ആദ്യ ചോയ്‌സ് മമ്മൂട്ടിയായിരുന്നു, അടൂരിന്റെ ഒരു സിനിമയില്‍ പോലും അഭിനയിക്കാന്‍ സാധിക്കാതെ മോഹന്‍ലാല്‍; സമാന്തര സിനിമകളുടെ തലതൊട്ടപ്പന്‍ എണ്‍പതിന്റെ നിറവില്‍

രേണുക വേണു| Last Modified ശനി, 3 ജൂലൈ 2021 (12:53 IST)

സമാന്തര സിനിമകളുടെ തലതൊട്ടപ്പനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന അടൂരിന് സിനിമാലോകം ഒന്നടങ്കം ആശംസകള്‍ നേരുകയാണ്. എണ്‍പതിന്റെ നിറവില്‍ നില്‍ക്കുന്ന അടൂരിന്റെ സിനിമാ കരിയര്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ സുപ്രധാന ഏടാണ്.

നാടകത്തോടുള്ള കമ്പംമൂത്ത് 1962 ലാണ് അടൂര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമ പഠിക്കാന്‍ പോകുന്നത്. 1972 ല്‍ പുറത്തിറങ്ങിയ സ്വയംവരമാണ് അടൂരിന്റെ ആദ്യ സിനിമ. പിന്നീടങ്ങോട്ട് മലയാളത്തില്‍ സമാന്തര സിനിമകള്‍ സൃഷ്ടിക്കാനുള്ള ഊര്‍ജ്ജവും ആത്മവിശ്വാസവും വരുംതലമുറയിലേക്ക് പകര്‍ന്നു നല്‍കിയത് അടൂരാണ്.

1978 ല്‍ കൊടിയേറ്റം റിലീസ് ചെയ്തു. ഭരത് ഗോപിയെന്ന അതുല്യ നടന്റെ അഭിനയ ജീവിതത്തിലെ സുപ്രധാന നാഴികകല്ലായിരുന്നു കൊടിയേറ്റം. ഗോപിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും കൊടിയേറ്റത്തിന് ലഭിച്ചു. മികച്ച സംവിധായകന്‍, മികച്ച മലയാള സിനിമ, മികച്ച നടന്‍, മികച്ച കഥ, മികച്ച കലാസംവിധാനം എന്നിവയ്ക്കുള്ള സംസ്ഥാന അവാര്‍ഡുകളെല്ലാം കൊടിയേറ്റം വാരിക്കൂട്ടി.

മമ്മൂട്ടിയിലെ നടനെ വെല്ലുവിളിക്കുന്ന കരുത്തുറ്റ കഥാപാത്രങ്ങള്‍ തൊണ്ണൂറിന് മുന്‍പ് തന്നെ ജനിച്ചത് അടൂരിലൂടെയാണ്. 1989 ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതകഥ സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ അടൂരിന്റെ ആദ്യ ചോയ്‌സ് മമ്മൂട്ടിയായിരുന്നു. 1987 ല്‍ പുറത്തിറങ്ങിയ അനന്തരത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി അടൂര്‍ ചിത്രത്തിന്റെ ഭാഗമാകുന്നത്. അനന്തരത്തിലെ പക്വതയാര്‍ന്ന കഥാപാത്രത്തെ മമ്മൂട്ടി മികച്ച രീതിയില്‍ അവതരിപ്പിച്ചത് പിന്നീട് മതിലുകളിലേക്കുള്ള എന്‍ട്രി ടിക്കറ്റായി. ബഷീറിനെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയല്ലാതെ വേറൊരു ചോയ്‌സ് തനിക്കില്ലായിരുന്നു എന്നാണ് അടൂര്‍ പറഞ്ഞത്. മതിലുകളിലെ അഭിനയത്തിനു മമ്മൂട്ടി ദേശീയ അവാര്‍ഡ് കരസ്ഥമാക്കി.

തുടര്‍ച്ചയായി അടൂരിന്റെ മൂന്ന് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടനാണ് മമ്മൂട്ടി. അനന്തരത്തിനും മതിലുകള്‍ക്കും ശേഷം 'ഭാസ്‌കരപ്പട്ടേലരും എന്റെ ജീവിതവും' എന്ന സക്കറിയയുടെ നോവലിനെ ആസ്പദമാക്കി അടൂര്‍ 'വിധേയന്‍' ചെയ്യാന്‍ തീരുമാനിച്ച സമയം. നേരിട്ടു കാണുക പോലും ചെയ്യാത്ത നാരായണിയോടുള്ള പ്രണയപരവേശത്താല്‍ തുള്ളിച്ചാടുന്ന കാമുകനെ അവിസ്മരണീയമാക്കിയ അതേ മമ്മൂട്ടിയെ തന്നെ വിധേയനിലെ ക്രൂരനായ വില്ലനാക്കാനും അടൂര്‍ തീരുമാനിച്ചു. ബഷീറിനെ അവതരിപ്പിക്കാന്‍ യാതൊരു സങ്കോചവുമില്ലാതെ യെസ് പറഞ്ഞ മമ്മൂട്ടി ഇത്തവണ കൂടുതല്‍ ഉറപ്പോടെ അടൂരിന് വാക്കുകൊടുത്തു. മൂന്നാമത്തെ സിനിമയാകുമ്പോഴേക്കും ഇരുവരുടെയും സൗഹൃദം അത്രത്തോളം വളര്‍ന്നിരുന്നു.

എന്നാല്‍, മമ്മൂട്ടിയ്‌ക്കൊപ്പം തന്നെ മലയാള സിനിമയുടെ മറ്റൊരു നെടുംതൂണ്‍ ആയി വളര്‍ന്നുവന്ന മോഹന്‍ലാലിന് ഒരു അടൂര്‍ സിനിമയില്‍ പോലും അഭിനയിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. അടൂര്‍ സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം പലപ്പോഴും മോഹന്‍ലാല്‍ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിനു ചേരുന്ന കഥാപാത്രങ്ങളോ തിരക്കഥയോ അടൂരില്‍ നിന്ന് ഇതുവരെ പിറവിയെടുത്തിട്ടില്ല. വരും വര്‍ഷങ്ങളില്‍ എപ്പോഴെങ്കിലും അത് സാധ്യമാകുമെന്ന് തന്നെയാണ് മലയാള സിനിമാ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :