ഓൺലൈൻ തട്ടിപ്പിനിരയായി, മോർഫ് ചെയ്ത വീഡിയോകൾ അയച്ച് ഭീഷണിപ്പെടുത്തി: പൊട്ടിക്കരഞ്ഞ് നടി

അഭിറാം മനോഹർ| Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (15:01 IST)
ഓൺലൈൻ വായ്പ്പാ ആപ്പിൻ്റെ തട്ടിപ്പിനിരയായെന്ന് തുറന്ന് പറഞ്ഞ് തമിഴ്‌- തെലുങ്ക് ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടി ലക്ഷ്മി വാസുദേവൻ. ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്. പണം ആവശ്യപ്പെട്ട് കൊണ്ട് ഭീഷണിപ്പെടുത്തി, മോർഫ് ചെയ്ത ഫോട്ടോകളും വീഡിയോകളും മാതാപിതാക്കളടക്കമുള്ളവർക്ക് അയച്ചുവെന്നും നടി കരഞ്ഞുകൊണ്ട് വെളിപ്പെടുത്തി.

തനിക്ക് സംഭവിച്ചത് പോലെ മറ്റാർക്കും പറ്റരുത് എന്നതുകൊണ്ടാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ലക്ഷ്മിയുടെ വീഡിയോ ആരംഭിക്കുന്നത്.അഞ്ച്‌ ലക്ഷം രൂപ ലഭിക്കുമെന്നതായിരുന്നു ഫോണിൽ വന്ന മെസേജിന്റെ ചുരുക്കം. മെസേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഫോൺ ഹാക്കായി. ഇതെന്താണെന്ന് ആദ്യം മനസിലായില്ല.

മൂന്ന് നാല് ദിവസങ്ങൾക്ക് ശേഷമാണ് നിങ്ങൾ ലോണെടുത്തിട്ടുണ്ടെന്നും പണം അടയ്ക്കണമെന്നും പറഞ്ഞ് മെസേജ് വന്നത്. പിന്നെ പിന്നെ മോശമായ ഭാഷയിലുള്ള ഭീഷണികളും വോയിസ് മെസേജുകളും വന്നു തുടങ്ങി. തൻ്റെ വാട്ട്സാപ്പ് കോൺടാക്റ്റിലെ ചിലർക്ക് മോശമായ രീതിയിലുള്ള ചിത്രങ്ങളെല്ലാം പോയിട്ടുണ്ടെന്നും നടി വീഡിയോയിൽ പറയുന്നു. സംഭവത്തിൽ ഹൈദരാബാദ് സൈബർ സെല്ലിൽ പരാതി നൽകിയിരിക്കുകയാണ് താരം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :