മമ്മൂട്ടിക്ക് മാത്രം 'വിട്ടുവീഴ്ച'; അടൂര്‍ സിനിമകളില്‍ അഭിനയിക്കാന്‍ ഇന്നും കൊതിക്കുന്ന മഹാനടന്‍

രേണുക വേണു| Last Modified ശനി, 3 ജൂലൈ 2021 (12:02 IST)

മലയാള സിനിമയില്‍ സമാന്തര സൃഷ്ടികള്‍ക്ക് ജന്മം നല്‍കിയ വിഖ്യാത സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അടൂരിന്റെ ജന്മദിനമാണിന്ന്. മെഗാസ്റ്റാര്‍ മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ അടൂരിന് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. മമ്മൂട്ടിയും അടൂരും തമ്മില്‍ വളരെ ഹൃദ്യമായ സൗഹൃദമുണ്ട്. അടൂര്‍ സിനിമകളില്‍ അഭിനയിക്കാന്‍ ഇന്നും കൊതിക്കുന്ന നടനാണ് മമ്മൂട്ടി. മമ്മൂട്ടിയെ നായകനാക്കി അടൂര്‍ സംവിധാനം ചെയ്ത വിധേയനും മതിലുകളും മലയാളത്തിലെ ക്ലാസിക് സൃഷ്ടികളായി ഇന്നും നിലനില്‍ക്കുകയാണ്. മതിലുകള്‍ സിനിമയുടെ സമയത്ത് മമ്മൂട്ടിക്ക് മാത്രമായി ഒരു വിട്ടുവീഴ്ച നടത്തിയതിനെ കുറിച്ച് അടൂര്‍ ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

അഭിനേതാക്കള്‍ക്ക് തിരക്കഥ പൂര്‍ണമായി വായിക്കാന്‍ കൊടുക്കാത്ത ആളാണ് അടൂര്‍. എന്നാല്‍, മതിലുകള്‍ ചെയ്യുന്ന സമയത്ത് മമ്മൂട്ടിക്കായി ആ പതിവ് തെറ്റിക്കേണ്ടിവന്നു. തിരക്കഥ വായിക്കാന്‍ നല്‍കുമോ എന്ന് മമ്മൂട്ടി അടൂരിനോട് ചോദിച്ചിരുന്നു. ജീവിച്ചിരിക്കുന്ന ബഷീറിന്റെ കഥയാണ് മതിലുകളിലൂടെ അടൂര്‍ സിനിമയാക്കുന്നത്. ബഷീറിനെ അവതരിപ്പിക്കുന്നത് സാക്ഷാല്‍ മമ്മൂട്ടിയും. ജീവിച്ചിരിക്കുന്ന ആളെ അവതരിപ്പിക്കേണ്ടതിനാല്‍ മമ്മൂട്ടിക്ക് തിരക്കഥ വായിക്കാന്‍ നല്‍കാന്‍ അടൂര്‍ സമ്മതിച്ചു. മമ്മൂട്ടിയുടെ കാര്യത്തില്‍ ഒരു 'എക്‌സപ്ഷന്‍' എന്നു പറഞ്ഞാണ് അന്ന് തിരക്കഥ വായിക്കാന്‍ നല്‍കിയതെന്നും അടൂര്‍ പറയുന്നു.

തിരക്കഥ വായിച്ചു കഴിഞ്ഞപ്പോള്‍ മമ്മൂട്ടി വളരെ ത്രില്ലിലായി. ബഷീറായി അഭിനയിക്കാനുള്ള വലിയ താല്‍പര്യത്തിലായിരുന്നു അദ്ദേഹം. ഒരു സിനിമയുടെ തിരക്കഥ എങ്ങനെയായിരിക്കണമെന്ന് അറിയണമെങ്കില്‍ ഈ സ്‌ക്രിപ്റ്റ് വായിച്ചുനോക്കിയാല്‍ മതിയെന്ന് മമ്മൂട്ടി പല തിരക്കഥാകൃത്തുക്കളോടും പറയുകയും ചെയ്തു. മതിലുകളില്‍ അഭിനയിക്കാന്‍ മമ്മൂട്ടി അത്രയേറെ എക്സൈറ്റഡായിരുന്നു എന്നാണ് അടൂര്‍ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :