കെ ആര്‍ അനൂപ്|
Last Modified ശനി, 2 ജനുവരി 2021 (21:45 IST)
കാർത്തി നായകനായെത്തിയ 'ആയിരത്തിൽ ഒരുവൻ' എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. എന്നാൽ കാർത്തിയ്ക്ക് പകരക്കാരനായി ധനുഷ് ആയിരിക്കും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. റീമ സെൻ, പാർത്ഥിപൻ, ആൻഡ്രിയ ജെർമിയ എന്നിവരാണ് ആദ്യഭാഗത്തിൽ അഭിനയിച്ച പ്രമുഖർ. രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന സൂചന നൽകിക്കൊണ്ടാണ് സംവിധായകൻ
സെൽവരാഘവൻ ചിത്രം
പ്രഖ്യാപിച്ചത്. 2024ൽ ചിത്രം റിലീസ് ചെയ്യാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്.
ധനുഷും സെൽവരാഘവനൊപ്പം വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകൾ കുറച്ചു മാസങ്ങൾക്കു മുമ്പേ വന്നതാണെങ്കിലും ഇരുവരും ഏതു ചിത്രത്തിലാണ് ഒന്നിക്കുന്നത് എന്ന വിവരം ഇപ്പോഴാണ് പുറത്ത് വരുന്നത്. 2024ൽ റിലീസ് ചെയ്യാനുള്ള ആയിരത്തിൽ ഒരുവന്റെ രണ്ടാം ഭാഗം ഇപ്പോൾതന്നെ പ്രഖ്യാപിക്കുന്നതിലൂടെ ചിത്രത്തിനുവേണ്ടി വലിയ ഒരുക്കങ്ങൾ നടത്താനാണ് സംവിധായകൻ പദ്ധതിയിടുന്നത്. ധനുഷിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം ഇതാകാനും സാധ്യതകളുണ്ട്. പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് മാത്രം ഒരു വർഷം എടുക്കും എന്ന് ധനുഷ് അറിയിച്ചു. സെൽവരാഘവൻറെ സ്വപ്നപദ്ധതിയാണിത്.