ഉണ്ടാകുക. 2016ൽ പ്രിയങ്ക ചോപ്രയും ഓസ്കർ അവതാരകയായി എത്തിയിരുന്നു.
കഴിഞ്ഞ ഫിഫാ ലോകകപ്പ് ഫൈനലിൽ ലോകകപ്പ് ട്രോഫി അനാവരണം ചെയ്തത് ദീപികയായിരുന്നു. കഴിഞ്ഞ കാൻ ചലച്ചിത്രമേളയിൽ ജൂറി അംഗമായും ദീപിക ഇടം പിടിച്ചിരുന്നു. മാർച്ച് 13നാണ് ഓസ്കർ അവാർഡ് പ്രഖ്യാപനം. ഒറിജിനൽ സോംഗ് വിഭാഗത്തിൽ രാജമൗലി ചിത്രമായ ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനം ഇത്തവണ മത്സരവിഭാഗത്തിലുണ്ട്. ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ഗാനം ഓസ്കാറിലും പുരസ്കാരം നേടുമെന്നാണ് ഇന്ത്യൻ സിനിമാ ആരാധകർ പ്രതീക്ഷിക്കുന്നത്.
ഷൗനക് സെൻ സംവിധാനം ചെയ്ത ഓൾ ദാറ്റ് ബ്രീത്ത്സ്, കാർത്തികി ഗോൺസാൽവസിൻ്റെ ദ എലിഫൻ്റ് വിസ്പേഴ്സ് എന്നീ ഡൊക്യുമെൻ്ററികളാണ് ഓസ്കാറിൽ മാറ്റുരയ്ക്കുന്ന മറ്റ് ഇന്ത്യൻ ചിത്രങ്ങൾ.